മഴയുടെ മർമരങ്ങൾതേടി ബാണാസുര മീൻമുട്ടിയിലും സഞ്ചാരികളുടെ തിരക്കായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറിയ മീൻമുട്ടി അടഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടു. ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങൾക്ക് ഹൈക്കോടതിയുടെ വിലങ്ങുവീണതോടെയാണ് മീൻമുട്ടിയുടെ പ്രതീക്ഷകൾ അസ്‌തമിച്ചത്. വനംവകുപ്പിലെ താത്കാലികജീവനക്കാരായിട്ടുള്ള അൻപതോളം പേർക്കും ഇതോടെ ജീവിതവഴിയടഞ്ഞു. എന്നു തുറക്കുമെന്ന ചോദ്യവുമായി ഇവരും കാത്തിരിക്കുകയാണ്.ബാണാസുരസാഗർ അണക്കെട്ടിൽനിന്ന് വിളിപ്പാടകലെമാത്രമാണ് ഈ ഇക്കോ ടൂറിസം കേന്ദ്രം. കാപ്പിക്കളത്തുനിന്നും ഒരു കയറ്റം കയറിയാൽ കാഴ്‌ചയുടെ വാതിൽ തുറക്കുകയായി. തനിമമാറാത്ത പച്ചപ്പിനുള്ളിൽ സ്വഭാവികമായ കാഴ്‌ചകൾമാത്രമാണ് ഇവിടെയുള്ളത്. ഏതുമഴയത്തും ഇത്തിരി മലകയറാൻ മനസ്സുള്ളവർക്ക് ഇവിടെയെത്താം. വെള്ളച്ചാട്ടത്തിനു തൊട്ടരികിൽവരെ എത്താൻപാകത്തിലാണ് ഇവിടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.കർണാടകയിലെയും മറ്റുസംസ്ഥാനങ്ങളിലെയും ഉഷ്ണഭൂമിയിൽനിന്നുമെത്തുന്നവർക്ക് ഈ വിനോദകേന്ദ്രം നൽകിയത് കുളിരുള്ള യാത്രാനുഭവമാണ്. വേനൽക്കാലത്ത് കീഴുക്കാംതൂക്കായ പാറക്കെട്ടിലൂടെ വലിഞ്ഞുകയറിവേണം ഇവിടെയെത്താൻ. ഇതിനായി റോപ്പ് ഒരുക്കിയിട്ടുണ്ട്. വനംവകുപ്പാണ് ഇവിടെ വനസംരക്ഷണസമിതിയുടെ സഹകരണത്തോടെ ടൂറിസം നടപ്പാക്കിയിരുന്നത്. ഇതിനകം ആയിരക്കണക്കിന് സഞ്ചാരികൾ ഈ കേന്ദ്രം സന്ദർശിച്ചിട്ടുണ്ട്.
നീലഗിരിയിൽമാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരൻ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായിവളരുന്ന അടിക്കാടുകളും ജൈവസമ്പുഷ്ടതയുള്ള വനങ്ങളും ഇന്നും ഇവിടെ തനിമ നിലനിർത്തുന്നു. ഇതിന്റെയെല്ലാം സാമീപ്യമറിയാൻ കഴിയുന്ന ബാണാസുര മീൻമുട്ടിയിൽ വേനൽക്കാലത്തും സഞ്ചാരികളുടെ വരവ് അവസാനിക്കുന്നില്ല.ബാണാസുരമലയിലേക്കുള്ള ട്രക്കിങ്ങിനും ഇവിടെ സൗകര്യമുണ്ടായിരുന്നു. മൂന്നുമണിക്കൂർ നീളുന്ന ട്രക്കിങ്ങിന് പത്തുപേർക്ക് 750 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്. ഗൈഡിന്റെ സേവനവും ഇവിടെയുണ്ടായിരുന്നു. സൗത്ത് വയനാട് വനം ഡിവിഷന്റെ കീഴിലുള്ള ഈ വിനോദകേന്ദ്രത്തിന്റെ മേൽനോട്ടം വാരാമ്പറ്റ വനസംരക്ഷണസമിതിക്കാണ്. നിയമകുരുക്കുകൾ മറികടന്ന് കേന്ദ്രം തുറക്കുമെന്നാണ് സഞ്ചാരികളുടെയും പ്രതീക്ഷ.