ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് സംവിധാനം വിദ്യാഭ്യാസ മേഖലയില്‍ സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്തേണ്ടതാണെന്നും മൂല്യനിർണയം എഐ വഴി നടപ്പാക്കാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി. നിയമസഭയില്‍ അൻവർ സാദത്ത് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മിനിമം മാർക്ക് സംവിധാനത്തില്‍ കുട്ടികള്‍ പരാജയപ്പെടുമോ എന്ന് സംശയിക്കേണ്ടതില്ലെന്നും മിനിമം മാർക്ക് കിട്ടാത്ത കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുമെന്നും അവരെ തുടർന്ന് വീണ്ടും പരീക്ഷക്ക് പങ്കെടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ഒരു കുട്ടി പോലും പഠനമേഖലയില്‍ നിന്ന് കൊഴിഞ്ഞു പോകാതിരിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. സ്കൂളുകളില്‍ മികച്ച ഭൗതിക സാഹചര്യമാണ് ഒരുക്കുന്നതെന്നും ലിഫ്റ്റ് സൗകര്യം വരെ ചില സ്കൂളുകളില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനിടെ സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണമെന്ന് അൻവർ സാദത്ത് എംഎല്‍എ പരാമർശിച്ചത് മന്ത്രി ഇടപെട്ട് തിരുത്തുകയും ചെയ്തു. സ്കൂളുകളില്‍ ഉച്ചക്കഞ്ഞി അല്ല ഉച്ചയ്ക്ക് ചോറാണ് കൊടുക്കുന്നതെന്നും ഉച്ചഭക്ഷണ പദ്ധതി എവിടെയും ഇതുവരെ മുടങ്ങിയിട്ടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു