
ചെന്നൈ: തമിഴ് സിനിമയില്‍ ഒറ്റ സിനിമ കൊണ്ട് താരമായ നിരവധി പേരുണ്ട്. എന്നാല്‍ ഉയര്‍ച്ചകളും താഴ്ച്ചകളും തകര്‍ച്ചകള്‍ക്കും ശേഷം വലിയ ഉയരങ്ങളിലെത്തിയ താരം ആരെങ്കിലുമുണ്ടോ?
അങ്ങനെ ഒരു താരം മാത്രമേയുള്ളൂ. സൂപ്പര്‍ താരങ്ങളായ വിജയിക്കും അജിത്തിനും മുകളിലായിരുന്നു ഈ നടന്‍. പറഞ്ഞുവരുന്നത് ആരാണെന്ന് മനസ്സിലായില്ലെങ്കില്‍ പറഞ്ഞ് തരാം. അരവിന്ദ് സ്വാമിയാണ് ഈ നടന്‍.
അടുത്തിടെ ഇറങ്ങിയ മെയ്യഴകന്‍ എന്ന ചിത്രത്തിലൂടെ വലിയ പ്രശംസയാണ് അദ്ദേഹം നേടിയിരിക്കുന്നത്. അരവിന്ദ് സ്വാമിയുടെ ജീവിതം സംഭവബഹുലമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഒരുപാട് ഉയര്‍ച്ചകളും താഴ്ച്ചകളും ആ ജീവിതത്തിലുണ്ട്.
ഇരുപതാം വയസ്സിലായിരുന്നു അരവിന്ദ് സ്വാമി സിനിമയില്‍ അരങ്ങേറുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ അദ്ദേഹം സൂപ്പര്‍ സ്റ്റാറായി മാറി. മണിരത്‌നത്തിന്റെ നായകനായി എല്ലാവരും ഒരു കാലത്ത് അരവിന്ദ് സ്വാമിയെയായിരുന്നു സങ്കല്‍പ്പിച്ചത്. ആകാര ഭംഗി മാത്രമായിരുന്നില്ല, ശബ്ദത്തിലും അദ്ദേഹത്തോളം മികച്ചൊരു നടന്‍ തമിഴ് സിനിമയില്‍ അതുവരെയുണ്ടായിരുന്നില്ല.
മണിരത്‌നത്തിന്റെ ദളപതിയിലൂടെയാണ് അരവിന്ദ് സ്വാമി അരങ്ങേറുന്നത്. അതില്‍ മഹാഭാരത്തിലെ അര്‍ജുനനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. ഇത് വലിയ ഹിറ്റായി മാറി. അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
റോജ, ബോംബെ എന്നീ മണിരത്‌നം ചിത്രങ്ങളാണ് അരവിന്ദ് സ്വാമി ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന താരമാക്കി മാറ്റിയത്. മിന്‍സാര കനവ് എന്ന ചിത്രം വലിയ ഹിറ്റായതോടെ അരവിന്ദ് സ്വാമിയുടെ താരമൂല്യം കുതിച്ചുയര്‍ന്നു. ആ ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.
സാത് രംഗ് കെ സപ്‌നെ എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. ജൂഹി ചൗളയായിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ 1990കളുടെ അവസാനത്തില്‍ താരത്തിന് വലിയ തിരിച്ചടികള്‍ നേരിട്ടു. പല ചിത്രങ്ങളും പരാജയപ്പെടാന്‍ തുടങ്ങി. നിര്‍മാണത്തിലും കൈനോക്കിയെങ്കിലും കാര്യമായി വിജയിച്ചില്ല. കരിയര്‍ മോശമായി തുടങ്ങിയതോടെ സിനിമ ഉപേക്ഷിക്കാന്‍ അരവിന്ദ് സ്വാമി തീരുമാനിക്കുകയായിരുന്നു.
2000ന് ശേഷം പിതാവിന്റെ ബിസിനസ് നോക്കി നടത്താന്‍ അരവിന്ദ് സ്വാമി തീരുമാനിക്കുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് യാതൊന്നും അദ്ദേഹം ഈ സമയം ചെയ്തിരുന്നില്ല. ഇതിനിടെ താരത്തിന് വലിയൊരു അപകടവും ഉണ്ടായി. കാലിന് അപകടത്തിന് ശേഷം ഭാഗികമായി ചലനശേഷി നഷ്ടമായി. അഞ്ച് വര്‍ഷത്തോളം എടുത്താണ് താരം പൂര്‍ണമായും ഭേദമായി തിരിച്ചെത്തിയത്.
ഈ സമയം ബിസിനസില്‍ വലിയ വളര്‍ച്ച താരം നേടിയിരുന്നു. ടാലന്റ് മാക്‌സിമസ് എന്ന സ്വന്തം കമ്ബനിയും അദ്ദേഹം ആരംഭിച്ചു. പേറോള്‍ പ്രൊസസിംഗ് കമ്ബനിയാണിത്. 418 മില്യണ്‍ യുഎസ് ഡോളറാണ് ഈ കമ്ബനിയുടെ വരുമാനം. 3300 കോടി രൂപ വരും ഇത്. 2013ലാണ് താരം കടല്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുന്നത്. പിന്നീട് സെലക്ടീവായിരുന്നു താരം. മെയ്യഴകനായി അഞ്ച് കോടി രൂപയാണ് അരവിന്ദ് സ്വാമിക്ക് പ്രതിഫലമായി ലഭിച്ചത്.