
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച യാക്കോബായ സഭാ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര് കൂറിലോസിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയമാണ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയതെന്നും ഇനിയൊരു പ്രളയം ഉണ്ടാകില്ലെന്ന് ഓര്‍ക്കണമെന്നും ഒരു പുരോഹിതന് പറഞ്ഞതായി മാധ്യമങ്ങളില്‍ കണ്ടു. പുരോഹിതര്‍ക്കിടയിലും വിവരദോഷികള്‍ ഉണ്ടാകും എന്നാണ് ആ വാചകം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 600 വാഗ്ദാനങ്ങളില്‍ ചിലത് ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ നല്‍കാനായിട്ടില്ല. അത് പരിഹരിക്കാനുള്ള നടപടി ഉടന്‍ ഉണ്ടാകും. സാമൂഹിക സുരക്ഷാ പെന്ഷന് കുടിശിക അതിവേഗം കൊടുത്ത് തീര്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സെക്രട്ടേറിയറ്റ് വളപ്പില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍നിന്നു ചീഫ് സെക്രട്ടറി ഡോ. വി. വേണു പ്രോഗ്രസ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.