
നഗരത്തിലെ ബാറിനു സമീപം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ രാജേഷ് ഭവനില്‍ എസ്. രാജേഷാ(49)ണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ മിച്ചല്‍ ജങ്‌ഷന് വടക്ക് ട്രാവന്‍കൂര്‍ റീജന്‍സി ബാറിന് എതിര്‍വശം യൂണിയന്‍ ബാങ്കിന് മുന്നിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ മുറിപ്പാടുകളും പുറത്ത് കരിനീലിച്ച വലിയ രണ്ടു പാടുകളും കണ്ടെത്തിയിരുന്നു. തിങ്കളാഴ്‌ച രാത്രി വൈകിയും സമീപത്തെ ബാറില്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് ബാങ്കിന്റെ സി.സി ടിവി ക്യാമറ പരിശോധിച്ചതില്‍നിന്നു രാജേഷും മറ്റു മൂന്നു പേരും തമ്മില്‍ അടിപിടി ഉണ്ടാകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. സമീപത്തെ ബാറില്‍നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയവരാണ് നാലു പേരും. വഴക്കിനിടെ ഒരാള്‍ രാജേഷിനെ പിടിച്ചു തള്ളുന്നതായി ക്യാമറ ദൃശ്യങ്ങളിലുണ്ട്. വീഴ്‌ചയ്‌ക്കിടയില്‍ തലയിടിച്ചു വീണ രാജേഷിന് അനക്കമില്ലെന്നു കണ്ട് ഇവര്‍ മടങ്ങിയെന്നാണു സൂചന. സംഭവത്തില്‍ രാജേഷുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത് ഇയാളുടെ സുഹൃത്തുക്കള്‍ തന്നെയാണെന്നാണ് സംശയം. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. പോസ്‌റ്റുമോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ പരുക്കാണ് മരണ കാരണമെന്നാണ് സൂചന. ശാസ്‌ത്രീയ പരിശോധനാ സംഘം, വിരലടയാള വിദഗ്‌ധര്‍ എന്നിവര്‍ തെളിവെടുപ്പ് നടത്തി. ഡിവൈ.എസ്.പി. രാജേഷ്, എസ്.എച്ച്.ഒ. ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. രാജേഷിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. മകന്‍: പാര്‍ഥ് ആര്‍. നായര്‍.