മലയാളസാഹിത്യത്തില്‍ മുഴുകുക, എഴുത്തുകാരനാവുക അതുമാത്രമായിരുന്നു എന്നെ സംബന്ധിച്ച് കൗമാരകാലാരംഭം മുതല്‍ ലക്ഷ്യവും സ്വപ്നവും.
ഡല്‍ഹിയിലെ മലയാളി എഴുത്തുകാർ വിവരിക്കുന്ന ഇതിഹാസ സമാനമായ സാഹിത്യ വിശേഷങ്ങള്‍, കല്‍ക്കത്തയിലെ ബംഗാളി സാഹിത്യം, കല അതിലൊക്കെ സ്വാധീനിക്കപ്പെട്ട് ആഭ്യന്തരപ്രവാസം ആയിരുന്നു സ്വപ്നം. ഡല്‍ഹി അല്ലെങ്കില്‍ കല്‍ക്കത്തയില്‍ ദീർഘകാലം താമസിക്കണം. ജോലി ചെയ്യണം. അവിടെയിരുന്ന് എഴുതണം. കല്‍ക്കത്തയിലെ ശാന്തിനികേതൻ പഠനത്തിനായി തിരഞ്ഞെടുത്തതും അതുകൊണ്ടുതന്നെ. അവിടെനിന്ന് ഡല്‍ഹിയിലെ ജെഎൻയുവില്‍ പഠിക്കണം എന്നായിരുന്നു പ്ലാൻ B. അത് നടന്നില്ല; ഒരിക്കലും മറ്റൊരു രാജ്യത്ത് പോകണമെന്നോ പ്രവാസ ജീവിതം നയിക്കണമെന്നോ ആശിച്ചിട്ടില്ല. പക്ഷേ കല്‍ക്കത്തയിലെ ശാന്തിനികേതനില്‍ ഒരുമിച്ച് പഠിച്ച ജപ്പാൻ സ്വദേശിനിയായ കുമിക്കോ തനാക്ക ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കടന്നു വരണമെങ്കില്‍ ജപ്പാനിലേക്ക് പോയേ മതിയാകു എന്ന് വന്നു. അങ്ങനെയാണ് 2016 വരെ തനി ലോക്കല്‍ മലയാളിയായി, മലയാളസാഹിത്യത്തില്‍ കാലുറപ്പിച്ച് വരികയായിരുന്ന ഞാൻ ജപ്പാനിലേക്ക് വന്നത്. പഠിച്ചെടുക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടായ ഭാഷ. 2000 മുതല്‍ 5000 വരെയുള്ള കാഞ്ചി എന്ന ചിത്രലിപികള്‍ ഉപയോഗിച്ചാണ് എഴുത്ത്. ഓരോ ചിത്രലിപികള്‍ക്കും വ്യത്യസ്തമായ അർത്ഥങ്ങളും ഉച്ചാരണങ്ങളും ഉണ്ടാകും. അതു കൂടാതെ നമ്മുടെ സ്വരവ്യഞ്ജനങ്ങള്‍ക്ക് സമാനമായ ഹിരഗാന എന്ന മറ്റൊരു ലിപിയും ഇംഗ്ലീഷ് വാക്കുകള്‍ എഴുതാൻ കത്തകാന എന്ന പേരില്‍ മറ്റൊരു ലിപി സഞ്ചയവും കൂടി ഉണ്ട്. ഒരു വാക്യം എഴുതുമ്ബോള്‍ കാഞ്ചി, ഹിരഗാന, കത്തകാന എന്നീ മൂന്ന് ലിപികളും സംയോജിപ്പിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതികഠിനമാണ് ജപ്പാനീസ് ഭാഷ പഠിച്ചെടുക്കല്‍. മുഴുവൻ സമയവും ഉപയോഗിച്ച് നന്നായി അധ്വാനിക്കണം. മലയാളത്തിനോടുള്ള സ്നേഹവും മലയാളസാഹിത്യത്തോടുള്ള സ്വത്വസംക്രമണവും നിമിത്തം ഞാൻ അതിനു മുതിർന്നിട്ടേയില്ല. കിട്ടുന്ന കുറച്ച് സമയം മലയാള പുസ്തകങ്ങളും വാരികകളില്‍ വരുന്ന കഥകളും മറ്റും വായിക്കാനേ തികയൂ. എഴുത്തു പോലും തീരെ കുറവാണ്. അങ്ങേയറ്റം ജീവിത-തൊഴില്‍-സംഘർഷങ്ങളാണ് തത്ഫലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. but still i love മലയാളം only.
ജപ്പാൻ ലോകരാജ്യങ്ങള്‍ക്കിടയില്‍ അത്ഭുതം നിറഞ്ഞ രാജ്യമാണ്. ഓരോരുത്തരുടെയും പെരുമാറ്റം മുതല്‍ ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയിലുള്ള മികവും തികവും അടക്കം എന്തുകാര്യങ്ങളിലും തികഞ്ഞ വ്യത്യസ്തതയും മികവും ഫലപ്രാപ്തിയും കാണാനാകും. കഠിനാധ്വാനത്തിനും ജോലികളില്‍ 100% മുഴുകുന്നതിലും കടുകിട വ്യത്യാസപ്പെടാതെ ചിട്ടയായി ഓരോന്ന് ചെയ്ത് 100% ഫലം നേടിയെടുക്കുന്നതിലും ആണ് ഇവിടെയുള്ള മനുഷ്യർ പ്രഥമപ്രാധാന്യം നല്‍കുക. വ്യക്തിജീവിതവും കുടുംബവും ഒക്കെ രണ്ടാമത് ആണ്. ഓരോ ചെറിയ കാര്യങ്ങളിലും നമുക്ക് അത്ഭുതം തോന്നും. രണ്ടു വയസ്സ് മുതല്‍ തന്നെ കുഞ്ഞുങ്ങളെ നിയമങ്ങള്‍ അനുസരിക്കാനും വിനയവും പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രകൃതി സ്നേഹവും സഹജീവി സ്നേഹവും ശീലിപ്പിച്ച് എടുക്കുന്നു. സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള പരിശീലനവും പതിയെ നല്‍കുന്നു.
അങ്ങേയറ്റം വിനയവും സ്നേഹവുമാണ് കുട്ടികളോട്. ഇങ്ങനെ വളരുന്ന കുട്ടികള്‍ മുതിർന്ന തലമുറകളായി മാറുമ്ബോള്‍ പൊതു സമൂഹത്തിനും രാജ്യത്തിനും സ്വാഭാവികമായി ഉണ്ടാകുന്ന മികവും മുന്നേറ്റവുമാണ് അടിസ്ഥാനപരമായി ജപ്പാനില്‍ നമുക്ക് കാണാനാവുക. അഴിമതിയോ അടിപിടികളോ കൊലപാതകങ്ങളോ വിരളം. പോലീസുകാർ യാതൊരു ജോലിയുമില്ലാതെ പട്രോളിങ്ങ് മാത്രം ചെയ്തു സമയം ചെലവഴിക്കുന്നത് കാണുമ്ബോള്‍ തന്നെ സമൂഹത്തിന്റെ വെളിച്ചം നമുക്ക് കിട്ടും. 100 ശതമാനം സ്ത്രീ സുരക്ഷ അതിശയോക്തിയില്ലാതെ പറയാനാകും. ഏത് യാമത്തിനും സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കാണാം. ആരും അവരോട് മോശമായ ഒരു വാക്ക് പറയുകയോ അതിക്രമത്തിന് മുതിരുകയോ ചെയ്യില്ല. ഒളിമ്ബിക്സ് കഴിയുമ്ബോള്‍ ജപ്പാനികള്‍ സ്റ്റേഡിയം വൃത്തിയാക്കുന്ന കഥകള്‍ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ. പരിസര ശുചീകരണകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കോടിക്കണക്കിന് മനുഷ്യർ തിങ്ങിക്കൂടി ജീവിക്കുന്ന മഹാനഗരത്തില്‍ ഒരു കുപ്പി പോലും ആരും വലിച്ചെറിയില്ല. നദികളില്‍ ആരും ഇറങ്ങുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെ മുങ്ങിമരണങ്ങളും കേള്‍ക്കാനില്ല
നമ്മുടെ സംസ്കാരത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രകൃതി ആരാധനകളും ബുദ്ധമത തത്വങ്ങളും മൂല്യങ്ങളും ആണ് ജപ്പാൻ സംസ്കാരത്തിന്റെ അടിസ്ഥാനം. നമ്മുടെ കൊച്ചു മലയാളവും ഭാരതവുമായി ഒരുതരത്തിലും താരതമ്യം ചെയ്യാനേ കഴിയാത്തത്ര ഉയരത്തിലാണ് ജപ്പാൻ ഇന്ന് ഉള്ളതെങ്കിലും, കേരളവും ഭാരതവും ഒന്നുണർന്ന് പരിശ്രമിച്ചാല്‍ ഇവരെക്കാള്‍ എത്രയോ മുകളിലെത്തി ലോകാത്ഭുതം ആകേണ്ടതായിരുന്നു എന്നത് വിഷമം തോന്നിക്കും. വർഗീയതയും പരസ്പര വിദ്വേഷവും പോലും നമ്മുടെ നാടിന്റെ പുരോഗതിക്ക് വൻവിഘാതമാണ്. ഇവ രണ്ടും പൊടി പോലും കണ്ടുപിടിക്കാൻ ആകാത്തത് വികസിത രാജ്യങ്ങളെ അങ്ങനെയാക്കാൻ സഹായിച്ച പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. അതിനുള്ള ഒന്നാമത്തെ തെളിവാണ് ജപ്പാൻ. മതങ്ങളില്‍ നിന്ന് മൂല്യങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളൂ. മതം, ദൈവം, ചടങ്ങുകള്‍ ഒന്നും ഒരാളുടെയും വ്യക്തിജീവിതത്തില്‍ കൈകടത്താതെ ഇടപെടാതെ ഇരിക്കാൻ സമൂഹം ശ്രദ്ധിക്കുന്നു. നമ്മളില്‍ നിന്നും ഉള്‍ക്കൊണ്ട ബുദ്ധിസത്തില്‍ നിന്നും ഇവർ പ്രാവർത്തികമാക്കിയെടുത്ത ഇത്തരം കാര്യങ്ങള്‍ നമുക്കും പകർത്താൻ ആയെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. എന്തൊരു വൈരുദ്ധ്യം!
ലോകരാജ്യങ്ങള്‍ എല്ലാം ജപ്പാനോടുള്ള, സംസ്കാരത്തോടും സാങ്കേതികതയോടും ഉള്ള അത്ഭുതത്തോടെ ഇങ്ങോട്ടേക്ക് ഒഴുകിവരുന്ന കാഴ്ച നേരിട്ട് കാണുന്നതാണ്. രണ്ടുവർഷം ഒരു ഭാഷാ സ്കൂളില്‍ പഠിച്ചതിന്റെയും, വിവിധങ്ങളായ തൊഴിലിടങ്ങളില്‍ പല പല രാജ്യക്കാരോടൊപ്പം ജോലി ചെയ്തതിന്റെയും അനുഭവത്തില്‍ നിന്ന് അവർക്കെല്ലാം ജപ്പാനോടുള്ള ആദരവും ഭ്രാന്തും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ എന്റെ ഫ്രഞ്ച് സുഹൃത്ത് പറഞ്ഞു പാരീസില്‍ തെരുവില്‍ അവരുടെ തൊട്ടുമുന്നില്‍ തിരക്കില്‍ ഒരാള്‍ മറ്റൊരാളുടെ ബാഗ് തുറന്നു മോഷ്ടിക്കുന്നത് കണ്ടു. അത് നിത്യ സംഭവമാണ് അവിടെ. എന്നാല്‍ ജപ്പാനില്‍ നിരത്തില്‍ ഒരു പേഴ്സ് വീണാലോ ആരുടെയെങ്കിലും ബാഗ് എവിടെയെങ്കിലും മറന്നു വയ്ക്കപ്പെട്ടത് കണ്ടാലോ ഒരാളും അത് മോഷ്ടിക്കാനോ സ്വന്തമാക്കാനോ ശ്രമിക്കുന്നില്ല. ഫ്രഞ്ച് സുഹൃത്ത് തുടർന്ന് കൂട്ടിച്ചേർത്തു: ഫോറിനേഴ്സ് ആണ് പാരിസില്‍ പിക്ക് പോക്കറ്റ് ചെയ്യുന്നത്. ഒരു നടുക്കം തോന്നി ഉള്ളില്‍. (ഇവിടെ ഉള്ളവർക്കും വിദേശികളോട് ഒരു പരദേശി ഫോബിയ ഉള്ളതായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ഏഷ്യൻ ആഫ്രിക്കൻ വംശജരോട്. ഗൈഗോക്കുജിൻ എന്ന് പറയും വിദേശികളെ. എന്നാല്‍ പ്രത്യക്ഷത്തില്‍ യാതൊരുവിധ വിവേചനങ്ങളോ ഒരു വാക്കു കൊണ്ടു പോലും എന്തെങ്കിലും മോശമായി സംസാരിക്കലോ ഉണ്ടാകാറില്ല. അതേസമയം അമേരിക്കൻ യൂറോപ്യൻ മനുഷ്യരോട് അമിതമായ ആരാധനയും വിധേയത്വവും ജപ്പാനികള്‍ക്ക് ഉണ്ട്) അമേരിക്കൻ, ഇറ്റാലിയൻ, സ്പാനിഷ് സഹതൊഴിലുകാർ പലപ്പോഴും അവരുടെ നാടുകളില്‍, തെരുവില്‍ ഇടിപിടിയും ആക്രമവും ആക്രോശങ്ങളും കത്തിക്കുത്തും കൈക്കൂലി നല്‍കലും അഴിമതികളും മാലിന്യം വലിച്ചെറിയലും പോലീസുകാരുടെ കടുത്ത അനാസ്ഥകള്‍ ഉള്ളതും ജപ്പാനില്‍ അതൊന്നും ഇല്ലാത്തതിലും വളരെ അത്ഭുതം പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. വൃത്തിയായ പരിസരങ്ങള്‍, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താത്ത ശാന്തരായ മനുഷ്യർ, തികഞ്ഞ സാങ്കേതികത്തികവ്, ഓരോ വ്യക്തികള്‍ക്കും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കല്‍. കൂടാതെ അനിമേഷൻ, സെൻ ബുദ്ധിസം, ടീ സെറിമണി തുടങ്ങി മാങ്ക വരെയുള്ള കള്‍ച്ചറല്‍ കമ്മോഡിറ്റികളുടെ മനോഹരമായ ടൂറിസ്റ്റ് വിപണനം, ഇതൊക്കെ തന്നെയാണ് സകല ലോകരാജ്യങ്ങളും ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ജപ്പാനെ തിരഞ്ഞെടുക്കുന്നതിന് കാരണം.
വയോജനങ്ങള്‍ക്ക് ധാരാളം തൊഴിലവസരങ്ങളും സമൂഹത്തില്‍ അവരുടെ സേവനവും സാന്നിധ്യവും ഉറപ്പാക്കലും മറ്റൊരു സവിശേഷതയായി തോന്നിയിട്ടുണ്ട്. ഭക്ഷണകാര്യങ്ങളിലെ പ്രത്യേകതകള്‍ കൊണ്ട് ദീർഘായുസ്സുള്ളവരാണ് കഴിഞ്ഞ തലമുറ ജപ്പാനികള്‍. നൂറു വയസ്സുള്ള അമ്മൂമ്മയും ചുറുചുറുക്കോടെ ജോലികള്‍ ചെയ്യുന്നത് അത്ഭുതത്തോടെയേ കാണാനാകു. റിട്ടയർമെന്റ് കഴിഞ്ഞ് വെറുതെയിരിക്കുകയോ എന്ത് ചെയ്യുമെന്ന് ആശങ്കപ്പെടുകയോ ചെയ്യുന്ന നമ്മള്‍ മലയാളികള്‍ ഇക്കിഗായ് എന്ന പുസ്തകം വായിച്ച് ഇതേപ്പറ്റി നല്ല അറിവുണ്ടായിരിക്കും. കേരളവുമായി താരതമ്യപ്പെടുത്താൻ സാധിക്കുന്ന ഒരു സംഗതി മഹാനഗരങ്ങളിലേക്കുള്ള യുവ തലമുറയുടെ ഒഴുക്കാണ്. തിരുവല്ലയില്‍ ഒക്കെ വിദേശത്തേക്ക് കുടിയേറിയവരുടെ ആളൊഴിഞ്ഞ വീടുകള്‍ കൂടി വരുന്ന വാർത്തകള്‍ നിരന്തരം വരുന്നുണ്ട്. സമാനമായി ഇവിടെ കാണാനാകുന്ന ഒരു കാഴ്ച കേരളത്തിനോട് സമാനമായ പ്രകൃതി ഭംഗിയുള്ള കാർഷിക ഗ്രാമങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നതോടെ യുവതലമുറ ടോക്യോ പോലെയുള്ള മഹാനഗരങ്ങളിലേക്കോ യൂറോപ്പിലേക്കോ കൂട്ടമായി ചേക്കേറുന്നതാണ്. പല ജപ്പാനീസ് ഗ്രാമങ്ങളിലും കുട്ടികളും വൃദ്ധരുമാണ് കൂടുതല്‍. അതൊരു പ്രശ്നം തന്നെയാണ്. ജനന നിരക്കില്‍ ഉള്ള കുറവ് കാരണം ഭാവിയില്‍ തൊഴിലിടങ്ങളില്‍ തദ്ദേശീയരുടെ വൻ ഇടിച്ചില്‍ ഉണ്ടാകും എന്ന ഭീഷണി നേരിടുക കൂടി ചെയ്യുന്നുണ്ട് ജപ്പാൻ. അത് മുന്നില്‍ കണ്ടുകൊണ്ട് ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ളവർ ധാരാളമായി ജപ്പാനിലേക്ക് കുടിയേറ്റം നടത്തുന്നുമുണ്ട്. മലയാളികളുടെ ഇങ്ങോട്ടേക്കുള്ള കുടിയേറ്റം വളരെ കുറവാണ്.
നമ്മുടെ ഏഷ്യൻ രാജ്യങ്ങളില്‍ ഒന്നായ ജപ്പാനില്‍ നിന്നുള്ള പോസിറ്റീവായ ചില കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊണ്ട് പ്രവർത്തികമാക്കിയാല്‍ തന്നെ നമ്മള്‍ കേരളീയർ ലോക ഭൂപടത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് അല്‍ഭുതാവഹമായ സ്ഥാനം നേടും എന്ന് ഉറപ്പാണ്. കേരളത്തെയും മലയാളത്തെയും അനുനിമിഷം നെഞ്ചേറ്റുന്ന ഒരു ചെറിയ എഴുത്തുകാരനായിരിക്കുക എന്നത് മാത്രമാണ് ആകെയുള്ള ഊർജ്ജം ലക്ഷ്യം സന്തോഷം ജീവിതമെല്ലാം.