
ജീവകാരുണ്യ പ്രവർത്തകനും വ്ളോഗറുമായ യുവാവിന്റെ നേതൃത്വത്തിൽ ജ്വല്ലറി കവർച്ച ശ്രമിച്ച പ്രതികൾ പിടിയിലായി. അർധരാത്രി ജ്വല്ലറിയുടെ ഭിത്തി തുരന്നു കവർച്ചയ്ക്കു ശ്രമിക്കവെയാണ് പ്രതികൾ പൊലീസ് പിടിയിലായത്. കോഴിക്കോട് നരിക്കുനി എംസി ജ്വല്ലറിയിലാണു സംഭവം . ചാരിറ്റി പ്രവർത്തകനും വ്ലോഗറുമായ നിലമ്പൂർ പോത്തുകല്ല് എടത്തൊടി വീട്ടിൽ നിധിൻ കൃഷ്ണൻ , വെളിമണ്ണ ഏലിയ പാറമ്മൽ നൗഷാദ് ,പോത്തുകല്ല് പരപ്പൻ വീട്ടിൽ അമീർ, വേനപ്പാറ കായലുംപാറ കോളനിയിൽ ബിബിൻ എന്നിവരാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.രാത്രികാവലിനുണ്ടായിരുന്ന ഗൂർഖയാണു കവർച്ചാശ്രമം തടഞ്ഞ് പ്രതികളെ കുടുക്കിയത്.അസ്വാഭാവിക സാഹചര്യത്തിൽ ജ്വല്ലറിക്കു മുൻപിൽ കാർ കിടക്കുന്നത് കണ്ട് ഗൂർഖ രാജ് ബഹാദൂർ നോക്കിയപ്പോൾ നാലംഗ സംഘം പിൻചുമർ തുരക്കുന്നതാണ് കണ്ടത്. പ്രതികളിലൊരാളെ ഗൂർഖ പിടികൂടിയെങ്കിലും മറ്റു 3 പേർ ഓടി രക്ഷപ്പെട്ടു. ഇതിനിടെ ഗൂർഖയ്ക്കും പരുക്ക് പറ്റിയിരുന്നു. ഉടൻ തന്നെ പൊലീസ് എത്തി ഗൂർഖ പിടിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ രക്ഷപ്പെട്ട മറ്റ് പ്രതികളെയും അറസ്റ്റുചെയ്തു .കാർ തടഞ്ഞ് സാഹസികമായിട്ടാണ് പൊലീസ് ഇവരെ പിടികൂടിയത്.
