
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ചതിന് തൊട്ടുപിന്നാലെ ശോഭാ സുരേന്ദ്രനെ പാലക്കാടും പരീക്ഷിച്ചേക്കുമെന്നാണ് സൂചനകള്‍.എവിടെ മത്സരിച്ചാലും വോട്ടുഷെയര്‍ കൂട്ടിയെടുക്കുന്ന പതിവില്‍ ബിജെപിയുടെ വിശ്വസ്ത സ്ഥാനാര്‍ത്ഥിയായി മാറിയിരിക്കുന്ന ശോഭാ സുരേന്ദ്രനെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇറക്കാന്‍ ആലോചന. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ നിയമസഭാ സീറ്റുകളില്‍ പാലക്കാട് എണ്ണിയപ്പോള്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. പാലക്കാട് നഗരസഭയില്‍ എന്‍ഡിഎ മുന്നിലെത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഉപതെരഞ്ഞെടുപ്പിലേക്ക് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടിയിരിക്കുകയാണ്. ഇതിനൊപ്പം നില്‍ക്കുന്നിടത്തെല്ലാം വ്യക്തിപ്രഭാവം കൂട്ടിയെടുക്കുന്ന ശോഭാ സുരേന്ദ്രന്‍ മത്സരിച്ചാല്‍ വിജയം നേടുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ലോക്‌സഭയില്‍ ആലപ്പുഴയില്‍ മത്സരിച്ച ശോഭാ സുരേന്ദ്രന്‍ ബിജെപി വോട്ടുകള്‍ 11.08 ശതമാനം കൂട്ടിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും അതിന് മുമ്ബ് ആറ്റിങ്ങലില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴും ശോഭാ സുരേന്ദ്രന്‍ വോട്ടു കൂട്ടിയെടുക്കുന്ന പതിവ് തെറ്റിച്ചിരുന്നില്ല. അതേസമയം ലോക്‌സഭയിലേക്ക് പാലക്കാട് നിന്നും മത്സരിച്ച സി. കൃഷ്ണകുമാറും സന്ദീപ് വാര്യരും പാര്‍ട്ടി നേതൃത്വത്തിന്റെ പട്ടികയില്‍ ഉണ്ട്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പാലക്കാട് പ്രവര്‍ത്തനം ശക്തമാക്കാനുള്ള നീക്കത്തിലാണ് ബിജെപി. കേന്ദ്രമന്ത്രിമാരായി നിയോഗിതരായ സുരേഷ്‌ഗോപിക്കും ജോര്‍ജ്ജ് കുര്യനും വമ്ബന്‍ സ്വീകരണം നല്‍കിക്കൊണ്ട് കളത്തിലിറങ്ങാനൊരുങ്ങുകയാണ് അവര്‍. അടുത്ത മാസം അഞ്ചിനാണ് സ്വീകരണത്തിന് പദ്ധതിയിട്ടിരിക്കുന്നത്.