തൃശൂര്‍ വടക്കാഞ്ചേരിയില്‍ കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിൽ മോഹന്റേതാണ് മൊഴി. ആനയുടെ ജഡാവിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്ന് നടത്തും.

അഖിൽ മോഹന്റെ മൊഴി തന്നെയായിരുന്നു വടക്കാഞ്ചേരി വാഴക്കോട്ട് റബ്ബർ തോട്ടത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്താന്‍ നിര്‍ണായകമായത്. അഖിലിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുളളതായി അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ കാട്ടാനയെ കുഴിച്ചുമൂടാന്‍ ആറ് പേര് ഉണ്ടായിരുന്നുവെന്നാണ് അഖിലിന്റെ മൊഴി. ആറംഗ സംഘത്തിൽ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

