ഫ്ലോറിഡ: മിൽട്ടൺ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് കര തൊട്ടതിനെ തുടർന്ന് ഫ്ളോറിഡയിൽ കനത്ത പേമാരിയും കൊടുങ്കാറ്റും.വൻ നാശനഷ്ടമാണ് ഫ്ലോറിഡയിൽ കൊടുങ്കാറ്റുമൂലം ഉണ്ടായത്. നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. കടുത്ത വെള്ളപ്പൊക്കത്തെ തുടർന്ന് 20 ലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചു. 105 മൈൽ വേഗതയിൽ തീരപ്രദേശങ്ങളിൽ കാറ്റ് ആഞ്ഞടിക്കുന്നതിനൊപ്പം കനത്ത മഴയും തുടരുന്നു. ലക്ഷക്കണക്കിന് ആളുകൾ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. നൂറ്റാണ്ടുകണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റായിരിക്കും മിൽട്ടനെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിരുന്നു.വെള്ളപ്പൊക്കത്തിന് സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തെ നിർദേശിച്ചിരുന്നു. കൊടുങ്കാറ്റിൽ നിരവധി വീടുകളാണ് തകർന്നത്. കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. ഹാർഡി കൗണ്ടിയിലും അയൽപ്രദേശങ്ങളായ സരസോട്ട, മനാറ്റി കൗണ്ടികളിലുമാണ് ഏറ്റവും കൂടുതൽ വൈദ്യുതി മുടക്കം ഉണ്ടായത്. എന്നാൽ മരണസംഖ്യ എത്രയെന്ന് വ്യക്തമല്ല. ആറ് വിമാനത്താവളങ്ങൾ അടച്ചു. രണ്ടായിരത്തോളം വിമാന സർവീസുകളും റദ്ദാക്കി.