മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക്ക് ഒബാമയ്ക്ക് റഷ്യയില്‍ വിലക്ക്

Spread the love

മുന്‍ യുഎസ് പ്രസിഡന്‍റ്  ബരാക് ഒബാമയുൾപ്പെടെയു‍ള്ള യു.എസ് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ. 500 ഓളം യുഎസ് പൗരര്‍ക്കാണ് റഷ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. യുഎസ് ഭരണകൂടം റഷ്യക്കെതിരേ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് റഷ്യയുടെ തിരിച്ചടിയാണ് ഇപ്പോ‍ഴത്തെ കരിമ്പട്ടിക. വെള്ളിയാ‍ഴ്ചയാണ് റഷ്യ അമേരിക്കയ്ക്കെതിരെ നടപടിയുമായി രംഗത്തെത്തിയത്.

റഷ്യക്കെതിരെ ശത്രുതാപരമായി സ്വീകരിക്കുന്ന ഒരു ചെ‌റിയ നടപടിക്കുപോലും തിരിച്ചടി നേരിടേണ്ടിവരുമെന്ന പാഠം അമേരിക്ക നേരത്തേ പഠിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വിദേശകാര്യ മന്ത്രാലയം കരിമ്പട്ടിക പുറത്തിറക്കിയത്.

ഒബാമയെക്കൂടാതെ അമേരിക്കൻ ടെലിവിഷൻ അവതാരകരായ സ്റ്റീഫൻ കോൾബെർട്ട്, ജിമ്മി കിമ്മെൽ, എറിൻ ബർണട്ട് (സി.എൻ.എൻ.), റേച്ചൽ മാഡോ, ജോ സ്കാർബൊറോ (എം.എസ്.എൻ.ബി.സി.) തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്. കൂടാതെ യു.എസ്. കോൺഗ്രസ് അംഗങ്ങളും യുക്രെയ്ന് ആയുധസഹായം നൽകിയ കമ്പനികളുടെ മേധാവികളും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.

റഷ്യാവിരുദ്ധതയ്ക്കും യുക്രെയ്ന് വിഷയത്തിൽ റഷ്യക്കെതിരേ വ്യാജവാർത്ത പ്രചരിപ്പിച്ചതിന്റെ പേരിലുമാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

യുക്രെയ്ന് യുദ്ധത്തിനുത്തരവാദിയായ റഷ്യയെ ശിക്ഷിക്കുന്നതിന്റെ ഭാഗമായി നൂറിലധികം റഷ്യൻ കമ്പനികൾക്കും വ്യക്തികൾക്കും വെള്ളിയാഴ്ച യു.എസ് ഉപരോധമേർപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.