റോബിൻ ബസ്സുടമ ഗിരീഷിനെ പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. കോടതി അവധിയായതിനാൽ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കുമെന്ന് പൊലീസ് അറയിച്ചു. പാലാ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി റോബിൻ ഗിരീഷിൻ്റെ വൈദ്യപരിശോധന പൂർത്തിയാക്കിയ പൊലീസ് അദ്ദേഹവുമായി കൊച്ചിയിലേക്ക് തിരിച്ചു.

2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. ഇത് പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിച്ചു. റോബിൻ ബസ്സിന് ഓൾഇന്ത്യ പെർമിറ്റ് നേടിയ റോബിൻ ഗിരീഷ് പത്തനംതിട്ട-കോയമ്പത്തൂർ സർവീസ് നടത്തുന്നതിനെതിരേ കേരള മോട്ടോർ വാഹനവകുപ്പ് രംഗത്തുവരികയും വാഹനം തുടർച്ചയായി തടഞ്ഞ് പരിശോധിക്കുകയും പിഴ ചുമത്തുകയും ചെയ്തത് വൻ വാർത്തയായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ബസ് പിടിച്ചെടുത്ത് എ ആർ ക്യാംപിലേക്ക് മാറ്റുകയും ചെയ്തിരുന്നു.