സൗദി അറേബ്യ അല്ല, ഇനി ഇന്ത്യയ്ക്കാണ് ആ സ്ഥാനം; എണ്ണ കയറ്റുമതിയില്‍ വന്‍ കുതിപ്പ്… യൂറോപ്പ് തുണച്ചു

Spread the love

പെട്രോള്‍, ഡീസല്‍, ക്രൂഡ് ഓയില്‍ എന്നെല്ലാം കേള്‍ക്കുമ്ബോള്‍ ആദ്യം മനസില്‍ തെളിയുന്ന രാജ്യത്തിന്റെ പേര് സൗദി അറേബ്യ ആയിരിക്കും.

അല്ലെങ്കില്‍ പശ്ചിമേഷ്യയിലെ മറ്റേതെങ്കിലും രാജ്യമാകും. എന്നാല്‍ എണ്ണ കയറ്റുമതിയില്‍ ഇന്ത്യ സ്വന്തം പേര് അടയാളപ്പെടുത്തുകയാണിപ്പോള്‍. അന്താരാഷ്ട്ര തലത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ അവസരം തുറന്നിട്ടിരിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള ശുദ്ധീകരിച്ച ഇന്ധനമാണ് എന്നാണ് പുതിയ വിവരം. ക്രൂഡ് ഓയില്‍ അഥവാ അസംസ്‌കൃത എണ്ണ സംസ്‌കരിച്ച്‌ തയ്യാറാക്കുന്നതാണ് പെട്രോളും ഡീസലുമെല്ലാം. ഇവയ്ക്ക് വേണ്ടി യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയെ കൂടുതലായി ആശ്രയിക്കുകയാണ്. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങളും നയങ്ങളും ഇതിന് കാരണമായിട്ടുണ്ട് എന്നതും എടുത്തുപറയണം.

എണ്ണ ചരക്കു കടത്ത് ഉള്‍പ്പെടെ പരിശോധിക്കുന്ന കെപ്ലര്‍ കമ്ബനിയുടെ ഡാറ്റ പരിശോധിച്ചാണ് ഈ വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. റഷ്യയും യുക്രൈനും തമ്മില്‍ യുദ്ധം തുടങ്ങുന്നതിന് മുമ്ബ് ഇന്ത്യയില്‍ നിന്ന് യൂറോപ്പ് പ്രതിദിനം 1.54 ലക്ഷം ബാരല്‍ ശുദ്ധീകരിച്ച ഇന്ധനമാണ് വാങ്ങിയിരുന്നത്. യുദ്ധം തുടങ്ങിയതോടെ ഇത് 2 ലക്ഷം ബാരലായി ഉയര്‍ന്നുവെന്ന് നേരത്തെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയില്‍ നിന്ന് യൂറോപ്പ് വാങ്ങുന്ന ഇന്ധനത്തിന്റെ കണക്ക് വൈകാതെ ഉയരാന്‍ പോകുന്നു എന്നാണ് പുതിയ വിവരം. പ്രതിദിനം 3.60 ലക്ഷം ബാരലായി ഉയരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടിലുള്ളത്. റഷ്യയുടെ എണ്ണയ്‌ക്കെതിരെ യൂറോപ്പ് ഉപരോധം കടുപ്പിച്ചതാണ് ഇതിന് കാരണം. നേരത്തെ റഷ്യയുടെ എണ്ണയെ ആയിരുന്നു യൂറോപ്പ് പ്രധാനമായും ആശ്രയിച്ചത്. ഉപരോധം പ്രഖ്യാപിച്ചതോടെ മറ്റുവഴി തേടി. ഇതാണ് ഇന്ത്യയ്ക്ക് നേട്ടമായത്.

യൂറോപ്പുമായും അമേരിക്കയുമായും അടുക്കാനുള്ള യുക്രൈന്റെ ശ്രമമാണ് റഷ്യയെ ചൊടിപ്പിച്ചത്. യുക്രൈനെ ആക്രമിക്കുന്നതില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്ക റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തി. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ റഷ്യ സാമ്ബത്തിക പ്രതിസന്ധിയിലായി. എണ്ണ വില കുറച്ച്‌ വില്‍ക്കാനുള്ള റഷ്യയുടെ തീരുമാനം കൂടുതല്‍ മുതലെടുത്തത് ഇന്ത്യയും ചൈനയുമാണ്.

യുദ്ധം തുടങ്ങുന്നതിന് മുമ്ബ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കിയ ക്രൂഡ് ഓയിലിന്റെ കണക്ക് വെറും രണ്ട് ശതമാനമായിരുന്നു. ഇപ്പോള്‍ കുത്തനെ വര്‍ധിച്ചിരിക്കുന്നു. അടുത്ത ഏപ്രില്‍ ആകുമ്ബോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 44 ശതമാനവും റഷ്യയില്‍ നിന്നാകുമെന്നാണ് കെപ്ലര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇടപാട് പ്രാദേശിക കറന്‍സിയില്‍ ആയതിനാല്‍ ഇന്ത്യയുടെ വാങ്ങല്‍ ശേഷി വര്‍ധിച്ചു.

റഷ്യയില്‍ നിന്ന് വരുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ച്‌ ഇന്ത്യന്‍ കമ്ബനികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. വളഞ്ഞ വഴിയില്‍ റഷ്യയുടെ എണ്ണ യൂറോപ്പിലെത്തുകയാണ് എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ കമ്ബനികള്‍ക്ക് ഇതൊരു അതുല്യ അവസരമായി എന്ന് മാത്രം. സൗദി അറേബ്യ വരെ റഷ്യയുടെ വില കുറഞ്ഞ എണ്ണ വാങ്ങുന്നുണ്ടത്രെ. ഈ എണ്ണ സൗദിയില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് ആണത്രെ പ്രധാനമായും ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published.