മലയാളികള്‍ കൂട്ടത്തോടെ വിദേശത്ത്; വീടുകളില്‍ ആളില്ലാതാകുന്നു; ഉള്ളവരാകട്ടെ പ്രായമായവര്‍, തെക്കന്‍ ജില്ലകളിലെ കുടിയേറ്റം സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍

Spread the love

ത്തനംതിട്ട ജില്ലയില്‍, ആലസ്യമാണ്ടു കിടക്കുന്ന കുമ്ബനാട് നഗരത്തില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ അലങ്കരിച്ച ഒരു ഇരുനിലവീട്.

മാസങ്ങള്‍ കഴിഞ്ഞിട്ടും ആ നക്ഷത്രങ്ങള്‍ ആരാലും തൊടാതെ അങ്ങനെത്തന്നെ. ആ മതില്‍ക്കെട്ടിനുള്ളില്‍ താമസിക്കുന്നത് വൃദ്ധദമ്ബതികളായ 97 വയസ്സുള്ള വര്‍ഗീസ് സി.എയും 90 വയസ്സുള്ള അച്ചാമ്മയുമാണ്. വോക്കിംഗ് സ്റ്റിക്കിനെ ആശ്രയിച്ചാണ് വര്‍ഗീസ്സിന്റെ നടത്തം. ചുവടുകള്‍ ഏറെ പതുക്കെയും ശ്രദ്ധിച്ചും. പഴയ പരിക്കുമൂലം അച്ചാമ്മ അല്പം കുനിഞ്ഞാണ് ഭര്‍ത്താവിനു പിറകില്‍ നീങ്ങുന്നത്. ഇപ്പോള്‍ പൊടിയും ഓര്‍മ്മകളും മൂടിയ ആ വീടിന്റെ മുറികളില്‍ ചിരിയും സംസാരവും നിറഞ്ഞ പഴയ നാളുകള്‍ക്കായി ആ ദമ്ബതികള്‍ കൊതിക്കുന്നതുപോലെ.

”നാലുമക്കളുണ്ട് എനിക്ക്. അവര്‍ മസ്‌കറ്റിലും കുവൈറ്റിലും മുംബൈയിലുമാണ്. ഇടയ്‌ക്കൊക്കെ വരും. ഞങ്ങള്‍ രണ്ടാള്‍ മാത്രമായി ഇവിടെയിങ്ങനെ കഴിയുന്നത് പരിചയമായി. എന്നാലും അവര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലോ എന്ന് ഇടയ്ക്കിടയ്ക്ക് തോന്നും. അവര്‍ വിളിക്കുമ്ബോള്‍ ഇങ്ങോട്ടുവരാനും ഞങ്ങളുടെകൂടെ താമസിക്കാനും ഇടയ്‌ക്കൊക്കെ പറയാറുണ്ട്. ഞങ്ങളെപ്പോലെത്തന്നെയായിരിക്കും അവര്‍ക്കും തോന്നുന്നുണ്ടാകുക എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ജന്മനാടിനോടുള്ള മാനസികമായ അടുപ്പംകൊണ്ട് ഇവിടം വിട്ടുപോകാന്‍ എന്തായാലും വയ്യ. അവരുടെ ജീവിതമൊക്കെ അവിടെയായതുകൊണ്ട് അതു വിട്ടുകളയാന്‍ അവര്‍ക്കും വയ്യ…” -വര്‍ഗീസ് പറയുന്നു.

ഇത് കുമ്ബനാട്ടിലെ മാത്രം ഒറ്റപ്പെട്ട ഒരു സംഭവമല്ല. കോയിപ്പുറം പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 25,000-ത്തോളം ആളുകള്‍ താമസിക്കുന്ന ഈ പട്ടണത്തില്‍ നിരവധി വിശാലമായ മാളികകളുണ്ട്. ഈ രമ്യഹര്‍മ്യങ്ങളില്‍ പലതിലും താമസക്കാരായുള്ളവര്‍ വിദേശത്തേക്ക് കുടിയേറിയ മക്കളുടെ പ്രായമുള്ള മാതാപിതാക്കളാണ്. മിക്കപ്പോഴും ഒറ്റയ്ക്കായിരിക്കും അവര്‍ ഈ വീടുകളില്‍. കാശുകൊടുത്തു നിര്‍ത്തിയ നഴ്സുമാര്‍ അവരെ ശുശ്രൂഷിക്കാനുണ്ടാകും. വിദേശത്തേക്ക് കുടിയേറിയ അവരുടെ മക്കളൊക്കെ നല്ല ശമ്ബളവും വാങ്ങുന്നുണ്ടാകും.

95-കാരനായ കെ.എം. സാമുവലിന്റെ വീട്ടില്‍, അദ്ദേഹത്തിന്റെ അഞ്ച് മക്കളുടേയും ഫ്രെയിം ചെയ്ത ഫോട്ടോകള്‍ ഷോക്കേസിനുള്ളില്‍ ഭംഗിയായി നിരത്തിവെച്ചിരിക്കുന്നു. പ്രായമായ ദമ്ബതികള്‍ക്ക് ഇപ്പോള്‍ ഒരു പരിചാരകന്റെ സഹായമുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യം കുറച്ചുകാലമായി വഷളായിക്കൊണ്ടിരിക്കുന്നുവെന്നാണ് പറയുന്നത്. ആരെങ്കിലും മക്കളെക്കുറിച്ച്‌ സാമുവലിനോടു ചോദിച്ചാല്‍ അപ്പോഴെല്ലാം ”അവരൊന്നും വരാറില്ലെ”ന്നാണ് സാമുവല്‍ പറയാറുള്ളത്.

‘അപ്പറഞ്ഞത് ശരിയല്ല. എല്ലാവരും അന്നും ഇന്നും അപ്പച്ചനെ സന്ദര്‍ശിക്കാറുണ്ട്. വീട്ടില്‍ സി.സി.ടി.വി ക്യാമറ വെച്ചിട്ടുണ്ട്. അതുവഴി അദ്ദേഹം അവരുടെ നിരീക്ഷണത്തിലാണ്. കുറച്ചുദിവസം സാമുവല്‍ യു.എസില്‍ മക്കളോടൊപ്പം ഉണ്ടായിട്ടുണ്ട്; ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നാല് വര്‍ഷം മുന്‍പ് തിരിച്ചെത്തുകയായിരുന്നു.” കഷ്ടി മലയാളത്തില്‍ കെയര്‍ടേക്കര്‍ പറഞ്ഞൊപ്പിക്കുന്നു.

കൊട്ടാരസദൃശമായ വീടുകളില്‍ പ്രായമായവര്‍ ഒറ്റപ്പെട്ടു ജീവിക്കുന്നതാണ് ഈ പ്രദേശത്തെ ഒരു പ്രധാന പ്രശ്‌നമെങ്കില്‍, പൂട്ടിക്കിടക്കുന്ന വീടുകളാണ് മറ്റൊരു അസാധാരണ കാഴ്ച. പൂട്ടിക്കിടക്കുന്ന ഈ വീടുകളുടെ ഉടമസ്ഥര്‍ വേറെയെവിടെയെങ്കിലും മാറിത്താമസിക്കുകയായിരിക്കും. അല്ലെങ്കില്‍ വിദേശത്ത് മക്കളോടൊപ്പം കഴിയുകയായിരിക്കും.

”കോയിപ്പുറം പഞ്ചായത്തില്‍, പ്രത്യേകിച്ച്‌ കുമ്ബനാട്, പുല്ലാട് മേഖലകളില്‍, എല്ലാ വീട്ടിലും ഒരാളെങ്കിലും വിദേശത്തേയ്ക്ക് കുടിയേറിപ്പാര്‍ത്തവരാണ്. എല്ലാ വീടുകളും മുഴുവന്‍ സമയവും ഒഴിഞ്ഞുകിടക്കുന്നുമില്ല. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അവര്‍ ഈ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്” പഞ്ചായത്ത് പ്രസിഡന്റ് സുജാത പി. പറയുന്നു.

ഉടമസ്ഥര്‍ അവരവരുടെ വീടുകളില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തും മുന്‍പ് അതിനുള്ള തയ്യാറെടുപ്പ് എന്ന നിലയില്‍ ഈ വീടുകളൊക്കെ വൃത്തിയാക്കും. പുതിയതായി പെയിന്റടിക്കും. ഒരു ‘കൊച്ച്‌ ആഘോഷം’ എന്നാണ് എപ്പോഴും ആളനക്കമില്ലാതെ കിടക്കുന്ന ഈ അയല്‍പ്പക്കങ്ങളിലെ ഉണര്‍വിനെ നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്.

കുമ്ബനാട്ടുകാരനായ തോമസ് ചാക്കോയും കുടുംബവും കഴിഞ്ഞ 40 വര്‍ഷമായി ദുബായിലാണ്. വര്‍ഷത്തിലൊരിക്കലോ അടിയന്തര സാഹചര്യങ്ങളിലോ അദ്ദേഹവും കുടുംബവും കുമ്ബനാട്ടുള്ള വീട്ടിലെത്തുന്നു. കേരളത്തില്‍ ഒരു വീട് പണിയുക എന്നത് എക്കാലവും തന്റെ ഒരു സ്വപ്നമായിരുന്നെന്ന് അദ്ദേഹം പറയുന്നു. ”ഞങ്ങള്‍ യു.എ.ഇയിലാണ് താമസിക്കുന്നതെങ്കിലും ജോലിയില്‍നിന്നും വിരമിച്ചുകഴിഞ്ഞാല്‍ നാട്ടിലേക്കു മടങ്ങാനാണ് ആഗ്രഹം. പോരാത്തതിന്, ഗള്‍ഫ് രാജ്യങ്ങള്‍ പൗരത്വം നല്‍കുന്നുമില്ല” -തോമസ് ചാക്കോ പറയുന്നു. അദ്ദേഹത്തിന്റെ സഹോദരങ്ങളുടെ പുല്ലാടുള്ള വീടും താമസക്കാരില്ലാത്ത അവസ്ഥയിലാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് സ്വത്തു പരിപാലനം.

‘ഭാര്‍ഗവീനിലയം’ അല്ലെങ്കില്‍ ‘പ്രേതഭവനങ്ങള്‍’ എന്നൊക്കെ വിളിക്കപ്പെടുന്ന ഇത്തരം വീടുകളാണ് ഈ ഭൂവിഭാഗത്തിന്റെ വലിയൊരു സവിശേഷത. ഇത്തരമൊരു പ്രതിഭാസത്തിന്റെ പ്രധാന ഘടകം കുടിയേറ്റമാണ്. 2018-ലെ എസ്. ഇരുദയ രാജനും കെ.സി. സക്കറിയയും ചേര്‍ന്നു നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വേയില്‍ ”കേരളത്തിലെ അഞ്ച് വീടുകളില്‍ ഒരാള്‍ കുടിയേറ്റക്കാരനാണ്” എന്നു വെളിപ്പെടുത്തിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇതൊരു പുതിയ കാര്യമല്ല. 1950-കളില്‍ത്തന്നെ വിദേശത്തേക്കുള്ള കുടിയേറ്റം എന്ന പ്രതിഭാസം സജീവമാണ്. നഴ്സിംഗ്, എന്‍ജിനീയറിംഗ്, ആരോഗ്യരംഗം എന്നീ മേഖലകളില്‍ ജോലി തേടി മലയാളികള്‍ ജി.സി.സി രാജ്യങ്ങളിലേക്കും മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും പോയിട്ടുണ്ട്. വിദേശത്തേക്ക് കുടിയേറുന്ന പ്രവണത കാലക്രമേണ വര്‍ദ്ധിച്ചു. വാസ്തവത്തില്‍, വിദേശത്തേക്ക് കുടിയേറുന്ന കേരളീയര്‍ 1998-ല്‍ 1.4 ദശലക്ഷത്തില്‍ നിന്ന് 2003-ല്‍ 1.8 ദശലക്ഷമായും 2008-ല്‍ 2.2 ദശലക്ഷമായും ഉയര്‍ന്നു. 2013-ല്‍ 2.4 ദശലക്ഷം പ്രവാസികളുമായി അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കൂടാതെ, മൈഗ്രേഷനില്‍നിന്നുള്ള മൊത്തം പണമയയ്ക്കല്‍ 2018-ലെ 85,092 കോടി രൂപയില്‍നിന്ന് 2023-ല്‍ 2,16,893 കോടി രൂപയിലെത്തി. ഇത് 154.9 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. *(KMS 2023-ല്‍നിന്നുള്ള ഡാറ്റ).

വിദേശത്തുനിന്നുള്ള പണംവരവ് വര്‍ദ്ധിച്ചതോടെ കഴിഞ്ഞ 20 വര്‍ഷമായി കേരളത്തില്‍ ഭവന നിര്‍മ്മാണരംഗത്ത് വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. 2001 മുതല്‍ 2011 വരെ, സംസ്ഥാനത്തെ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ എണ്ണം ഏകദേശം 20 ശതമാനം വര്‍ദ്ധിച്ചു, മൊത്തം 11.2 ദശലക്ഷത്തിലെത്തി. കേരളീയര്‍ മികച്ച ഭാവി കണ്ടെത്തുന്നതിനായി വിദേശത്തേക്ക് കടക്കുമ്ബോള്‍, സംസ്ഥാനത്ത് ഈ വീടുകളില്‍ ഭൂരിഭാഗവും പലപ്പോഴും ശൂന്യമായി കിടക്കുകയാണ്. മലയാളികളുടെ ആഗോളമായ അഭിലാഷങ്ങളുടെ നിശ്ശബ്ദ സാക്ഷ്യമായി അവ നിലകൊള്ളുന്നു.

2011-ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 11,89,144 വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതില്‍ 5,85,998 വീടുകള്‍ ഗ്രാമപ്രദേശങ്ങളിലും 6,03,146 വീടുകള്‍ നഗരപ്രദേശങ്ങളിലുമാണ്.

ഇന്ന് നിങ്ങള്‍ കേരളത്തിലെ ഏതു സ്ഥലത്തേക്കു പോയാലും മാസങ്ങളോളം പൂട്ടിക്കിടക്കുന്ന വീടുകള്‍ കാണാം, ഒരുകാലം കഴിഞ്ഞാല്‍ അവ ആരുടേതാണെന്നുപോലും ആര്‍ക്കുമറിയാന്‍ കഴിയുകയില്ല. ആദ്യ തലമുറയിലെ പല പ്രവാസികളും വിശേഷിച്ച്‌ ഗള്‍ഫിലേക്ക് കുടിയേറിയവര്‍, ജോലിയില്‍നിന്നു വിരമിക്കുന്നത് മുന്‍കൂട്ടിക്കണ്ട് കഷ്ടപ്പെട്ട് സമ്ബാദിച്ച പണം ഉപയോഗിച്ച്‌ നിര്‍മ്മിച്ച വീടുകളാണ്. താന്താങ്ങളുടെ കുട്ടികള്‍ പിന്നീട് ഈ വീടും പരിസരവുമൊക്കെ ഉപയോഗിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ വീടുകളുണ്ടാക്കിയത്. കുട്ടികളാകട്ടെ, വിദേശങ്ങളില്‍ താമസിക്കാനാണ് താല്പര്യപ്പെടുന്നത്. അങ്ങനെ മാതാപിതാക്കളുടെ കാലശേഷം ഈ വീടുകള്‍ ‘മൃതനിക്ഷേപമായി’ മാറുകയാണെന്ന് ഐ.ഐ.എം.എ.ഡി ചെയര്‍പേഴ്‌സണ്‍ ഇരുദയ രാജന്‍ പറയുന്നു.

ഇരുദയ രാജന്റെ അഭിപ്രായത്തില്‍, ആദ്യ തലമുറ വിദേശമലയാളികള്‍ക്ക് വീടുകള്‍ പദവിയുടേയും സമ്ബന്നതയുടേയും പ്രതീകങ്ങളായിരുന്നു. ”സാമൂഹിക പദവിക്കുവേണ്ടിയുള്ള ആഗ്രഹത്താല്‍ അവര്‍ ആവശ്യത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു. സാമൂഹിക പദവിക്കുവേണ്ടിയുള്ള വ്യഗ്രത ഉണ്ടായി എന്നല്ലാതെ അതുകൊണ്ട് ആരും നാട്ടില്‍ പിന്നീട് സ്ഥിരതാമസമാക്കിയതുമില്ല. ചിലരെ അവരുടെ മക്കള്‍ ‘ബേബി സിറ്റര്‍മാരായി’ വിദേശത്തേക്ക് കൊണ്ടുപോയപ്പോള്‍ മറ്റുള്ളവര്‍ അവരുടെ കുട്ടികളുമായി വിദേശത്തേക്കുതന്നെ താമസം മാറ്റി. തല്‍ഫലമായി, വീടുകള്‍ ശൂന്യമായി. അവശേഷിക്കുന്നവരാകട്ടെ, അവരുടെ മക്കളുടെ സി.സി.ടി.വി മുഖാന്തിരമുള്ള നിരീക്ഷണത്തിന്‍ കീഴില്‍ വീടുകളില്‍ ഒറ്റയ്ക്ക് കഴിയുന്നു” ഇരുദയ രാജന്‍ പറയുന്നു.

2023-ലെ മൈഗ്രേഷന്‍ സര്‍വേ പ്രകാരം കേരളത്തില്‍നിന്ന് 2.2 ദശലക്ഷം പേര്‍ വിദേശത്തേക്കു പോയി എന്നു കണക്കാക്കുന്നു. പഠനത്തെ മുന്‍നിര്‍ത്തി വിദേശത്തേക്കു പോകുന്നവരുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടത്തിന്റെ ഭാഗമായിട്ടാണ് ഇത്. വിദ്യാര്‍ത്ഥി കുടിയേറ്റക്കാരുടെ എണ്ണം 2018-ല്‍ 1,29,763-ല്‍ നിന്ന് 2023-ല്‍ ഏകദേശം 2,50,000 ആയി. ഏകദേശം ഇരട്ടിയോളം വര്‍ദ്ധന. കുടിയേറ്റരാജ്യങ്ങള്‍ സംബന്ധിച്ച മുന്‍ഗണനകളിലും മാറ്റമുണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ യു.എസ്, യു.കെ, കാനഡ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ ജി.സി.സി ഇതര രാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്. കിര്‍ഗിസ്ഥാന്‍, സ്ലോവേനിയ, സ്ലൊവാക്യ എന്നിവപോലും ഈ പട്ടികയില്‍ വരുന്നു.

”15-നും 24-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കിടയിലാണ് കുടിയേറ്റത്തിനുള്ള സാധ്യത കൂടുതല്‍. ഈ പ്രായപരിധിയില്‍പ്പെട്ട പലര്‍ക്കും അവിടങ്ങളില്‍ സ്ഥിരതാമസമോ പൗരത്വമോ ലഭിക്കുന്നുണ്ട്. അതിനാല്‍ അവര്‍ കേരളത്തിലേക്ക് മടങ്ങാനുള്ള സാദ്ധ്യതയും വളരെ കുറവാണ്. ഇതോടെ കേരളത്തില്‍ കൂടുതല്‍ വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നവയായി മാറും. മുന്‍കാലങ്ങളില്‍ വിദേശത്ത് ജോലി തേടിപ്പോയവരില്‍നിന്നും വ്യത്യസ്തമായി പുതുതലമുറ എന്‍.ആര്‍.ഐകള്‍ ജന്മനാട്ടില്‍ ഒരു വീട് പണിയാന്‍ താല്പര്യപ്പെടുന്നവരല്ല. പകരം ഇവിടെയുള്ള സ്വത്ത് വില്‍ക്കാനും വിദേശത്തുതന്നെ വീട് വെയ്ക്കാനുമാണ് അവര്‍ ഇഷ്ടപ്പെടുന്നത്” -ഇരുദയ രാജന്‍ പറയുന്നു.

ഐല്‍ ഓഫ് മാന്‍ ഉള്‍പ്പെടെ 54 രാജ്യങ്ങളിലേക്ക് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പോയതായിട്ടാണ് നോര്‍ക്ക റൂട്ട്സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

റിപ്പോര്‍ട്ടുകളനുസരിച്ച്‌ കേരളത്തില്‍ സയന്‍സ് ബിരുദ കോഴ്സുകളില്‍ 4,000 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കൂടാതെ, 2022-ല്‍ കേരള ശാസ്ത്രസാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജുകളില്‍ ഏകദേശം 23,000 ബിടെക് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

”വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമല്ല പ്രശ്‌നം. പല വിദ്യാര്‍ത്ഥികളും വിദേശ വിദ്യാഭ്യാസത്തെ ജോലിക്കും സ്ഥിരതാമസത്തിനുമുള്ള വഴിയായിട്ടാണ് പ്രയോജനപ്പെടുത്തുന്നത്. ആറ് മാസമോ ഒരു വര്‍ഷമോ ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സുകളാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നവരില്‍ 80 ശതമാനമെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. പലപ്പോഴും താങ്ങാനാകുന്ന വിദ്യാഭ്യാസച്ചെലവേ വരുന്നുമുള്ളൂ” എന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കൊളശ്ശേരി പറയുന്നു.

വൃദ്ധസദനങ്ങളുടെ വര്‍ദ്ധനയാണ് ഒഴിഞ്ഞവീടുകള്‍ എന്ന അവസ്ഥാവിശേഷവുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു ഘടകം. പ്രവാസികളുടെ പ്രായമായ രക്ഷിതാക്കള്‍ക്ക് മക്കളയച്ചു കൊടുക്കുന്ന പണംകൊണ്ടു നിര്‍മ്മിച്ച വലിയ ഭവനങ്ങളില്‍ താമസിക്കാന്‍ പലപ്പോഴും കഴിയാറില്ല.

”ആരോഗ്യവും സന്നദ്ധതയുമുണ്ടെങ്കില്‍ മാതാപിതാക്കള്‍ ഇവിടെ വന്നേക്കും. എന്നിരുന്നാലും പണമടച്ചുള്ള പരിചരണകേന്ദ്രങ്ങളില്‍ ചെന്നവസാനിക്കുന്നവര്‍ സാധാരണയായി കിടപ്പിലായവരോ രോഗികളോ ആയിരിക്കും” എന്ന് എ.എം.എം ഓള്‍ഡ് ഏജ് ഹോം സ്റ്റാഫ് അംഗം ജിജി മാത്യു പറയുന്നു.

നഷ്ടമാകുന്ന മനുഷ്യവിഭവശേഷി

കുടിയേറ്റത്തിലുള്ള വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ മനുഷ്യവിഭവശേഷിയുടെ ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കയും കേരളം നേരിടുന്നുണ്ട്. ഇവിടുത്തെ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല, വിദേശത്ത് വൈദഗ്ദ്ധ്യം നേടിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ മലയാളി വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും പ്രൊഫ. എസ്. ഇരുദയ രാജന്‍ എടുത്തു പറയുന്നുണ്ട്. മസ്തിഷ്‌ക നേട്ടം (Brain gain) ഗണ്യമായ രീതിയില്‍ കൈവരിക്കുന്നതിന് ഈ നടപടികള്‍ അനിവാര്യമാണ്.

എന്നാല്‍, അത്തരത്തിലൊരു ഗുരുതര മാനവവിഭവശേഷി ക്ഷാമത്തിലേക്ക് സംസ്ഥാനം ഇതുവരേയും എത്തിയിട്ടില്ലെന്നാണ് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കൊളശ്ശേരി വാദിക്കുന്നത്. ജനസംഖ്യയുടെ 10 ശതമാനമോ അതില്‍ താഴെയോ മാത്രമേ വിദേശത്തേക്ക് കുടിയേറുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

”മലയാളികള്‍ക്ക് മാത്രമായി ഉള്ള സവിശേഷതയല്ല കുടിയേറ്റം. ദക്ഷിണേന്ത്യയിലുടനീളമുള്ള വിശാലമായ പ്രവണതയാണിത്. ഉദാഹരണത്തിന്, നോര്‍ദിക് രാജ്യങ്ങളില്‍ മലയാളികളെക്കാള്‍ തമിഴ് ജനസംഖ്യ ഉണ്ട്. യു.എസില്‍ തെലുങ്ക് സംസാരിക്കുന്നവരുടെ ജനസംഖ്യ കുതിച്ചുയരുകയാണ്” -അദ്ദേഹം പറയുന്നു. ജി.സി.സി രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷന്‍ 2018-ല്‍ 89.2 ശതമാനത്തില്‍നിന്ന് 2023-ല്‍ 80.5 ശതമാനമായി കുറഞ്ഞെങ്കിലും കേരളത്തില്‍നിന്നുള്ള കുടിയേറ്റക്കാരുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി യു.എ.ഇ തന്നെ തുടരുന്നു. പലരും ഇപ്പോഴും ജി.സി.സി രാജ്യങ്ങള്‍ തന്നെയാണ് ഇഷ്ടപ്പെടുന്നത്. ഏകദേശം 20 ശതമാനം കുടിയേറ്റക്കാരാണ് വിദേശ പൗരത്വം തേടുന്നത്, പ്രത്യേകിച്ച്‌ മദ്ധ്യതിരുവിതാംകൂറില്‍നിന്ന് -അജിത് പറയുന്നു. മറുവശത്ത്, കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ അവര്‍ക്ക് ഉല്പാദനക്ഷമത പ്രകടമാക്കാന്‍ കഴിയുന്ന വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിലേക്ക് മടങ്ങാനാണ് തയ്യാറെടുക്കുന്നത്. ഒഴിഞ്ഞ വീടുകള്‍ ചൂണ്ടിക്കാട്ടുന്ന നാട്ടുകാരന്‍

ബാഹ്യഘടകങ്ങള്‍ നിമിത്തമുള്ള കുടിയേറ്റം

കോട്ടയത്തുനിന്ന് 58 കിലോമീറ്റര്‍ അകലെ, സമൃദ്ധമായ കുന്നുകള്‍ക്ക് നടുവിലാണ് കൂട്ടിക്കല്‍ എന്ന മനോഹരമായ ഗ്രാമം. അവിടേയ്ക്കുള്ള യാത്ര ദീര്‍ഘമെങ്കിലും പ്രകൃതിരമണീയതയും വളഞ്ഞു പുളഞ്ഞ റോഡുകളും കുന്നുകളും വെള്ളച്ചാട്ടങ്ങളും ഈ യാത്രയെ അവിസ്മരണീയമാക്കുന്നു. 2021 ഒക്ടോബര്‍ 16-നു കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ഉരുള്‍പൊട്ടലില്‍നിന്നു ഗ്രാമം ഇപ്പോള്‍ പതുക്കെ കരകയറി വരികയാണ്. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റി (കെ.എസ്.ഡി.എം.എ) കോട്ടയം ജില്ലയിലുണ്ടായ 23 ഉരുള്‍പൊട്ടലുകളില്‍ കൂട്ടിക്കല്‍, എടക്കുന്നം, മുണ്ടക്കയം, എരുമേലി നോര്‍ത്ത്, കോരുത്തോട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 13 ജീവനുകള്‍ പൊലിഞ്ഞു. 300 വീടുകള്‍ തകര്‍ന്നു. 100 കടകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

കൂട്ടിക്കലിലെ പ്ലാപ്പള്ളി ഗ്രാമത്തില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ടൗണില്‍ പരിഭ്രാന്തി പരന്നു. നാട്ടുകാര്‍ക്ക് ഓടിപ്പോകാന്‍ ഇടകിട്ടും മുന്‍പ് പുല്ലക്കയാര്‍ പുഴയില്‍നിന്നും ചെളിയും മാലിന്യവും കുത്തിയൊലിച്ചുവെന്ന വെള്ളപ്പൊക്കത്തില്‍ വീടുകളും ഉപജീവനമാര്‍ഗങ്ങളും ഒഴുകിപ്പോയി. കൂട്ടിക്കലിലും സമീപ പ്രദേശങ്ങളായ പ്ലാപ്പള്ളി, മ്ലാക്കര, എലങ്കാട് ടോപ്പ്, ചാത്തന്‍പ്ലാപ്പള്ളി എന്നിവിടങ്ങളിലുമുള്ള നിരവധി നിവാസികളാണ് അന്ന് യെന്തയാര്‍, തേന്‍പുഴ തുടങ്ങിയ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയത്.

കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്, ഈ മേഖലയിലെ രണ്ട് കുടിയേറ്റ പാറ്റേണുകള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നു- കാലാനുസൃതവും സ്ഥിരവും. കാലാനുസൃതമായ കുടിയേറ്റം മഴക്കാലങ്ങളിലോ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ സന്ദര്‍ഭത്തിലോ ആണ് സംഭവിക്കുന്നത്. അതേസമയം, സ്ഥിരമായ കുടിയേറ്റം ദുരന്ത ഭീഷണികള്‍ മൂലമാണ് സംഭവിക്കുന്നത്. ”കൂട്ടിക്കല്‍ പഞ്ചായത്തില്‍ മാത്രം 120-ഓളം കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്” -അദ്ദേഹം പറയുന്നു.

ഇടുക്കി ജില്ലയില്‍ മുക്കുളവും കൊക്കയാറും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ താമസക്കാര്‍ സുരക്ഷിതമായ താഴ്ന്ന പ്രദേശങ്ങള്‍ക്കായി സ്വത്തുക്കള്‍ ഒഴിയുകയാണ്. മുക്കുളത്ത് നിന്ന് എലങ്കാട്ടേക്ക് താമസം മാറിയ രമ്യ സിനില്‍ ഇപ്പോള്‍ തേന്‍പുഴയില്‍ പുതിയ സ്ഥലം കാത്ത് മഴ പെയ്താല്‍ ചോരുന്ന വാടകവീട്ടില്‍ കഴിയുകയാണ്. ”ഞങ്ങളുടെ വസ്തുവകകളും കൃഷിയിടങ്ങളും ഒഴിഞ്ഞുകിടക്കുന്നു. അറ്റകുറ്റപ്പണികള്‍ക്കായി ഇടയ്ക്കിടെ അവിടേക്കു പോകും. ഉരുള്‍പൊട്ടല്‍ ഭയം നിമിത്തം കഴിവുള്ള ആളുകള്‍ ഇതിനകം തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്” -അവര്‍ പറയുന്നു.

മുക്കുളത്ത് ഷീജ ഹംസയും മക്കളും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടല്‍ ഭീഷണിയും കാരണം ഉപേക്ഷിക്കേണ്ടിവന്ന വീട് വൃത്തിയാക്കുകയായിരുന്നു. ”ഞങ്ങളുടെ സ്വപ്നഭവനമായിരുന്നു ഇത്. എന്നാല്‍, 2021-ലെ ദുരന്തം അതിനെ വാസയോഗ്യമല്ലാതാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് താമസം മാറ്റേണ്ടിയും വന്നു” -അവര്‍ പറയുന്നു. ഈ വീടിന്റെ പണി പൂര്‍ത്തിയാകാതെയാണ് അവര്‍ ഈ വീട്ടിലേക്കു മാറിയിട്ടുണ്ടായിരുന്നത്. കടക്കെണിയിലുമായിരുന്നു. പിന്നീട് പൂര്‍ത്തിയാക്കാമെന്ന പദ്ധതിയുമായിട്ടാണ് അവര്‍ ഈ ഒറ്റനില വീട്ടിലേക്ക് മാറിയത്. ആഷിഖ്, ആദില്‍, അസ്‌ലം എന്നീ മൂന്ന് മക്കളോടൊപ്പം അവര്‍ ഇപ്പോള്‍ കോട്ടയം ജില്ലയിലെ തേന്‍പുഴയിലേക്ക് താമസം മാറിയിരിക്കുകയാണ്.

കൊക്കയാര്‍ പഞ്ചായത്തില്‍ മുക്കുളം, വടക്കേമല, മേലോരം, നാരകക്കാനം തുടങ്ങിയ പ്രദേശങ്ങള്‍ കുടിയേറ്റത്തിനു പേരുകേട്ടവയാണ്. ഈ പ്രദേശങ്ങളില്‍നിന്നു 40 കുടുംബങ്ങളെങ്കിലും കോട്ടയം, കാഞ്ഞിരപ്പള്ളി, പാറത്തോട്, പാലാ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് താമസം മാറ്റിയതായി കൊക്കയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക് പറയുന്നു.

”ഈ പ്രദേശത്തുകാരില്‍ ഭൂരിഭാഗവും റബ്ബര്‍ ടാപ്പിംഗിനേയും എസ്റ്റേറ്റ് ജോലിയേയും ആണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത്. കുടിയേറിയ ചിലര്‍ മറ്റു പ്രദേശങ്ങളില്‍ സമാനമായ ജോലി കണ്ടെത്തി. മറ്റുള്ളവര്‍ ജോലി തേടി കര്‍ണാടകയിലേക്കും മറ്റും പോകുന്നു” -അവര്‍ പറയുന്നു.

മേലോരം സ്വദേശി ടിജോ സെബാസ്റ്റ്യന്‍ മൂന്നു വര്‍ഷം മുന്‍പാണ് മുണ്ടക്കയത്ത് മണ്ണിടിച്ചില്‍ ഭയന്ന് താമസം മാറ്റിയത്. ”എനിക്ക് ഒരു വീടും രണ്ടേക്കര്‍ സ്ഥലവും ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ ഒരു വാടകവീട്ടിലാണ് താമസം. എന്റെ കുടുംബത്തിന്റെ സുരക്ഷയെ ഞാന്‍ അപകടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ പഴയ അയല്‍പക്കത്ത്, എട്ട് കുടുംബങ്ങളില്‍ ആറു കുടുംബങ്ങള്‍ ഇതിനകം മാറിക്കഴിഞ്ഞു” -അദ്ദേഹം പറയുന്നു. ബാഹ്യഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഈ പ്രദേശങ്ങളിലെ കുടിയേറ്റം താരതമ്യേന പുതിയതാണ്. ഫലപ്രദമായ പ്രവര്‍ത്തനങ്ങളുടെ അഭാവം അതാത് പ്രദേശങ്ങളിലെ വിശാലമായ ജനസംഖ്യയുടെ സ്ഥാനചലനത്തിലേക്ക് നയിച്ചേക്കാമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (എന്‍.സി.ഇ.എസ്.എസ്) മുന്‍ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി മുന്നറിയിപ്പു നല്‍കുന്നു. കൂടുതല്‍ സൂക്ഷ്മമായ മണ്ണിടിച്ചില്‍ സാധ്യതാ ഭൂപടം അവതരിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.

കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റിയുടെ മണ്ണിടിച്ചില്‍ സാധ്യതാ ഭൂപടം ഒരു പൊതു അവലോകനം നല്‍കുന്നുണ്ട്. പക്ഷേ, ഇത് പര്യാപ്തമല്ല. സമഗ്രമായ ഫീല്‍ഡ് പരിശോധനകളിലൂടെ സൃഷ്ടിക്കപ്പെടുന്ന കൂടുതല്‍ വിശദമായ ഭൂപടത്തിന് ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ കഴിയും. പഠനം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാന്‍ മാത്രമല്ല, അത് സഹായിക്കുകയും ചെയ്യും. അവശിഷ്ടങ്ങളും വെള്ളവും എത്രത്തോളം ഒഴുകും, സമീപ പ്രദേശങ്ങളെ എങ്ങനെ ഇത് ബാധിക്കും എന്നൊക്കെ വിശകലനം ചെയ്യാനും സഹായിക്കും. ഇത് സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ മേഖലകളെ അടയാളപ്പെടുത്താനും ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് നയിക്കാനും സഹായകമാകും. ഇത്തരത്തില്‍ വിശദാംശങ്ങള്‍ ലഭ്യമായാല്‍ 80 ശതമാനത്തോളം കൃത്യത കൈവരിക്കാനാകും” -അദ്ദേഹം പറയുന്നു.

ഇത്തരമൊരു പഠനത്തിനുള്ള നിര്‍ദ്ദേശം മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരേയും നടന്നിട്ടില്ലെന്ന് ജോണ്‍ ചൂണ്ടിക്കാട്ടുന്നു. ”അത്തരത്തിലൊരു പഠനം നടത്തിയാല്‍, ‘സുരക്ഷിതമല്ലാത്ത പ്രദേശങ്ങളില്‍’ എന്നു തിരിച്ചറിഞ്ഞ ഇടങ്ങളിലെ ഭൂമി വിലയില്‍ കുറവുണ്ടാകും. ഇത് അവിടങ്ങളിലെ താമസക്കാര്‍ക്ക് സാമൂഹിക-സാമ്ബത്തിക വെല്ലുവിളികള്‍ക്ക് കാരണമാകും. അതുകൊണ്ടായിരിക്കാം രാഷ്ട്രീയ സംവിധാനം ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കാത്തത്.”

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി എന്‍.സി.ഇ.എസ്.എസ് ശാസ്ത്രജ്ഞന്‍ കെ.കെ. രാമചന്ദ്രന്‍ പറയുന്നു. ”ഈ പ്രദേശങ്ങളില്‍ അവശേഷിക്കുന്ന ഒഴിഞ്ഞ വീടുകള്‍ ഉരുള്‍പൊട്ടല്‍ സമയത്ത് അവശിഷ്ടങ്ങളുടെ ഭാഗമായി മാറുകയും ആഘാതം കൂടുതല്‍ വഷളാക്കുകയും ചെയ്യും. അപകടസാധ്യത ലഘൂകരിക്കുന്നതിന്, പുതിയവ നിര്‍മ്മിക്കുമ്ബോള്‍ ഈ വീടുകളില്‍നിന്നുള്ള വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കുന്നതാണ് നല്ലത്” -അദ്ദേഹം പറയുന്നു.

ഇടുക്കിയിലെ മറ്റിടങ്ങളിലും കേരളത്തിലെ വനാതിര്‍ത്തികളിലുമുള്ള വന്യമൃഗശല്യം നിരവധി ആളുകളെ വീടും വയലുകളും ഉപേക്ഷിച്ച്‌ പട്ടണങ്ങളില്‍ അഭയം തേടാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. കാഞ്ഞിരവേലി പ്രദേശത്തെ ആനശല്യം പലര്‍ക്കും താല്‍ക്കാലികമായെങ്കിലും മാറിത്താമസിക്കാന്‍ പ്രേരണയായിട്ടുണ്ട്.

”ആനശല്യം കാരണം ഈ പ്രദേശങ്ങളിലേക്കുള്ള രാത്രിയാത്ര ദുഷ്‌കരമാണ്. 480-ഓളം കുടുംബങ്ങളുണ്ട് ഇവിടെ. ഏകദേശം 40 കുടുംബങ്ങള്‍ കോതമംഗലം, നെല്ലിമറ്റം, നേര്യമംഗലം എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടാകണം. എന്നാല്‍, പലര്‍ക്കും ഇതു പ്രായോഗികമല്ല, കാരണം അവര്‍ക്ക് അവരുടെ കൃഷിയിടങ്ങള്‍ പരിപാലിക്കേണ്ടതുണ്ട്” -കാഞ്ഞിരവേലി നിവാസിയായ ഷീജ ബിനോയ് പറയുന്നു.

മാങ്കുളത്തും വന്യമൃഗശല്യം ജനങ്ങളെ വലയ്ക്കുന്നുണ്ട്. പാമ്ബുംകയം, ആനകുളം തുടങ്ങിയ പ്രദേശങ്ങള്‍ ഏറെക്കുറെ വിജനമാണെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോസ് പറയുന്നു. ”ആന, കാട്ടുപോത്ത്, പന്നികള്‍, കുരങ്ങുകള്‍ എന്നിവ ജനവാസകേന്ദ്രങ്ങളില്‍ അതിക്രമിച്ച്‌ കയറുന്നു. ഉപജീവനത്തിന് ആശ്രയിച്ചുപോരുന്ന കൃഷിയിടങ്ങള്‍ അവ നശിപ്പിക്കുകയാണ്” എന്നും -അദ്ദേഹം പറയുന്നു.

വിളവെടുപ്പ് സമയത്ത്, ആനകള്‍ അവ തിന്നുന്നതിനായി കാട്ടില്‍നിന്ന് ഇറങ്ങുന്നത് പതിവാണ്. ”ഇവിടെയുള്ള ആളുകള്‍ ഈ ഭീഷണികളെ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ദ്ധ്യം ഉള്ളവരാണ്.

എന്നിരുന്നാലും, വര്‍ഷങ്ങളായി കാട്ടാനകളുടെ ആക്രമണത്തില്‍ വിളവ് നഷ്ടപ്പെടുന്നത് തുടരുന്നതിനാല്‍, പലരും കൃഷി ഉപേക്ഷിച്ചു. അവരുടെ സ്വത്തുക്കള്‍ എഴുതിത്തള്ളുന്നതിനോ അല്ലെങ്കില്‍ ഉടന്‍ വരാനിരിക്കുന്ന ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ക്ക് വില്‍ക്കുന്നതിനോ അവര്‍ ആലോചിക്കുകയാണ്” -അദ്ദേഹം പറയുന്നു. വില്‍ക്കാനുണ്ടെന്ന് ബോര്‍ഡ് വച്ച വീട്

കുട്ടനാട്ടിലെ പലായനങ്ങള്‍

2018-ലെ വെള്ളപ്പൊക്കത്തിനുശേഷം കുട്ടനാട്ടിലെ ജീവിതം വെല്ലുവിളി നിറഞ്ഞതായി മാറിയിരിക്കുന്നു. ആവര്‍ത്തിച്ചുള്ള വെള്ളപ്പൊക്കം, ഉപ്പുവെള്ളം കയറുന്നത്, നിരന്തരമായ വെള്ളക്കെട്ട് എന്നിവ നിരവധി താമസക്കാരെ അവരുടെ വീടുകള്‍ ഒഴിയാന്‍ നിര്‍ബ്ബന്ധിതരാക്കിയിട്ടുണ്ട്. പലപ്പോഴും അവരുടെ സ്വത്തുക്കള്‍ ഗണ്യമായി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയോ പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടു പോകാന്‍ നിര്‍ബ്ബന്ധിതരാകുകയോ ചെയ്യുന്നു.

”വെള്ളക്കെട്ട് കുട്ടനാടിനു പുത്തരിയല്ല. എന്നാല്‍, ഈ പ്രശ്‌നം കുട്ടനാടുകാര്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച്‌ താരതമ്യേന സുരക്ഷിതമായ ചങ്ങനാശ്ശേരി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് മാറേണ്ടിവരുന്ന രീതിയിലുള്ള വലിയ ബുദ്ധിമുട്ടുകള്‍ മുന്‍പൊന്നും ഉണ്ടാക്കിയിട്ടില്ല” -പുളിങ്കുന്ന് പഞ്ചായത്ത് സെക്രട്ടറി ആഷ്ലി നായര്‍ പറയുന്നു. കുട്ടനാട്ടിലെ വസ്തു വിറ്റ് ചങ്ങനാശ്ശേരിയിലേക്ക് അദ്ദേഹത്തിനു താമസം മാറ്റേണ്ടിവന്നു.

”ഇപ്പോള്‍ എനിക്കും കുടുംബത്തിനും വെള്ളപ്പൊക്കത്തെക്കുറിച്ചും ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവത്തെക്കുറിച്ചും വേവലാതിപ്പെടാതെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയും. കനത്ത മഴയെ തുടര്‍ന്നും ബണ്ട് പൊട്ടിയും എന്റെ വീട്ടില്‍ പലതവണ വെള്ളം കയറിയിട്ടുണ്ട്. മാറിത്താമസിക്കാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്തു. മറ്റുള്ളവര്‍ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ കെട്ടിടങ്ങള്‍ ഉയര്‍ത്തി. എന്നാല്‍, അതും ചെലവേറിയതാണ്. അതുകൊണ്ട് എന്റെ സ്വത്ത് വിറ്റ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. ചുരുങ്ങിയപക്ഷം, ഓരോ വെള്ളപ്പൊക്കത്തിനും ശേഷം ഞാന്‍ വീട് നന്നാക്കേണ്ടതില്ലല്ലോ” -അദ്ദേഹം പറയുന്നു.

വേമ്ബനാട് തണ്ണീര്‍ത്തടങ്ങളുടെ ഭാഗമായ കുട്ടനാട് തണ്ണീര്‍ത്തട സംവിധാനം, ഡെല്‍റ്റ ചതുപ്പുനിലങ്ങള്‍ നികത്തിയുള്ള, സമുദ്രനിരപ്പില്‍നിന്ന് ഒന്നു മുതല്‍ രണ്ട് മീറ്റര്‍ വരെ താഴെയുള്ള നെല്‍കൃഷിക്ക് പേരുകേട്ടതാണ്. കാലാവസ്ഥാ വ്യതിയാനവും 2018-ലെ വെള്ളപ്പൊക്കവും മൂലം എത്രപേര്‍ കുട്ടനാട് വിട്ടുപോകാന്‍ നിര്‍ബ്ബന്ധിതരായി എന്നതിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സമുദ്രനിരപ്പിനു താഴെയുള്ള കൃഷിയിടങ്ങള്‍ക്കായുള്ള ഇന്റര്‍നാഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ കെ.ജി. പത്മകുമാര്‍ പറയുന്നു.

”17 ശതമാനത്തോളം കുട്ടനാട് നിവാസികള്‍ ഇതിനകം ഈ പ്രദേശം വിട്ടുപോയിട്ടുണ്ടാകണം. മഴയുടെ രീതിയിലുള്ള മാറ്റങ്ങള്‍ കൃഷിയെ, വിശേഷിച്ചും നെല്‍കൃഷിയെ സാരമായി ബാധിക്കുന്നതിനാല്‍ ഇതില്‍ അതിശയമൊന്നുമില്ല. മലിനീകരണവും ഉയര്‍ന്ന ലവണാംശവും കാരണം കുടിവെള്ള പ്രശ്‌നവും വഷളാകുകയാണ്” എന്ന് അദ്ദേഹം പറയുന്നു.

വെള്ളപ്പൊക്കം പ്രാദേശിക സമ്ബദ്വ്യവസ്ഥയേയും സാമൂഹികഘടനയേയും ബാധിച്ചിട്ടുണ്ടെന്നും സാമൂഹികമായ സ്വീകാര്യതയെ കുറച്ചിട്ടുണ്ടെന്നും ആഷ്‌ലി ചൂണ്ടിക്കാട്ടുന്നു. കുട്ടനാട്ടുകാര്‍ക്ക് വിവാഹബന്ധങ്ങള്‍ കിട്ടുന്നത് കുറഞ്ഞുവരുന്നു. ഇടപാടുകള്‍ കുറഞ്ഞതിനാല്‍ പുതിയ ശാഖകള്‍ പ്രദേശത്ത് തുറക്കുന്നത് ബാങ്കുകള്‍ ഒഴിവാക്കിയെന്ന് അദ്ദേഹം പറയുന്നു. കൈനകരിയിലും പുളിങ്കുന്നിലെ 13, 14, 15, 16 വാര്‍ഡുകളിലും കാര്യമായ മാറ്റങ്ങള്‍ ദൃശ്യമാണ്.

വെള്ളപ്പൊക്കം വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന പ്രശ്‌നമായി മാറിയെന്ന് 16-ാം വാര്‍ഡ് അംഗം സനിത പറയുന്നു.

”2018-നും 2022-നുമിടയില്‍ മട വീഴുന്ന സംഭവങ്ങള്‍ പലതവണ ഉണ്ടായി. കയറിവന്ന വെള്ളം വളരെ പതുക്കെയാണ് പിന്‍വലിയുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ നല്‍കുന്ന നാലു ലക്ഷം രൂപ അപര്യാപ്തമാണ്. പാര്‍പ്പിട പ്രശ്‌നങ്ങള്‍ കാരണം നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ കടക്കെണിയിലാണ്. ഈ വാര്‍ഡിലെ 350-ഓളം കുടുംബങ്ങളില്‍ 180 എണ്ണം മാത്രമാണ് ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നത്.”

വികസനത്തിന്റെ പേരില്‍ പലതും അവഗണിക്കപ്പെട്ടുവെന്ന് പത്മകുമാര്‍ എടുത്തുപറയുന്നു. ”റോഡുകള്‍ക്കായി തോടുകള്‍ കയ്യേറി. അവ ഇപ്പോള്‍ സ്വതന്ത്രമായ ജലപ്രവാഹത്തിനു തടസ്സം സൃഷ്ടിക്കുകയാണ്. അശാസ്ത്രീയ കലുങ്കുകളും പാലങ്ങളും തോടുകള്‍ക്കിടയില്‍ തടസ്സമായി മാറിയിരിക്കുന്നു” -അദ്ദേഹം പറയുന്നു.

കൃഷി, താറാവു വളര്‍ത്തല്‍ തുടങ്ങിയ പ്രാഥമിക വരുമാന സ്രോതസ്സുകളെ കാലാവസ്ഥാമാറ്റവും പ്രളയവും സാരമായി ബാധിക്കുന്നുണ്ട്. ”കൈനകരിപോലെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശത്തുകാരില്‍ നിരവധി പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് ഞങ്ങളുടെ പഠനം കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്താല്‍ സാഹചര്യങ്ങള്‍ വഷളാകുന്നതോടെ, തൊഴില്‍ നഷ്ടവും വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കിട്ടുന്നത് കുറയുന്നതിലൂടെയും ഈ പ്രദേശത്തുകാര്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് നമ്മള്‍ കാണാനിടയുണ്ട്” -പത്മകുമാര്‍ പറഞ്ഞുനിര്‍ത്തി.

വിദ്യാഭ്യാസരംഗവും അവതാളത്തിലാണ്. പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത, മങ്കൊമ്ബ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു അദ്ധ്യാപിക പറഞ്ഞത് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലും ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടായി എന്നാണ്. ‘2018-ലെ വെള്ളപ്പൊക്കത്തിനു മുന്‍പുതന്നെ മറ്റു പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം എന്ന പ്രവണത ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് സ്ഥിതി കൂടുതല്‍ വഷളായി. ഞങ്ങളുടെ സ്‌കൂള്‍ ആലപ്പുഴയില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും കാര്‍ഷിക കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാറുണ്ടായിരുന്നു. ഇപ്പോള്‍, നിലവിലെ സാഹചര്യങ്ങള്‍ കാരണം ഞങ്ങള്‍ അധികം വിദ്യാര്‍ത്ഥികളൊന്നും വരുന്നത് കാണുന്നില്ല” -അവര്‍ പറയുന്നു.

വീട് നിക്ഷേപത്തിനുള്ള നല്ല ഒരു ഉപാധിയാണോ?

പല കേരളീയര്‍ക്കും സ്വര്‍ണ്ണവും ഭൂമിയുമാണ് പരമ്ബരാഗതമായി പ്രാഥമിക നിക്ഷേപ ഓപ്ഷനുകള്‍. ഭൂമിക്ക്, പ്രത്യേകിച്ച്‌ പ്രവാസികളായ കേരളീയരായ വയോജനങ്ങള്‍ ഒരുകാലത്ത് വളരെയധികം വിലമതിച്ചിരുന്നു. 2022-’23 ബജറ്റില്‍, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വസ്തുനികുതി നിരക്കില്‍ 25 ശതമാനം വര്‍ദ്ധനവ് നിര്‍ദ്ദേശിച്ചിരുന്നു. ഇത് 2023 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇത് നിക്ഷേപ ആവശ്യങ്ങള്‍ക്കായി ഫ്‌ലാറ്റുകള്‍ വാങ്ങാന്‍ സാധ്യതയുള്ളവരെ തടയുന്നുവെന്ന് വിദഗ്ദ്ധരെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു.

”കൊട്ടാരസദൃശമായ പല വീടുകളും വില്‍പ്പനയ്ക്കുണ്ട്. എന്നാല്‍, ആവശ്യക്കാരുടെ എണ്ണം കുറവാണ്. ഭവന നിര്‍മ്മാണ മേഖല മാന്ദ്യത്തെ നേരിടുന്നതാണ് കാരണം. മുഖ്യമായും നഗരങ്ങളിലെ ഫ്‌ലാറ്റുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍. വാടക വരുമാനം ഉറപ്പാക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ പ്രവാസികള്‍ ഫ്‌ലാറ്റുകളില്‍ നിക്ഷേപം നടത്തുന്നുള്ളൂ.” സാമ്ബത്തിക വിദഗ്ദ്ധയും സംസ്ഥാന സര്‍ക്കാരിന്റെ പൊതുചെലവ് അവലോകന സമിതിയുടെ മുന്‍ മേധാവിയുമായ റിട്ട. പ്രൊഫ. ഡോ. മേരി ജോര്‍ജ് പറയുന്നു.

തുടക്കത്തില്‍ 15 ലക്ഷം രൂപ വില പറഞ്ഞിരുന്ന, ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന വീടുകളുടെ ഉടമസ്ഥര്‍ ഇപ്പോള്‍ എട്ടോ പത്തോ ലക്ഷം രൂപയ്ക്ക് അവ വില്‍ക്കാന്‍ നോക്കുന്നതായി കുമ്ബനാട്ടിലെ ഒരു കെയര്‍ടേക്കര്‍ പറയുന്നു.

”ഭൂമിക്കും വസ്തുവകകള്‍ക്കും ആവശ്യക്കാര്‍ കുറവാണ്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ചില സാധാരണ വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ചിലര്‍ ആറുലക്ഷം രൂപയ്ക്കുവരെ വില്‍ക്കാന്‍ തയ്യാറാകുന്നു. പലപ്പോഴും യാതൊരു വിലപേശലും കൂടാതെ.” മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോ എ. സ്‌കറിയ പറയുന്നു. കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ കണക്കനുസരിച്ച്‌ വാസയോഗ്യമായ യൂണിറ്റുകളുടെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 904 യൂണിറ്റുകളില്‍ തിരുവനന്തപുരവും 721 യൂണിറ്റുമായി എറണാകുളവും 491 യൂണിറ്റുമായി കോഴിക്കോട് തൊട്ടുപിന്നാലെയുമാണ്. ”വിഴിഞ്ഞം തുറമുഖം, ലുലു മാള്‍ തുടങ്ങിയവ നിമിത്തം തിരുവനന്തപുരത്തോടുള്ള താല്പര്യം ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എറണാകുളത്ത്, തൊഴിലവസരങ്ങളും വാണിജ്യകേന്ദ്രമെന്ന പദവിയും ഭവന യൂണിറ്റുകള്‍ക്ക്, പ്രത്യേകിച്ച്‌ കാക്കനാട്, ഇടപ്പള്ളി-അമൃത ഹോസ്പിറ്റല്‍ സ്‌ട്രെച്ച്‌, വൈറ്റില തുടങ്ങിയ പ്രദേശങ്ങളില്‍ ആവശ്യക്കാരെ ഉണ്ടാക്കിയിട്ടുണ്ട്. അവിടെ ഫ്‌ലാറ്റുകള്‍ ഇവന്റുകള്‍ക്കും ആശുപത്രി സന്ദര്‍ശകര്‍ക്കും വേണ്ടി വാടകയ്ക്ക് നല്‍കിപ്പോരുന്നുണ്ട്” ക്രെഡായ് കേരള കണ്‍വീനര്‍ ജനറലും ക്രെഡായ് നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ പറയുന്നു. 2021-’22-ലെ സംസ്ഥാനത്തിന്റെ നിര്‍മ്മാണ മേഖലയെക്കുറിച്ചുള്ള സംസ്ഥാന സാമ്ബത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പില്‍നിന്നുള്ള കണക്കുകള്‍ കാണിക്കുന്നത് കേരളത്തില്‍ 3.95 ലക്ഷം പുതുതായി രജിസ്റ്റര്‍ ചെയ്ത കെട്ടിടങ്ങളുണ്ടെന്നാണ്. അവയില്‍ 2.90 ലക്ഷം റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ്. 53,774 പുതിയ നിര്‍മ്മാണങ്ങളുമായി മലപ്പുറം ജില്ലയാണ് മുന്നിട്ടുനിന്നത് എന്നാണ് റിപ്പോര്‍ട്ട്.

”ജില്ലയിലെ ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്കായിരിക്കണം ഭാഗികമായി ഇതിനു കാരണം. മലപ്പുറത്ത്, മറ്റു പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമായി, കുടിയേറ്റം പ്രധാനമായും ലക്ഷ്യമിടുന്നത് ജി.സി.സി രാജ്യങ്ങളെയാണ്. ഗള്‍ഫ് രാജ്യത്തേക്കുള്ള കുടിയേറ്റത്തിന്റെ ഒരു പ്രധാന നേട്ടം നാട്ടിലേക്ക് അയക്കുന്ന പണമാണ്. പ്രാദേശിക സമ്ബദ്വ്യവസ്ഥയെ അത് സാരമായി സ്വാധീനിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലേക്കോ യു.എസ്സിലേക്കോ അല്ലെങ്കില്‍ കാനഡപോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്നത്-പൊതുവേ മധ്യകേരളത്തില്‍നിന്നുള്ളത് -നല്ല വേതനം നേടിത്തരുന്നുണ്ട്. എന്നിരുന്നാലും ഈ രാജ്യങ്ങളിലെ ഉയര്‍ന്ന ജീവിതച്ചെലവ് കാരണം അവരുടെ വരുമാനം പ്രാദേശിക സമ്ബദ്വ്യവസ്ഥയില്‍ പ്രചരിക്കുന്നതിനു പകരം ആസ്തികളിലാണ് നിക്ഷേപിക്കപ്പെട്ടത്” -മേരി പറയുന്നു. കുമ്ബനാട്ടെ ആള്‍ത്താമസമില്ലാത്ത വീട്

കെട്ടിടനിര്‍മ്മാണവും പാരിസ്ഥിതിക ആഘാതവും

പുതിയ കെട്ടിടങ്ങള്‍ ഏറെ വേഗത്തില്‍ നിര്‍മ്മിക്കപ്പെടുകയും നിലവിലുള്ള വീടുകള്‍ ഒഴിഞ്ഞു കിടക്കുകയും ചെയ്യുമ്ബോള്‍ത്തന്നെ പ്രകൃതിവിഭവങ്ങളുടെ മേലുള്ള സമ്മര്‍ദ്ദവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (കെ.എസ്.എസ്.പി) മുന്‍ പ്രസിഡന്റും സാമ്ബത്തികശാസ്ത്ര പ്രൊഫസറുമായ ടി.പി. കുഞ്ഞിക്കണ്ണന്‍ പറയുന്നു. ആവശ്യത്തിലേറെ ഭവനങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്ബോള്‍ അവശ്യ പദ്ധതികള്‍ക്കുള്ള പ്രകൃതിവിഭവങ്ങളുടെ ലഭ്യത കുറയുകയാണ് ചെയ്യുന്നത്.

”ഇപ്പോള്‍, പ്രാദേശിക വിഭവങ്ങളിന്മേലുള്ള ഈ ആശ്രിതത്വവും കുടിയേറ്റ തൊഴിലാളികളുടെ ആധിപത്യവും കൂടി അര്‍ത്ഥമാക്കുന്നത് കാര്യമായ സാമ്ബത്തിക നേട്ടം കൊയ്യാതെ സംസ്ഥാനം അതിന്റെ വിഭവങ്ങള്‍ ഇല്ലാതാക്കുന്നു എന്നാണ്” -അദ്ദേഹം വിശദീകരിക്കുന്നു.

‘മിച്ച വീടും കേരള പരിസ്ഥിതിയും’ എന്ന തലക്കെട്ടിലുള്ള 2017-ലെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് റിപ്പോര്‍ട്ട് സംസ്ഥാനത്ത് അമിതമായ കെട്ടിട നിര്‍മ്മാണം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തിന് അടിവരയിടുന്നുണ്ട്. പാരിസ്ഥിതിക ആഘാതം വിശകലനം ചെയ്യുന്നതിനുള്ള അളവുമാത്രപരമായ ഡാറ്റയൊന്നും ലഭ്യമല്ലെന്ന് പരിഷത്ത് പരിസ്ഥിതി സബ്ജക്‌ട് കമ്മിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ ഹരിലാല്‍ വി. പറയുന്നു.

”നിര്‍മ്മാണ വ്യവസായം ഹരിതഗൃഹ വാതക ഉദ്വമനത്തിനു ഗണ്യമായ സംഭാവന നല്‍കുന്ന ഒന്നാണ്. ഇരുമ്ബ്, സിമന്റ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ഉല്പാദനവും ഗതാഗതവും വന്‍തോതിലുള്ള ഊര്‍ജ്ജവ്യയത്തിന് ഇടവരുത്തുന്നു. നിര്‍മ്മാണ പ്രക്രിയ തന്നെ പ്രാദേശിക ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നു. കോണ്‍ക്രീറ്റ് ഘടനകള്‍ താപ ദ്വീപു പ്രഭാവത്തിനു (Heat Island Effect) കാരണമാകുന്നു. പ്രത്യേക പ്രദേശങ്ങളിലെ താപനിലയില്‍ വര്‍ദ്ധനയ്ക്കു കാരണാകുന്നു” -അദ്ദേഹം പറയുന്നു.

”ഉദാഹരണത്തിന് കൊടിയക്കനാലില്‍ രണ്ടുനില കെട്ടിടങ്ങളില്‍ അനുവാദം പരിമിതപ്പെടുത്തിയിരിക്കുന്നു. യന്ത്രങ്ങള്‍ക്കുപകരം മനുഷ്യാദ്ധ്വാനമാണ് ഉപയോഗപ്പെടുത്തേണ്ടത്. ഓരോ മേഖലയുടേയും ആവശ്യങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കണം കെട്ടിടനിര്‍മ്മാണം എന്നുറപ്പു വരുത്തുന്ന സോണിംഗ് നിയന്ത്രണങ്ങള്‍ വഴി മെച്ചപ്പെട്ട വിഭവ മാനേജ്‌മെന്റ് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ഹരിലാല്‍ പറയുന്നു.

പ്രകൃതിക്ഷോഭാനന്തര സ്ഥിതിഗതികള്‍ കൂടി ഈ പ്രശ്‌നത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. വയനാട്ടിലെ മുണ്ടക്കൈയില്‍ അടുത്തിടെ ഉണ്ടായതുപോലുള്ള ഉരുള്‍പൊട്ടല്‍ ഭവനരഹിതരായ പ്രദേശത്തുകാര്‍ക്കുവേണ്ടി പുതിയ ടൗണ്‍ഷിപ്പ് ആസൂത്രണം ചെയ്യുന്നതിനു കേരള സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ കൂടുതല്‍ നന്നായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ ഡോ. ജെ. ദേവിക വാദിക്കുന്നു.

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ അടിസ്ഥാനപരമായി ‘ഡെഡ് അസറ്റു’കളാണ്. സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ചുമത്താനുള്ള സംസ്ഥാനത്തിന്റെ തീരുമാനം പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. അത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുമ്ബോള്‍ മാത്രമേ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്നത് അനാവശ്യമെന്ന് ബോധ്യപ്പെടൂ. പ്രയോജനപ്പെടാതെ കിടക്കുന്ന വസ്തുവഹകളിന്മേല്‍ നികുതി ഏര്‍പ്പെടുത്തുന്നത് അവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും വാടകയ്ക്ക് നല്‍കാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്താനുമാകും. കൂടാതെ, അഞ്ച് വര്‍ഷത്തിലേറെയായി ഒരു വീട് ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍, സമ്ബദ്വ്യവസ്ഥയ്ക്ക് നല്ല സംഭാവന നല്‍കാന്‍ കഴിയുന്ന തരത്തില്‍ പ്രകൃതിക്ഷോഭത്തിനിരയായി അഭയമില്ലാതെ കഴിയുന്നവര്‍ക്കുവേണ്ടി അത് പുനരുപയോഗപ്പെടുത്തണം” എന്നും അവര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published.