ജര്‍മൻ റെയില്‍വേ സംരംഭത്തില്‍ മലയാളികള്‍ക്ക് തൊഴിലവസരം; മന്ത്രി വി ശിവൻകുട്ടിയുമായി സംഘം കൂടിക്കാഴ്ച നടത്തി.

Spread the love

ജർമൻ റെയില്‍വേ സംരംഭത്തില്‍ മലയാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകള്‍ക്കായി ജർമ്മൻ പ്രതിനിധി സംഘം കേരളത്തിലെത്തി. ഡോയ്ച് ബാൻ എന്ന ജർമ്മൻ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള റെയില്‍വേ സംരംഭത്തിലെ പ്രതിനിധികളാണ് കേരളത്തിലെത്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിലവില്‍ 9,000 കിലോമീറ്ററോളം റെയില്‍വേയുടെ നവീകരണ പ്രവർത്തനങ്ങള്‍ നടന്നു വരികയാണ്. റെയില്‍വേ നിർമ്മാണം 2030 ഓടെ പൂർത്തിയാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി നിലവില്‍ മെക്കാനിക്കല്‍, സിവില്‍ മേഖലകളില്‍ നിന്നുള്ള ഐ ടി ഐ, എഞ്ചിനീയറിംഗ്, പോളിടെക്‌നിക്‌ എന്നി സാങ്കേതിക വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗാർഥികളുടെ വലിയതോതിലുള്ള ആവശ്യകത ജർമ്മനിക്കുണ്ട്. ആയത് പരിഹരിക്കുന്നതിനായി ഡോയ്ച് ബാനിന് അനുയോജ്യമായ ഉദ്യോഗാർത്ഥികളെ കണ്ടത്തി, നൈപുണ്യ വികസനവും, ഓണ്‍ ദ ജോബ് ട്രെയിനിങ് എന്നിവ സംസ്ഥാന നൈപുണ്യ വികസന മിഷനായ കെയ്‌സ് വഴി നടപ്പിലാക്കാൻ സാധിക്കുമോ എന്നത് സംബന്ധിച്ച ചർച്ചയ്ക്കായാണ് മന്ത്രി വി ശിവൻകുട്ടിയെ കണ്ടത്. ഇതിനോടകം തന്നെ കേരള സർക്കാരും ജർമ്മൻ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി ആരോഗ്യ മേഖലയില്‍ ” ട്രിപ്പിള്‍ വിൻ ” എന്ന പേരില്‍ ഒരു പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മനിയില്‍ നിയമനത്തിന് ശേഷം ജർമ്മൻ ഭാഷയില്‍ ബി 2 ലെവല്‍ പരിശീലനവും ലഭിക്കും. സംസ്ഥാന നൈപുണ്യ വികസന മിഷനെന്ന നിലയില്‍ അന്താരാഷ്‌ട്ര മൊബിലിറ്റി സുഗമമാക്കുക എന്ന ലക്ഷ്യവും കെയ്‌സില്‍ അർപ്പിതമാണ് . ആയതിലേക്കായി ട്രിപ്പിള്‍ വിൻ മോഡലിന് സമാനമായ ഒരു ചട്ടക്കൂട് ജർമ്മൻ റെയില്‍വേയിലേക്കുള്ള “എഞ്ചിനീയറിംഗ്/ ITI/ പോളിടെക്‌നിക്‌ പ്രൊഫഷണലുകള്‍ക്ക് വേണ്ടി കൂടി തയ്യാറാക്കാൻ സാധിച്ചാല്‍ ആയത് കേരളത്തിലെ സാങ്കേതിക യോഗ്യതയുള്ള യുവജനങ്ങള്‍ക്ക്‌ ഒരു മുതല്‍കൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.