ലിവിംഗ് ടുഗതറിനെ നിയമപരമായ വിവാഹമായി കാണാനാകില്ലെന്ന് കേരളാ ഹൈക്കോടതി. അതിനാൽ വിവാഹമോചനഹർജി നിലനിൽക്കില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 17 വർഷമായി ലിവിംഗ് ടുഗതറായി ഒന്നിച്ച് താമസിക്കുകയായിരുന്നവരുടെ വിവാഹമോചന ഹർജി എറണാകുളം കുടുംബകോടതി തള്ളിയതിനെതിരെ നൽകിയ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുവരും സംയുക്തമായാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചത്. എന്നാൽ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടന്നിട്ടില്ലാത്തതിനാൽ കുടുംബകോടതി ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
2006 ഫെബ്രുവരി 19 മുതൽ ഒന്നിച്ചു താമസിക്കുന്നവരായിരുന്നു ഹർജിക്കാർ. രജിസ്റ്റർ ചെയ്ത കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും ഒന്നിച്ചു താമസം തുടങ്ങിയത്. ഒരാൾ ഹിന്ദുമത വിശ്വാസിയും മറ്റൊരാൾ ക്രിസ്ത്യൻമത വിശ്വാസിയുമായിരുന്നു. ഈ ബന്ധത്തിൽ 16 വയസ്സുള്ള കുട്ടിയും ഇവർക്കുണ്ട്.
