Spread the love

*മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കി; അപ്പീല്‍ പോകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി*മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി. കാസര്‍കോട് ജില്ലാ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. സുരേന്ദ്രന്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായ മുഴുവന്‍ ബിജെപി നേതാക്കളുടെയും വിടുതല്‍ ഹരജി കോടതി അംഗീകരിച്ചു.പ്രതികള്‍ നേരിട്ട് ഹാജരാകാന്‍ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ജില്ലാ സെഷന്‍സ് കോടതി കേസ് പരിഗണിച്ച ശേഷം വിധിപറയാന്‍ മാറ്റുകയായിരുന്നു. കേസ് നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചെന്നാണ് കേസില്‍ ആരോപിക്കുന്നത്. ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് ആരോപണം.*അപ്പീല്‍ നല്‍കുമെന്ന് വി വി രമേശന്‍*വിധി ദൗര്‍ഭാഗ്യകരമെന്ന് ഹര്‍ജി നല്‍കിയ മഞ്ചേശ്വരം LDF സ്ഥാനാര്‍ഥി വി വി രമേശന്‍ പ്രതികരിച്ചു. വിധി പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു. അപ്പീല്‍ പോകുമെന്ന് ജില്ലാ ഗവ. പ്ലീഡര്‍ കെ വേണുഗോപാലും പറഞ്ഞു.കെ സുന്ദര തന്നെയാണ് കോഴ നല്‍കിയ കാര്യം വെളിപ്പെടുത്തിയത്. കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഒന്നാം പ്രതിയായ കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍.2023 ജനുവരി 10നാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ച് എസ് സി -എസ് ടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.2021 ജൂണ്‍ അഞ്ചിനാണ് കെ. സുന്ദര മാധ്യമങ്ങളിലൂടെ നാമനിര്‍ദേശപ്രത്രിക പിന്‍വലിക്കുന്നതിനുണ്ടായ കാരണം വെളിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മല്‍സരിച്ച മണ്ഡലത്തില്‍ ആ പേരിനോട് സാമ്യമുള്ള താന്‍ മല്‍സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബി.ജെ.പി ഭയപ്പെട്ടിരുന്നതായി സുന്ദര വെളിപ്പെടുത്തിയിരുന്നു.ആദ്യം ബദിയടുക്ക പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി നേതാക്കള്‍ സുന്ദരക്ക് പണം നല്‍കിയെന്ന് അദ്ദേഹത്തിന്റെ അമ്മ മൊഴി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സുന്ദര അപ്രത്യക്ഷനായതും കേസിന് ബലമായി.സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ആറു പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. തിങ്കളാഴ്ച ജില്ലാ സെഷന്‍സ് കോടതി കേസ് പരിഗണിച്ച ശേഷമാണ് വിധിപറയാന്‍ മാറ്റിയത്.

Leave a Reply

Your email address will not be published.