സിപിഐ നേതാവ് ബിനോയ് വിശ്വത്തിനുള്ള മറുപടിയുമായി എ.കെ. ബാലന്‍

Spread the love

വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്‌എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ.ബാലന്‍. എസ്‌എഫ്‌ഐ യെ കഴിഞ്ഞ ദിവസം വിമര്‍ശിച്ച സിപിഐ നേതാവ് ബിനോയ് വിശ്വത്തിനുള്ള മറുപടിയായിരുന്നു എ.കെ. ബാലന്റെ പ്രസ്താവന. എസ്‌എഫ്‌ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ലെന്നും അകത്തുള്ളയാളായാലും പുറത്തുള്ളയാളായാലും ഒരു വിദ്യാര്‍ഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു. തിരുത്തല്‍ വേണ്ടതുണ്ടെങ്കില്‍ തിരുത്താന്‍ ആ സംഘടനയ്ക്ക് കഴിയും. എസ്‌എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശക് ഉണ്ടെങ്കില്‍ പരിശോധിക്കും. കോണ്‍ഗ്രസ് ഒരു കൂടോത്ര പാര്‍ട്ടിയായി മാറി. കേരള കൂടോത്ര പാര്‍ട്ടിയെന്നും എ കെ ബാലന്‍ പരിഹസിച്ചു. അതിനിടയില്‍ ബാലന് മറുപടിയുമായി ബിനോയ് വിശ്വവും രംഗത്ത് വന്നു. എസ്‌എഫ്‌ഐയുടെ ചോരകുടിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് സിപിഐയ്ക്കുമെന്നും എന്നാല്‍ തിരുത്തല്‍ വരുത്തേണ്ടതുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പറഞ്ഞു. സിപിഐയ്ക്ക് എതിരേയോ ബിനോയ് വിശ്വത്തിനെതിരേയോ എകെ ബാലന്‍ വിമര്‍ശിക്കില്ലെന്നും അതാണ് സിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധമെന്നും ബിനോയ് വിശ്വം പറഞ്ഞു. നേരത്തേ എസ്.എഫ്.ഐ തുടരുന്നത് പ്രാകൃത സംസ്‌കാരമാണെന്നും അതു തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിനു ബാധ്യയാകുമെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥമറിയില്ല. രാഷ്ട്രീയ ആശയത്തിന്റെ ആഴവും അവര്‍ക്കറിയില്ല. അതവരെ പഠിപ്പിക്കണം. എസ്.എഫ്.ഐ. അവരുടെ ശൈലി തിരുത്തണം. ഇത് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല, പ്രാകൃത സംസ്‌കാരത്തിന്റെ രീതിയാണെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു. ഈ സംസ്‌കാരം എസ്.എഫ്.ഐക്കു നിരക്കുന്നതല്ല. എസ്.എഫ്.ഐ. സഖാക്കള്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. 1936 ല്‍ എ.ഐ.എസ്.എഫിന്റെ പിറവിയിലൂടെയാണ് അതിന്റെ ആരംഭം. അവിടം മുതലിങ്ങോട്ട് വിദ്യാര്‍ഥിപ്രസ്ഥാനം വെട്ടിപ്പിടിച്ച സത്പാരമ്പര്യത്തിന്റെയും മൂല്യങ്ങളുടെയും പാഠങ്ങള്‍ ചിലര്‍ക്കറിയില്ല. എസ്.എഫ്.ഐയില്‍ നേരും നെറിയും ആവേശവുമുള്ള പതിനായിരക്കണക്കിനു വിദ്യാര്‍ഥികളുണ്ട്. അവരോടെല്ലാം ആദരവാണ്. വിദ്യാര്‍ഥികളെ നേരായ വഴിക്കു നയിക്കണം. ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണം. അവര്‍ ഇടതുപക്ഷത്തിന്റെ ഭാവിപോരാട്ടത്തിന്റെ കരുത്തായി മാറണം. അവരുടെ വഴി ഈ വഴിയല്ലെന്നു ബോധ്യമാക്കണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.