വൃദ്ധസദനത്തില്‍ വച്ച്‌ പരിചയപ്പെട്ട എണ്‍പതുകാരനെ വിവാഹം കഴിച്ച്‌ 23 വയസുകാരി

Spread the love

വൃദ്ധസദനത്തില്‍ വച്ച്‌ പരിചയപ്പെട്ട എണ്‍പതുകാരനെ വിവാഹം കഴിച്ച്‌ 23 വയസുള്ള യുവതി. ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് സംഭവം. വൃദ്ധസദനത്തിലെ അന്തേവാസിയായ ലീ എന്ന പടുവൃദ്ധനെയാണ് സിയാവോഫാങ് എന്ന യുവതി വിവാഹം കഴിച്ചത്. ഇതേ വൃദ്ധസദനത്തിലെ ജീവനക്കാരിയാണ് സിയാവോഫാങ്. ലളിതമായ ചടങ്ങായാണ് വിവാഹം സംഘടിപ്പിച്ചത്. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നെന്നും എന്നാല്‍, യുവതിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു എന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച്‌ യുവതി എണ്‍പതു വയസുള്ള വൃദ്ധനെ വിവാഹം കഴിക്കുകയായിരുന്നു. വധുവിന്റെയും വരന്റെയും വീട്ടുകാരോ ബന്ധുക്കളോ വിവാഹ ചടങ്ങിന് എത്തിയില്ല. ‘ലീയുടെ പ്രായം അദ്ദേഹത്തെ വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കുറവായി താൻ കാണുന്നില്ലെ’ന്നാണ് സിയാവോഫാങ് പറഞ്ഞത്. അവളുടെ പക്വത, സ്നേഹം, ജ്ഞാനം എന്നിവയാണ് തന്നെ ആകർഷിച്ചത് എന്നും ലീയും കൂട്ടിച്ചേർക്കുന്നു. വളരെ ചെറിയ പ്രായമാണെങ്കില്‍ കൂടിയും സിയാവോഫാങിൻറെ മറ്റുള്ളവരോടുള്ള സഹാനുഭൂതിയും കരുണയും പ്രസരിപ്പുമാണ് അവളെ തൻറെ ജീവിതപങ്കാളിയാക്കാൻ താൻ തീരുമാനിച്ചതിന് പിന്നിലെ കാരണമെന്ന് ലീയും പറഞ്ഞു. വൃദ്ധസദനത്തിലെ ഏതാനും അന്തേവാസികള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ വളരെവേഗം വൈറലായി. വൃദ്ധനായ ഒരാളെ ജീവിത പങ്കാളിയാക്കിയ പെണ്‍കുട്ടിയുടെ പ്രവൃത്തിയെ വിഡ്ഢിത്തമെന്നാണ് ചൈനീസ് സമൂഹ മാധ്യമത്തിലെ ചില ഉപയോക്താക്കള്‍ വിമർശിച്ചത്. എന്നാല്‍ പ്രണയത്തിന് പ്രായമില്ലെന്നും എല്ലാ എതിർപ്പുകളെയും അവഗണിച്ച്‌ തൻറെ പ്രണയത്തിനൊപ്പം നിന്ന പെണ്‍കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ചേ മതിയാകൂ എന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്. സ്വന്തമായി സമ്ബാദ്യം ഒന്നുമില്ലാത്ത ലീ തൻറെ പെൻഷൻ പണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സിയാവോഫാങ്ങിൻറെ ഏക വരുമാന മാർഗം വൃദ്ധസദനത്തിലെ ജോലിയാണ്. എന്നാല്‍, ഭാവിയെക്കുറിച്ച്‌ തനിക്ക് ആശങ്കകള്‍ ഒന്നുമില്ലെന്നും ലീ തന്നോടൊപ്പം ഉണ്ടെങ്കില്‍ എന്തും സാധിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സിയാവോഫാങ് പറയുന്നു

Leave a Reply

Your email address will not be published.