മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ കേസിലെ രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു.ബി.എൻ.എസ് 54 വകുപ്പ് ചുമത്തി ശാസ്തതാംകോട്ട പൊലീസാണ് മജിസ്ട്രേറ്റ് കോടതിയിൽ അഡീഷനൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ പ്രേരണക്കൊപ്പം കുറ്റകൃത്യവേളയിലെ സാന്നിധ്യംകൂടി കണക്കിലെടുത്തുള്ള ശിക്ഷ ഉറപ്പാക്കാനാകും. ഒന്നാംപ്രതി അജ്‌മലിനൊപ്പം കുറ്റകൃത്യം ചെയ്യാൻ ശ്രീക്കുട്ടിയും ഉണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. നേരത്തേ ബി.എൻ.എസ് 52 വകുപ്പ് പ്രകാരം പ്രേരണക്കുറ്റം മാത്രമായിരുന്നു ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരുന്നത്. അജ്മലിന് കഴിഞ്ഞ ദിവസം ജില്ല കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ, ശ്രീക്കുട്ടി ജാമ്യംനേടി. തിരുവോണ ദിവസം വൈകീട്ട് മദ്യപിച്ച് ഇരുവരും കാറിൽ വരുംവഴി വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവ് ജങ്ഷനിൽ സ്കൂകൂട്ടർ യാത്രികയെ ഇടിച്ച് റോഡിൽ വീഴ്ത്തി വീണ്ടും കാർ ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നാണ് കേസ്. സ്ഥലവാസിയായ കുഞ്ഞുമോൾ അപകടത്തിൽ കൊല്ലപ്പെട്ടു.