
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വിജയനഗർ മെട്രോ സ്റ്റേഷനില്‍ 20 മിനിറ്റിലധികം താമസിച്ചതിന് ഒരു യാത്രക്കാരന് ബെംഗളുരു മെട്രോ പിഴ ചുമത്തിയെന്ന് ബാംഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ മൊബൈല്‍ ഫോണിന്റെ ചാർജ് തീർന്നതിനാല്‍ അത് ചാർജ് ചെയ്യാൻ മെട്രോ സ്റ്റേഷനില്‍ കൂടുതല്‍ നേരം നില്‍ക്കേണ്ടി വന്നുവെന്ന് യുവാവ് വിശദീകരിച്ചുവെങ്കിലും മെട്രോ ജീവനക്കാർ പിഴ ഈടാക്കി. അനുവദിച്ചതിലുമധികം 20 മിനിറ്റ് പരിധി കവിഞ്ഞാല്‍ പിഴ ഈടാക്കുമെന്നാണ് നിയമം.
മെട്രോ സ്റ്റേഷനുകളില്‍ കാത്തു നില്‍ക്കുന്നത് ഒരു പുതിയ കാര്യമല്ല. കൂടെയുള്ളവർ വരാൻ താമസിച്ചാലോ സമയത്തിന്റെ പ്രശ്നങ്ങളുണ്ടെങ്കിലോ ഒക്കെ മെട്രോ സ്റ്റേഷനില്‍ കുറച്ചു നേരം നിന്ന് യാത്ര തുടരുന്ന ഒരു ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ട്.
എന്നാല്‍ ബെംഗളുരു മെട്രോയില്‍ ഇങ്ങനെ കാത്തു നിന്നാല്‍ പണി കിട്ടും. എന്താണ് സംഗതിയെന്നല്ലേ. ബെംഗളുരു മെട്രോ സ്റ്റേഷനുകളില്‍ അനുവദിച്ചിരിക്കുന്നതിലും കൂടുതല്‍ സമയം ചെലവഴിക്കുന്നവർക്ക് ബി എം ആർ സി എല്‍ പിഴ ചുമത്തും എന്നത് അധികമാർക്കും അറിയുന്ന ഒരു കാര്യമല്ല. യാത്രക്കാർ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് പുറത്തുകടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും താമസിക്കാതിരിക്കുന്നതിനുമായാണ് അധികൃതർ ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്.
എന്നാല്‍ ഇങ്ങനെയൊരു നിയമം ഉണ്ടെങ്കിലും പലരും അതറിയാതെ അധിക സമയം പല കാര്യങ്ങള്‍ക്കായി മെട്രോ സ്റ്റേഷനില്‍ തുടരാറുണ്ട്. മെട്രോ ഇറങ്ങി കഴിഞ്ഞാല്‍ സമയപരിധിക്കപ്പുറം സ്റ്റേഷനില്‍ തുടരുന്നത് പിഴ ലഭിക്കാൻ ഇടയാക്കും എന്നതാണ് കഴിഞ്ഞ ദിവസത്തെ ഒരു സംഭവം സൂചിപ്പിക്കുന്നത്. ഈ നയം പുതിയതല്ലെന്നും പ്രവർത്തനം ആരംഭിച്ചതുമുതല്‍ നിലവിലുള്ളതാണെന്നും ഒരു ബിഎംആർസിഎല്‍ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ടോക്കണ്‍ ലഭിച്ച് 20 മിനിറ്റിനുള്ളില്‍ യാത്രക്കാർ സ്റ്റേഷനില്‍ നിന്ന് പുറത്തുകടക്കണം. ഈ പരിധി കവിയുന്നവർക്ക് മണിക്കൂറില്‍ പിഴ ചുമത്തും. ബിഎംആർസിഎല്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച്, കർശനമായി ട്രെയിൻ ഉപയോഗത്തിനാണ്, മറ്റ് പ്രവർത്തനങ്ങള്‍ക്കല്ല. അനുവദിച്ച സമയത്തിനപ്പുറം താമസിച്ചാല്‍ മണിക്കൂറിന് 50 രൂപയോ 10 രൂപയോ പിഴ ഈടാക്കാം എന്നാണ് നിയമം.