
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെക്കാള്‍ വിജയസാധ്യത പാലക്കാട്ടുകാരനായ സി കൃഷ്ണകുമാറിന് തന്നെയാണെന്ന് ബി ജെ പി നേതാവ് പി സി ജോർജ്.
കെ മുരളീധരൻ ബി ജെ പിയിലേക്ക് വന്നാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും പി സി ജോർജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ശോഭ ശക്തയായ നേതാവാണ്. പക്ഷെ പാലക്കാട്ടുകാരൻ എന്ന നിലയില്‍ സി കൃഷ്ണകുമാർ തന്നെയാണ് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും യോഗ്യതയുള്ള സ്ഥാനാർത്ഥി. കെ മുരളീധരനെ പോലൊരു നേതാവ് ബി ജെ പിയുമായി സഹകരിക്കാൻ തയ്യാറായാല്‍ ഞങ്ങള്‍ രണ്ട് കൈയ്യും കാലും നീട്ടി സ്വീകരിക്കും.അക്കാര്യത്തില്‍ സംശയമില്ല. ഞാനും പദ്മജയും എടുത്തോണ്ട് വരും’, പി സി പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉയർന്ന വിവാദത്തിനിടെ കെ മുരളീധരനെ ക്ഷണിച്ച് സി പി എം നേതാവ് എ കെ ബാലനും രംഗത്തെത്തിയിരുന്നു. മുരളീധരൻ ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറാകണം എന്നായിരുന്നു എകെ ബാലൻ പറഞ്ഞത്. ‘ചതിയൻമാരുടെ പാർട്ടിയില്‍ നില്‍ക്കണോയെന്ന് മുരളീധരൻ പരിശോധിക്കണം. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരൻ തെളിയിക്കണം. പറ്റുമെങ്കില്‍ മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കണം’ എന്നായിരുന്നു ബാലന്റെ വാക്കുകള്‍. എന്നാല്‍ കെ മുരളീധരൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതേസമയം പാലക്കാട് മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി സി സിയുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ കടുത്ത അതൃപ്തിയിലാണ് മുരളീധരൻ. വിഷയത്തില്‍ ശക്തമായി തന്നെ നേരത്തേ അദ്ദേഹം പ്രതികരിച്ചിരുന്നു. തോല്‍വി മുന്നില്‍ക്കാണുന്ന തെരഞ്ഞെടുപ്പാണെങ്കില്‍ അവിടെ പാർട്ടി തന്നെ തീർച്ചയായും മത്സരിപ്പിക്കുമെന്നായിരുന്നു നേതൃത്വത്തെ ഉന്നം വെച്ച് മുരളീധരൻ പറഞ്ഞത്. താൻ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.
അതിനിടെ വിവാദങ്ങള്‍ക്കിടെ മുരളീധരൻ പാലക്കാട് പ്രചരണത്തിന് എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അദ്ദേഹം വിട്ടുനില്‍ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ താൻ സമയമാകുമ്ബോള്‍ പോകും എന്ന തരത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. പാലക്കാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാർത്ഥി തന്നെ കൂറ്റൻ വിജയത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.