മാന്നാറിലെ കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചനകള്‍. രണ്ടു ജാതിയില്‍പെട്ട കലയും അനിലും പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു. രണ്ടുവീട്ടുകാരുടെയും എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം അനില്‍ വിദേശത്തേക്ക് പോയതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. അനില്‍ വിദേശത്തേക്ക് പോയതോടെ കല മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെട്ടതായിട്ടാണ് അനിലിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അനില്‍ ആഫ്രിക്കയിലേക്ക് പോയപ്പോള്‍ കല വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് പുറത്തുവരുന്ന വിവരം. വൈകാതെ കലയെ കാണാതായി. കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് കല മറ്റൊരാള്‍ക്കൊപ്പം പോയെന്നാണ് പിന്നീട് അനില്‍ പൊലീസില്‍ നല്‍കിയിരുന്ന മൊഴി. ഇത് പിന്നീട് സത്യമെന്നോണം നാട്ടിലുടനീളം പ്രചരിച്ചു. ഇതോടെ തിരോധാന കേസിലെ അന്വേഷണവും അവസാനിച്ചു. അതിനിടയില്‍ കലയുടെ മൃതദേഹം താന്‍ കണ്ടെന്ന് സുരേഷ് എന്നയാളുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണ്ണായകമായത്. അയല്‍വാസിയും അകന്ന ബന്ധുവുമായ സുരേഷ്‌കുമാറിനോട് അനില്‍ മൃതദേഹം മറവുചെയ്യാന്‍ സഹായം തേടിയിരുന്നു. എന്നാല്‍ ഈ കുറ്റകൃത്യത്തില്‍ താന്‍ പങ്കാളിയാകുന്നില്ലെന്ന് വ്യക്തമാക്കി സുരേഷ്‌കുമാര്‍ പിന്തിരിയുകയായിരുന്നു. കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സുരേഷ്‌കുമാറിന്റെ മൊഴിയാണ് പ്രതികളെ കുടുക്കുന്നതില്‍ നിര്‍ണ്ണായകമായത്. കലയും അനിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് അയല്‍ക്കാരും പറഞ്ഞു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ കാണാതായെന്ന് പറഞ്ഞുകേട്ടതായും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പറയുന്നു. കല മരിച്ചെന്ന് വിശ്വസിക്കാന്‍ മകന്‍ കൂട്ടാക്കിയിട്ടില്ല. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും തിരിച്ചു കൊണ്ട് വരുമെന്നും മകന്‍ പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ താന്‍ ഇന്നലെ സംഭവമറിഞ്ഞ ശേഷം സ്‌കൂളില്‍ പോയിട്ടില്ലെന്നും സഹ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നാണക്കേടായെന്നും പറഞ്ഞു. എവിടെയോ അമ്മ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് മകന്‍ കരുതുന്നത്.