ഇപ്പ തോറ്റേനെ; മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ഇന്ത്യക്ക് ജയം, സിംബാബ്‌വെ പൊരുതിയത് സിക്കന്ദര്‍ റാസയുടെ കരുത്തില്‍

Spread the love

ഹരാരെ: സിംബാബ്‌വെയുമായുള്ള മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് 13 റണ്‍സിന്റെ ജയം. 289 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയര്‍ 49.3 ഓവറില്‍ 276 റണ്‍സെടുത്ത് പുറത്തായി. 95 പന്തില്‍ 115 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് സിംബാബ്‌വെക്ക് വിജയ പ്രതീക്ഷ നല്കിയത്. ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു റാസയുടെ ഇന്നിംഗ്‌സ്. 46 പന്തില്‍ 45 റണ്‍സെടുത്ത ഷോണ്‍ വില്ല്യംസ് മാത്രമാണ് റാസയ്ക്ക് പുറമെ സിംബാബ്‌വെക്കായി തിളങ്ങിയത്. ക്യാപ്റ്റന്‍ റെജിസ് ചകബ്വ 16 റണ്‍സെടുത്ത് പുറത്തായി.അതേ സമയം മികച്ച ബൗളിങ്ങ് കാഴ്ച്ചവെച്ചതാണ് അവസാന ഓവറില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യക്കായി ആവേശ് ഖാന്‍ 9.3 ഓവറില്‍ 66 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഷര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടി. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഗില്‍ 97 പന്തില്‍ 130 റണ്‍സെടുത്ത ശേഷമാണ് പുറത്തായത്. 15 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ഇഷാന്‍ കിഷന്‍ 61 പന്തില്‍ 50 റണ്‍സ് നേടി ഗില്ലിന് മികച്ച പിന്തുണ നല്‍കി

ഒന്നാം വിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ ധവാനും കെഎല്‍ രാഹുലും നല്‍കിയത്. ധവാന്‍ 68 ബോളില്‍ 40 റണ്‍സും രാഹുല്‍ 46 പന്തില്‍ 30 റണ്‍സും നേടി പുറത്തായി. മധ്യനിരയില്‍ ദീപക് ഹൂഡക്കും മലയാളി താരം സഞ്ജു സാംസണിനും തിളങ്ങാനായില്ല. ഹൂഡ ഒരു റണ്‍സും സഞ്ജു 15 റണ്‍സും നേടി പുറത്തായി.സിംബാബ്‌വെക്കായി ബ്രാഡ് ഇവാന്‍സ് 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. വിക്ടര്‍ ന്യുചി, ലൂക്ക് ജോങ്വെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മുഹമ്മദ് സിറാജിന് പകരം ആവേശ് ഖാനും പ്രസിദ്ധ് ക്യഷ്ണക്ക് പകരം ദീപക് ചഹാറുമാണ് ഇന്ത്യന്‍ നിരയില്‍ ഇടം പിടിച്ചത്. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.