ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ കൊടുക്കേണ്ട മാരിയറ്റ് റിസോര്‍ട്ടില്‍ യുവതി താമസിച്ചത് മൂന്നു രാത്രി; പക്ഷേ ഒരു രൂപ പോലും കൊടുത്തില്ല

Spread the love

ആഡംബര ഹോട്ടലുകളില്‍ ഒരു ദിവസമെങ്കിലും താമസിക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്? സാധാരണക്കാർക്ക് അത് ഒരുപക്ഷേ ആഗ്രഹം മാത്രമായി അവശേഷിക്കും.

എന്നാല്‍ ഒരു രൂപ പോലും മുടക്കാതെ ആഡംബര ഹോട്ടലില്‍ കഴിയാനുള്ള അവസരം ലഭിക്കുകയാണെങ്കിലോ? ഇത്തരത്തില്‍ ഒരു യുവതി ഒരു രൂപ പോലും മുടക്കാതെ മൂന്നു ദിവസമാണ് ആഡംബര ഹോട്ടലില്‍ താമസിച്ചത്. പൂനെ സ്വദേശിയായ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റിനാണ് ഇങ്ങനെയൊരവസരം ലഭിച്ചത്. ഉത്തരാഖണ്ഡിലെ മാരിയറ്റ് റിസോർട്ടില്‍ ആണ് താൻ മൂന്നുദിവസം ചെലവഴിച്ചതെന്ന് പ്രീതി ജെയിൻ എന്ന യുവതി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

മാരിയറ്റ് റിസോർട്ടില്‍ മൂന്ന് രാത്രി തങ്ങുന്നതിന് മൂന്ന് ലക്ഷത്തോളം രൂപ ചിലവ് വരും. പിന്നെ എങ്ങനെയാണ് ഇത് സാധ്യമായത് എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. തന്റെ ക്രെഡിറ്റ് കാർഡിന്റെ റിവാർഡ് പോയിന്റുകള്‍ ഉപയോഗിച്ചാണ് യുവതി മൂന്ന് ലക്ഷത്തോളം രൂപ ലാഭിച്ചതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

58,000 മെമ്ബർഷിപ്പ് റിവാർഡ് പോയിൻ്റുകള്‍ ഉണ്ടായിരുന്ന അമേരിക്കൻ എക്‌സ്‌പ്രസ് പ്ലാറ്റിനം എക്‌സ്പ്രസ് കാർഡ് ഉപയോഗിച്ച്‌ താൻ 4 ലക്ഷം രൂപ ലാഭിച്ചതായി പ്രീതി പറഞ്ഞു. ആ പോയിൻ്റുകളെ മാരിയറ്റ് ബോണ്‍വോയ് പോയിൻ്റുകളാക്കി മാറ്റിയാണ് യുവതി ലക്ഷങ്ങള്‍ ലാഭിച്ചത്. മാരിയറ്റ് ഇൻ്റർനാഷണലിൻ്റെ ലോയല്‍റ്റി പ്രോഗ്രാമിനുള്ള ലോയല്‍റ്റി റിവാർഡ് കറൻസിയാണ് ഈ നേട്ടത്തിന് ഉപകരിച്ചത്. ഉപഭോക്താക്കള്‍ക്ക് മാരിയറ്റ് കമ്ബനിയുടെ ഹോട്ടലുകളിലും റിസോർട്ടുകളിലും മികച്ച യാത്രാനുഭവങ്ങള്‍ ലാഭകരമായി സ്വന്തമാക്കാൻ ഈ പോയിന്റുകള്‍ പ്രയോജനപ്പെടുത്താൻ സാധിക്കും. കൂടാതെ ഈ പോയിന്റുകള്‍ വാങ്ങാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

ഹോട്ടലിലെ ഒന്നാം ദിവസം പ്രീമിയർ റൂമിലേക്കും തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് എക്സിക്യൂട്ടീവ് സ്യൂട്ടിലേക്കും താമസം ഒരുക്കിയതായും പ്രീതി പറയുന്നു. ഒരു ദിവസം ഈ മുറിയില്‍ തങ്ങുന്നതിന് ഏകദേശം 90,000 രൂപയ്ക്ക് മുകളില്‍ ചെലവ് വരുന്നതാണ്. കൂടാതെ ഗംഗാ നദിയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന ഒരു സ്ഥലത്ത് കോംപ്ലിമെൻ്ററി ബ്രേക്ക്ഫാസ്റ്റും മാരിയറ്റ് വാഗ്ദാനം ചെയ്തതായി പ്രീതി ജെയിൻ വെളിപ്പെടുത്തി.

ഇതിനുപുറമേ ലൈവ് മ്യൂസിക്കും നല്ല ഭക്ഷണവും ഉള്‍പ്പടെ അതിഥികള്‍ക്ക് വിശ്രമിക്കാനുള്ള മികച്ച അവസരവും ഇവിടെ ഉണ്ടെന്നും യുവതി പറയുന്നു. അതേസമയം 25,000 മാരിയറ്റ് ബോണ്‍വോയ് പോയിൻ്റുകള്‍ക്കാണ് പ്രീതി തന്റെ സ്റ്റേ ബുക്ക് ചെയ്തത്.

സമാനമായി കഴിഞ്ഞ മാസം കെനിയയിലെ മസായ് മാറയില്‍ അവധിക്കാലം ആഘോഷിക്കാൻ മറ്റൊരാള്‍ക്കും അവസരം ലഭിച്ചിരുന്നു. തന്റെ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റ് ഉപയോഗിച്ചാണ് ഇദ്ദേഹവും തന്റെ കുടുംബത്തൊടൊപ്പം ഒരു രൂപ പോലും ചെലവഴിക്കാതെ അഞ്ച് രാത്രികള്‍ JW മാരിയറ്റിൻ്റെ ലോഡ്ജില്‍ താമസിച്ചത്.

Leave a Reply

Your email address will not be published.