Sharonraj: ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുമായി ഇന്ന് തെളിവെടുക്കും

Spread the love

പാറശാല ഷാരോൺ(sharon) കൊലക്കേസിൽ മുഖ്യ പ്രതി ഗ്രീഷ്മ(greeshma)യുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുക്കും. കസ്റ്റഡിയിൽ ലഭിച്ച്, വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഒന്നാം പ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ്. രാമവർമ്മൻചിറ(ramavarmanchira)യിലെ വീട്ടിലെത്തിച്ച് കൃത്യസ്ഥല മഹസർ തയാറാക്കുകയാണ് പ്രധാന നടപടി.

ഒപ്പം ഷാരോണും ഗ്രീഷ്മയും ഒരുമിച്ചെത്തിയ മറ്റു സ്ഥലങ്ങളിലും തെളിവെടുപ്പുണ്ടാകും. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ ക്യാമറയിൽ ചിത്രീകരിക്കും. കനത്ത പൊലീസ് സുരക്ഷയിലാകും തെളിവെടുപ്പിന് ഗ്രീഷ്മയെ എത്തിക്കുക. തമിഴ്നാട് പളുകൽ പൊലീസും സഹായത്തിനുണ്ടാകും.

അമ്മ സിന്ധുവിനെയും, അമ്മാവൻ നിർമ്മൽ കുമാറിനെയും നേരത്തെ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു. കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധന ഫലവും ഇന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം ഗ്രീഷ്മയുടെ വീട്ടിലെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയതിലെ ദുരൂഹത പൊലീസ് അന്വേഷിക്കുകയാണ്.

പളുകൽ പൊലീസാണ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് സംഭവമന്വേഷിക്കുന്നത്. തമിഴ്നാട് ഫോറൻസിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. എന്നാൽ തെളിവ് നശിപ്പിക്കാനായാലും മോഷണ ശ്രമമാണെങ്കിലും കേസിനെ ബാധിക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Leave a Reply

Your email address will not be published.