മാന്നാറില്‍ 15 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹത്തിനായി പരിശോധന തുടങ്ങി അന്വേഷണ സംഘം. കലയുടെ ഭർത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്. മുൻപ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥലത്താണ് പരിശോധന നടത്തുന്നത്. ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മാവേലിക്കര മാന്നാർ സ്വദേശിയായ കലയാണ് (20) 15 വർഷം മുൻപ് കാണാതായത്. യുവതിയെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കലയുടെ ഭർത്താവ് ഇസ്രയേലില്‍ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ് പൊലീസ്. തെളിവുകള്‍ ശേഖരിക്കുക, മൃതദേഹാവശിഷ്ടം ഉണ്ടോയെന്ന് ഉറപ്പുവരുത്തുക എന്നതാണ് പൊലീസ് ലക്ഷ്യം. കലയെ കാണാതാവുമ്പോള്‍ കലയ്ക്ക് കുഞ്ഞുണ്ടായിരുന്നു. അനിലും കലയും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അനില്‍ കലയെ വിവാഹം കഴിച്ചതില്‍ ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലായിരുന്നു. അതിനാല്‍ത്തന്നെ അനിലിന്റെ ബന്ധുവീട്ടിലാണ് വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. സ്വന്തം വീട്ടുകാരുമായി കലയ്ക്കും വലിയ അടുപ്പം ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം കലയെ കാണാതാകുകയായിരുന്നു. പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. പിന്നീട് അനില്‍ വേറെ വിവാഹം കഴിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിന് മുൻപാണ് കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മാന്നാർ പൊലീസിന് ഒരു ഊമക്കത്ത് ലഭിക്കുന്നത് ഇതോടെ വീണ്ടും അന്വേഷണം ആരംഭിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന വിവരം പ്രതികളില്‍ ആരോ മദ്യപാന സദസില്‍ വെളിപ്പെടുത്തിയതാണെന്നാണ് സൂചന. അവിടെയുണ്ടായിരുന്ന ആരെങ്കിലുമാകണം പൊലീസിന് കത്ത് അയച്ചത്. സംഭവത്തില്‍ പ്രതിയായ ഒരാള്‍ മുൻപ് ഭാര്യയെയും മക്കളെയും അപകടപ്പെടുത്താൻ ശ്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കേസില്‍ അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് കസ്റ്റഡിയിലുള്ളത്. യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് ചിലർ അനിലിനെ വിളിച്ചുപറയുകയായിരുന്നു. ഇതിനെ തുടർന്ന് അനിലും കലയുമായി തർക്കങ്ങള്‍ ഉണ്ടായിയെന്നാണ് വിവരം. യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാൻ മുതിർന്നപ്പോള്‍ മകനെ വേണമെന്ന് അനില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാർ വാടകയ്ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളില്‍ യാത്ര പോകുകയും ചെയ്തു. ഇതിനിടയില്‍ അനില്‍ സുഹൃത്തുക്കളായ അഞ്ചുപേരെ വിളിച്ചുവരുത്തി കാറില്‍ വച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടർന്ന് പ്രതികള്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിടുകയും ചെയ്തു.