
കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റിലെ താമസക്കാരായ അനേകര്‍ ഛര്‍ദ്ദിയും വയറിളക്കവുമായി ചികിത്സ തേടിയതിന് പിന്നാലെ ആരോഗ്യവകുപ്പ് ഫ്‌ളാറ്റിലെത്തി കുടിവെള്ളത്തിന്റെ സാമ്ബിള്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. രണ്ടു മാസത്തിനിടയില്‍ 350 ലധികം പേരാണ് ചികിത്സ തേടിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആരോഗ്യവിഭാഗം ഇവിടെയെത്തി ജലപരിശോധനയ്ക്കായി സാമ്ബിള്‍ എടുത്തത്. കാക്കനാട്ടെ ഡിഎല്‍എഫ് കെട്ടിട സമുച്ചയത്തില്‍ 15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളിലായി 5000 ലധികം താമസക്കാരാണ് ഉള്ളത്. ആളുകള്‍ വ്യാപകമായി ചികിത്സയ്ക്ക് എത്തിയതോടെ സാമ്ബിളുകള്‍ ശേഖരിച്ച് പ്ബളിക്ക് ഹെല്‍ത്ത് ലൈബ്രറിയിലും മറ്റ ലാബുകളിലുമായി പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടിയാല്‍ മാത്രമേ കൃത്യമായ കാരണം കണ്ടെത്താന്‍ കഴിയൂ എന്നാണ് വിവരം. കുടിവെള്ളത്തില്‍ നിന്നാകാം പ്രശ്‌നമുണ്ടായതെന്നാണ് ആദ്യ നിരീക്ഷണം. കൂറ്റന്‍ ടാങ്ക്, കുഴല്‍ക്കിണര്‍, പൈപ്പ് എന്നീ സംവിധാനങ്ങളാണ് നേരത്തേ കെട്ടിട സമുച്ചയത്തിലേക്കുള്ള ജലസ്രോതസ്സിനായി ആശ്രയിച്ചിരുന്നത്. എന്നാല്‍ ഏതാനും നാളായി ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുകയാണ്. പുതിയ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇവിടുത്തെ വെള്ളം പരിശോധനയ്ക്ക് അയയ്ക്കാന്‍ ആരോഗ്യവിഭാഗം തീരുമാനം എടുത്തത്.