പുഴുങ്ങിയ മുട്ട,തേൻ, കുടംപുളി, ജാതിക്ക തുടങ്ങി എന്തു നൽകിയാലും കൈക്കൂലിയായി വാങ്ങും. കൈക്കൂലി വാങ്ങാതെ ഒന്നും ചെയ്യുകയുമില്ല. കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാറിനെ പറ്റി നാട്ടുകാർ പറയുന്ന കാര്യമാണിത്. ഇയാളെ തൃശൂർ വിജിലൻസ് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ജൂൺ 7ന് കേസ് വീണ്ടും പരിഗണിക്കും. 35 ലക്ഷം രൂപയും 17 കിലോ നാണയവുമാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ 70 ലക്ഷം രൂപയുടെ നിക്ഷേപവും കണ്ടെത്തി. അദാലത്തില്‍നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആണ് തിരുവനന്തപുരം സ്വദേശി വി സുരേഷ്‌കുമാർ അറസ്റ്റിലായത്.
ബാങ്കില്‍ 45 ലക്ഷം രൂപ സ്ഥിരം നിക്ഷേപവും 25 ലക്ഷം രൂപ സേവിങ്സുമാണ്. ഇയാള്‍ താമസിക്കുന്ന മണ്ണാര്‍ക്കാട്ടെ ക്വാർട്ടേഴ്സിലെ മുറിയില്‍നിന്ന് കണ്ടെത്തിയ 35 ലക്ഷം രൂപ പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. പാലക്കയം വില്ലേജ് ഓഫീസിലാണ് സുരേഷ് കുമാറിന്റെ ജോലി.
മഞ്ചേരി സ്വദേശിയുടെ പാലക്കയം വില്ലേജ് പരിധിയിലെ 45 ഏക്കറിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി ദിവസങ്ങൾക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നു. സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിന്റെ കൈവശമാണെന്ന് വ്യക്തമായി. സുരേഷ് കുമാറിനെ ഫോണിൽ വിളിച്ചപ്പോൾ 2500- രൂപ ആവശ്യപ്പെട്ടു. കൈക്കൂലിയുമായി മണ്ണാർക്കാട് താലൂക്ക് റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളേജിൽ എത്താനും നിര്‍ദേശിച്ചു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നുവെന്ന് പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി എസ് ഷംസുദ്ദീന്‍ പറഞ്ഞു.
കാറിൽവച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ്കുമാറിനെ വിജിലന്‍സ് സംഘം പിടികൂടിയത്. ഇതേ പരാതിക്കാരനിൽ നിന്നും ആറുമാസം മുമ്പ് 10,000 രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി അഞ്ച് മാസം മുമ്പ് 9000 രൂപയും സുരേഷ്കുമാർ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്.