കാപ്പാ പ്രതിയെ സ്വീകരിച്ചതിന് ന്യായീകരണം: തെറ്റായ വഴിയില്‍ നിന്നും ശരിയായ വഴിയിലേക്ക് വന്നതിന് സ്വീകരണം

Spread the love

കാപ്പാ കേസില്‍ പ്രതിയായ വ്യക്തിക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്. തെറ്റായ വഴിയില്‍ നിന്നും ശരിയായ വഴിയിലേക്ക് വന്നതിനാണ് സ്വീകരണമെന്നും പാര്‍ട്ടി ഏരിയാകമ്മറ്റി സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇതെന്നുമാണ് മന്ത്രി നല്‍കിയിരിക്കുന്ന മറുപടി. പക്ഷേ പാര്‍ട്ടി മാറിയത് കൊണ്ട് ക്രിമിനല്‍ കേസുകള്‍ മാറുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. ശരണ്‍ചന്ദ്രന്‍ പ്രതിയായത് ആര്‍എസ്‌എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണെന്നായിരുന്നു പത്തനംതിട്ട സിപിഎം ജില്ലാക്കമ്മറ്റി സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ പ്രതികരണം. ശരണ്‍ചന്ദ്രന്‍ നിലവില്‍ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നും ശരണിനെ നാടുകടത്തിയിട്ടില്ലെന്നും കാപ്പയില്‍ താക്കീത് നല്‍കിയിട്ടെയുള്ളുവെന്നും ഉദയഭാനു പറഞ്ഞു. പാര്‍ട്ടിക്കാര്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും രാഷ്ട്രീയ കേസുകളില്‍ പെട്ടവര്‍ക്കെതിരേ കാപ്പ് ചുമത്തുന്നത് തെറ്റാണെന്നും പറഞ്ഞു. കാപ്പാ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനെയാണ് സിപിഎം ഇന്നലെ മാലയിട്ട് സ്വീകരിച്ചത്. 60 ഓളം പേരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്ത പരിപാടിയിലാണ് ശരണ്‍ ചന്ദ്രന്‍ പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരണ്‍ ചന്ദ്രന്‍ കഴിഞ്ഞ മാസം 23നാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ആണ് ഉദ്ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. പത്തനംതിട്ടയില്‍ മലയാലപ്പുഴ മേഖലയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്ത് പരസ്യമായി തന്നെ രംഗത്ത് വന്നു. പലരും വാട്‌സ്‌ആപ്പുകളിലും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചു. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയാണ് ശരണ്‍ ചന്ദ്രന്‍. കാപ്പാ കേസ് ചുമത്തിയ ശരണ്‍ ചന്ദ്രന്‍ തുടര്‍ന്നും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ നാടുകടത്തിയിരുന്നില്ല. ആ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ഇയാള്‍, വീണ്ടും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതോടെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published.