
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇളയദളപതി. തമിഴക രാഷ്ട്രീയം വര്‍ഷങ്ങള്‍ക്കിടെ കണ്ട ഏറ്റവും വലിയ ജനസമൂഹമാണ് വിജയിയുടെ റാലിക്കെത്തിയത്.
ഏകദേശം ആറ് ലക്ഷത്തോളം ആളുകള്‍ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി എംകെ സ്റ്റാലിനും, മകന്‍ ഉദയനിധി സ്റ്റാലിനും ഇതിലും വലിയൊരു രാഷ്ട്രീയ എതിരാളി ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഡിഎംകെയ്‌ക്കെതിരെയാണ് തന്റെ യുദ്ധമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യയശാസ്ത്ര എതിരാളിയായി ബിജെപിയെയും വിജയ് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ സഖ്യകക്ഷികളില്‍ നിന്ന് വിജയിക്ക് വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
ആറ് ലക്ഷത്തോളം ആളുകള്‍ വന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ശനിയാഴ്ച്ച രാത്രി മുതല്‍ തന്നെ വില്ലുപുരത്ത് എത്തിയ ആരാധകരും ചടങ്ങിലുണ്ടായിരുന്നു. നിരവധി പേര്‍ നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് തലകറങ്ങി വീണെങ്കിലും ആവേശം ഒട്ടും ചോര്‍ന്നില്ല. വിജയിയുടേത് ഗംഭീര തുടക്കമെന്നാണ് ബിജെപി ഘടകക്ഷികളായ പുതിയ തമിഴകം പാര്‍ട്ടിയും ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെട്ടത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ടിക്കറ്റില്‍ മത്സരിച്ച പാര്‍ട്ടികളാണ് ഇന്നലത്തെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് ശേഷം വിജയിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. സഖ്യകക്ഷികള്‍ക്കും അധികാരം നല്‍കുമെന്ന പ്രഖ്യാപനം വഴിത്തിരിവാകുമെന്ന് തമിഴിസൈ സൗന്ദര്‍രാജന്‍ പ്രതികരിച്ചു.
അതേസമയം വിജയിയുടെ പ്രസംഗത്തില്‍ എല്ലാവരും തൃപ്തരല്ല. സ്ഥിരം പറയുന്ന കാര്യങ്ങള്‍ എല്ലാം ചേര്‍ത്ത് പറഞ്ഞതുപോലെയാണ് വിജയിയുടെ പ്രസംഗം. ജാതി ഇല്ലാതാക്കല്‍, ഹിന്ദി വിരുദ്ധം, സ്ത്രീ ശാക്തീകരണം, എന്നിവയെല്ലാം ചേര്‍ത്തുള്ള പ്രസംഗം മാത്രമാണിത്. കുറച്ചുകൂടി വൈവിധ്യമാര്‍ന്ന പ്രതികരണമാണ് പ്രതീക്ഷിച്ചതെന്നും വില്ലുപുരം സ്വദേശിയായ 23കാരന്‍ പ്രഭു പറഞ്ഞു. ആരാധകരില്‍ ഒരു വിഭാഗവും നിരാശപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സമ്മേളനത്തിലേക്ക് വരുന്നതിനിടെ മരിച്ചവര്‍ക്ക് വേണ്ടി മൗനമാചരിക്കാനോ പ്രാര്‍ത്ഥിക്കാനോ വിജയ് തയ്യാറായില്ലെന്ന് ആരാധകര്‍ പറഞ്ഞു. കൊടിയെ കുറിച്ചും പാര്‍ട്ടിയുടെ പേരിനെ കുറിച്ചും വിശദീകരിക്കുന്നത് വിജയ് വേദിയില്‍ നിന്ന് പോയതിന് ശേഷമാണ് സംഭവിച്ചത്. ഇതിനോടകം നിരവധി ആരാധകര്‍ ഇവിടെ നിന്ന് മടങ്ങി പോയിരുന്നു. നന്ദി പ്രമേയത്തിനും ഇവര്‍ കാത്തുനിന്നില്ല.
അതേസമയം വിജയിയുടെ ഡിഎംകെ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഫാസിസത്തെ കുറിച്ചുള്ള വിജയിയുടെ പരാമര്‍ശം അറിവില്ലായ്മയില്‍ നിന്നാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഡിഎംകെ വിജയിയുടെ വിമര്‍ശനങ്ങളെ തള്ളിയിരിക്കുകയാണ്. വിജയ് നയം വ്യക്തമാക്കാനാവാതെ ഡിഎംകെയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന് പാര്‍ട്ടി വക്താവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. നടന്‍ പ്രകാശ് രാജ് പക്ഷേ വിജയിക്ക് പിന്തുണയുമായി എത്തി.