തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹന പരിശോധന വേളകളിലെ തര്‍ക്കം ഒഴിവാക്കാന്‍ പുതിയ സംവിധാനം ഉപകരിക്കുമെന്നും 692 ക്യാമറകള്‍ നിലവില്‍ പ്രവര്‍ത്തന സജ്ജമന്നും വിദഗ്ധസമിതി വ്യക്തമാക്കിയതായി മന്ത്രി അറിയിച്ചു.നിരവധി കേസുകളില്‍ തെളിവുണ്ടാക്കുന്നതിനും ഈ ക്യാമറകള്‍ സഹായിച്ചു. 2,42,746 നിയമ ലംഘനങ്ങളാണ് രണ്ടാം തീയതി വരെ ക്യാമറകളിലൂടെ കണ്ടെത്തിയത്. എ ഐ ക്യാമറയ്ക്ക് വിഐപി പരിഗണന ഇല്ല.

എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രമേ ഇളവുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.എ ഐ ക്യാമറകള്‍ വന്നതിന് ശേഷം ഗതാഗതനിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഉണ്ടായിരുന്ന നിയമം അതേപടി തുടരും. ആരെയും ഒഴിവാക്കാന്‍ സാധിക്കില്ല. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങളിലെ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനം അന്തിമ തീരുമാനം എടുക്കുന്നത് വരെയും പിഴ ഈടാക്കില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.എ ഐ ക്യാമറയുടെ കാര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങളില്‍ കഴമ്പില്ല. പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും തമ്മിലുള്ള അടിയുടെ ഭാഗമാണ് ഈ ആരോപണങ്ങള്‍. കെല്‍ട്രോണിനെ സംശയിച്ച് പ്രതിപക്ഷം നീതിപീഠത്തെ സമീപിക്കാത്തത് തിരിച്ചടി നേരിടുമെന്ന ബോധ്യമുള്ളതിനാലാണെന്നും മന്ത്രി വ്യക്തമാക്കി.
