ലയാളത്തിന്റെ സൂപ്പര്‍ നായികയാണ് ഉര്‍വ്വശി. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് ഉര്‍വ്വശി.
ഹിന്ദിയിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് താരം. ഈയ്യടുത്തിറങ്ങിയ ഉള്ളൊഴുക്കിലൂടെ ഒരിക്കല്‍ കൂടി തന്റെ പ്രതിഭ കൊണ്ട് ഉര്‍വ്വശി ഞെട്ടിക്കുകയുണ്ടായി. മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് സിനിമാ ലോകം ഉര്‍വ്വശിയെ കാണുന്നത്.
ഇപ്പോഴിതാ ഉര്‍വ്വശിയുടെ പാതയിലൂടെ മകള്‍ തേജാലക്ഷ്മിയും അഭിനയത്തിലേക്ക് കടന്നു വരികയാണ്. ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകളാണ് തേജാ ലക്ഷ്മി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വ്വശി തേജാലക്ഷ്മിയെക്കുറിച്ചും മകളുടെ സിനിമാ താല്‍പര്യത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
”ഇത്ര മുതിര്‍ന്നിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയാനോ കെല്‍പ്പില്ലാത്ത ആളാണ് ഞാന്‍. വളര്‍ന്ന രീതി അങ്ങനെയായതു കൊണ്ടാണ്. ഞങ്ങളുടേത് വലിയ കൂട്ടുകുടുംബമായിരുന്നു. രണ്ട് മമ്മൂമ്മമാരുടെ കാവലില്‍ ഞങ്ങള്‍ അഞ്ച് സഹോദരങ്ങളും ഒന്നിച്ച് ഉറങ്ങി ശീലിച്ചവരാണ്. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതില്‍ അടച്ച് കിടക്കാന്‍ അമ്മ സമ്മതിക്കില്ല” ഉര്‍വ്വശി പറയുന്നു.
പക്ഷെ ഇന്ന് അങ്ങനെയല്ല, അനുവാദം ചോദിക്കാതെ ഞാന്‍ മകളുടെ മുറിയില്‍ കടക്കാറില്ലെന്നാണ് താരം പറയുന്നത്. അവള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടക്കുമെന്നും താരം പറയുന്നു. ആദ്യമൊക്കെ എനിക്ക് ആശങ്കയായിരുന്നു. അവള്‍ ബാംഗ്ലൂരില്‍ പഠിക്കുമ്ബോഴും ജോലി ചെയ്യുമ്ബോഴും ഇടയ്ക്ക് ഞാന്‍ ചെന്ന് കാര്യങ്ങളെല്ലാം ഓക്കെയാണെന്ന് ഉറപ്പിക്കും. പിന്നപ്പിന്നെ അത്തരം ചിട്ടകളൊക്കെ ഒഴിവാക്കിയെന്നാണ് ഉര്‍വ്വശി പറയുന്നത്.
ഞാന്‍ വളര്‍ന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളര്‍ത്തേണ്ടതെന്ന് മനസിലാക്കി. അവര്‍ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ എന്നാണ് ഉര്‍വ്വശിയുടെ ഇപ്പോഴത്തെ കാഴ്ചപ്പാട്. മോള് പഠിച്ച് നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തില്‍ സിനിമയുണ്ടാകുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ക്രൈസ്റ്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നുവെന്നും താരം പറയുന്നു.
നടിയുടെ മകള്‍ എന്ന ലേബലിലല്ല അവള്‍ വളര്‍ന്നത്. ആ പ്രായത്തിലുള്ള എല്ലാ കുട്ടികളേയും പോലെ പഠനം, ജോലി അങ്ങനെയുള്ള ക്രമങ്ങളില്‍ തന്നെയായിരുന്നു ജീവിതം. ഒരു ഘട്ടമെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും അവളോട് ചോദിച്ചു തുടങ്ങി, എന്തിനാണ് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്ന്. അങ്ങനെയാണ് മോള്‍ സിനിമയെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. ഇപ്പോഴവള്‍ സീരിയസായി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യുമെന്നും ഉര്‍വ്വശി പറയുന്നുണ്ട്.