
ലോക്സഭാ തിരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് പാര്‍ട്ടികള്‍ക്ക് വിശ്രമിക്കാന്‍ സമയമില്ല. രണ്ടു എംഎല്‍എ മാര്‍ എംപിമാരായി മാറിയതോടെ രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. വന്‍ ഭൂരിപക്ഷത്തില്‍ ജയം നേടിയ രാഹുല്‍ രണ്ടു മണ്ഡലങ്ങളില്‍ ഒന്നായി വയനാടിനെ കൈവിടാന്‍ തീരുമാനിച്ചാല്‍ ഒരു ലോക്സഭാ മണ്ഡലത്തിലൂം ഉപതെരഞ്ഞെടുപ്പ് വരും. സിപിഎമ്മിനാകട്ടെ മന്ത്രിസഭാ പുന:സംഘടനയും ആവശ്യമായി വരും. ലോക്സഭാ മണ്ഡലങ്ങളായ വടകരയില്‍ നിന്നും മത്സരിച്ചു ജയിച്ച ഷാഫി പറമ്പിലും ആലത്തൂരില്‍ മത്സരിച്ചു ജയിച്ച രാധാകൃഷ്ണനും പാര്‍ലമെന്റിലേക്ക് നീങ്ങുന്നതോടെ ഇവരുടെ നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം വരുന്നത്. ചേലക്കരയില്‍ രാധാകൃഷ്ണന്റെ പിന്‍ഗാമിയെ സിപിഎം ഉടന്‍ തീരുമാനിക്കും. കോണ്‍ഗ്രസിന് ഷാഫിയുടെ പാലക്കാട് നിലനിര്‍ത്തേണ്ട സാഹചര്യമുണ്ട്. ഇതോടെ ഒരു ലോക്സഭാ തെരഞ്ഞെടുപ്പു കൂടി വരുന്നത് കണക്കാക്കിയാല്‍ കേരളത്തില്‍ മൂന്ന് ഉപതെരഞ്ഞെടുപ്പുകളെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ നേരിടാന്‍ പോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട ഇടതുപക്ഷത്തിന് തന്നെയാകും ഇക്കാര്യത്തില്‍ കുടുതല്‍ സമ്മര്‍ദ്ദം. പാലക്കാട്ട് ബിജെപിയ്ക്കും വലിയ സ്വാധീനമുള്ള മണ്ഡലമാണെന്നത് ഇരു മുന്നണികളെയും സമ്മര്‍ദ്ദത്തിലാക്കും. വയനാട് രാഹുല്‍ കൈവിട്ടാല്‍ ആരു മത്സരിക്കാനെത്തുമെന്നതാണ് പ്രധാന ചോദ്യം. പാലക്കാട് സീറ്റ് കോണ്‍ഗ്രസ് യുവ നേതാവായ രാഹുല്‍ മാങ്കൂട്ടത്തെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. രാധാകൃഷ്ണന്റെ പകരക്കാരനായി പി.കെ. ബിജുവിന്റെ പേരിനും മുന്‍തൂക്കമുണ്ട് ദേവസ്വം മന്ത്രി സ്ഥാനം രാജി വെയ്ക്കുന്ന കെ. രാധാകൃഷ്ണന് പകരക്കാരനായി മന്ത്രിസഭയില്‍ പുതിയ ആളെത്തുന്നതോടെ വകുപ്പ് മാറ്റവും ഉണ്ടാകാന്‍ സാധ്യതയുണ്ട്..