വയനാട് തന്റെ കുടുംബാമാണെന്ന് രാഹുല്‍ പറഞ്ഞത് കുടുംബക്കാരെ മത്സരിപ്പിക്കാന്‍ ; പരിഹസിച്ച്‌ കെ. സുരേന്ദ്രന്‍

Spread the love

വയനാട് തന്റെ കുടുംബമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതിനര്‍ത്ഥം കുടുംബക്കാരെ കൊണ്ടുവന്ന് മത്സരിപ്പിക്കുമെന്നാണോയെന്ന് പരിഹസിച്ച്‌ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. രാഹുല്‍ പറഞ്ഞതിന്റെ പൊരുള്‍ പ്രിയങ്കയെ മത്സരിപ്പിക്കാന്‍ കൊണ്ടുവന്നപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായെന്നും പാലക്കാട് സ്വന്തം അളിയന്‍ റോബര്‍ട്ട് വാധ്രയെ കൂടി മത്സരിപ്പിക്കണമെന്നും പറഞ്ഞു. വയനാട് തന്റെ കുടുംബമാണെന്ന് രാഹുല്‍ പറഞ്ഞത് താന്‍ ഒഴിയുമ്ബോള്‍ പ്രിയങ്കാഗാന്ധിയേയോ റോബര്‍ട്ട് വാധ്രയോ വരുമെന്നതിന്റെ സൂചനയായിരുന്നെന്നും. ഇത്രയും കുടുംബമാഹാത്മ്യം ഉള്ള ഒരു പാര്‍ട്ടിയില്ലെന്നും കോണ്‍ഗ്രസിലെ അടിമകള്‍ ഇതെല്ലാം അംഗീകരിക്കുകയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. കോണ്‍ഗ്രസിലെ അടിമകള്‍ എല്ലാക്കാലത്തും ഒരുപോലെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കണോ എന്ന കാര്യം ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും പറഞ്ഞു. നേരത്തേ റായ്ബറേലിയെ ഏറ്റെടുത്ത് വയനാട് സീറ്റീനെ കയ്യൊഴിയാനുള്ള തീരുമാനത്തിലൂടെ രാഹുല്‍ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്നും വയനാട്ടിലെ ജനങ്ങള്‍ ജനാധിപത്യ അവകാശം ഉപയോഗിച്ച്‌ ഇതിന് മറുപടി നല്‍കുമെന്നും ബിജെപി നേതാവ് വി. മുരളീധരനും പറഞ്ഞിരുന്നു. ഒരു തരത്തിലുമുള്ള ജനാധിപത്യ മര്യാദയും കേരളത്തിലെ ജനങ്ങളോട് വേണ്ടെന്ന രാഹുലിന്റെ വീക്ഷണത്തെ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്താലും കുഴപ്പവുമില്ലെന്നാണ് രാഹുലിന്റെ ചിന്തയെന്ന് പറഞ്ഞ മുരളീധരന്‍ വയനാടും പ്രിയങ്കയും തമ്മിലല്‍ എന്താണ് ബന്ധമെന്നും ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും രാഹുല്‍ഗാന്ധി രണ്ടു സീറ്റുകളില്‍ മത്സരിച്ചിരുന്നു. രണ്ടു സീറ്റുകളിലും വന്‍ വിജയം നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകേണ്ട സാഹചര്യം മുന്‍ നിര്‍ത്തി റായ്ബറേലി അദ്ദേഹം സ്വീകരിക്കുകയും വയനാടിനെ കയ്യൊഴിയാന്‍ തീരുമാനിക്കുകയുമായിരുന്നു. അതേസമയം 2014 ല്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലും ഗുജറാത്തിലെ വഡോദരയിലും നരേന്ദ്രമോദി മത്സരിച്ചു ജയിച്ചിരുന്നു. അദ്ദേഹം പിന്നീട് വഡോദരയെ കൈവിടുകയും വാരണാസി തെരഞ്ഞെടുക്കുകയുമായിരുന്നു. രാഹുല്‍ ഒഴിയുന്നതോടെ ആറു മാസത്തിനകം വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്നേക്കാന്‍ സാധ്യതയുണ്ട്. രാഹുലിന് പകരമായി പ്രിയങ്കാഗാന്ധി ഇവിടെ മത്സരിക്കാന്‍ എത്തിയേക്കുമെന്നാണ് വിവരം. ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്്.

Leave a Reply

Your email address will not be published.