എംടി വാസുദേവൻ നായർ എന്ന മഹാപ്രതിഭയ്ക്ക് ജന്മം നൽകിയതിന് സാക്ഷിയായ നാടാണ് നിളാനദിയുടെ ദ്രിശ്യചാരുത നിറഞ്ഞുനിൽക്കുന്ന കൂടല്ലൂർ ഗ്രാമം. വ്യത്യസ്തമായ ഭൂതലങ്ങൾ തേടി പലപ്പോഴും അദ്ദേഹം അലയാറുണ്ടെങ്കിലും വീണ്ടും വന്നെത്തുന്നത് കൂടല്ലൂരിൽ തന്നെയാണ്. നവതിയുടെ നിറവിൽ നിൽക്കുന്ന എം ടി തന്നെയാണ് കൂടല്ലൂരുകാർക്ക് ഇന്നും ദേശത്തിന്റെ കാരണവർ.

വേരുകൾ പറിച്ചു മാറ്റാനാവാത്തവിധം അഭേദ്യ ബന്ധമാണ് എംടിക്ക് കൂടല്ലൂരെന്ന ചെറിയ ഗ്രാമത്തോടുള്ളത്. താന്നിക്കുന്നും എത്രകേട്ടാലും മതിവരാത്ത കവിത പോലെ ഒഴുകുന്ന നിളയും, എംടി കഥകളിൽ നിറഞ്ഞു നിൽക്കുന്ന ജീവസുറ്റ കഥാപാത്രങ്ങളും കണ്ണാന്തളിയും നീലത്താമരയുമൊക്കെ ചേരുന്ന കൂടല്ലൂർ. എംടി തന്റെ ഗ്രാമത്തേക്കുറിച്ച് വിശേഷിപ്പിച്ചത് അമരന്മാരുടെ നാടെന്നാണ്. വിശ്വസാഹിത്യകാരനായി വളർന്ന എംടി ലോകയാത്രകൾക്ക് ശേഷം തിരികെ എത്തുന്നത് കൂടല്ലൂരിൽ തന്നെ.

