രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിന്റെ നിറവില്‍. ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത് പോലെ രാജ്യത്തിന് മാതൃകയായ ബദല്‍ ഉയര്‍ത്തിയാണ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. വിദ്യാഭ്യാസ – ആരോഗ്യ രംഗത്തെ സമഗ്ര മാറ്റം, മികവുറ്റ വ്യവസായ സൗഹൃദ സംസ്ഥാനം, ലൈഫ് -പെന്‍ഷന്‍ തുടങ്ങി നേട്ടങ്ങളുടെ പട്ടിക അങ്ങനെ നീളുന്നു. ഏത് പ്രതിസന്ധിയെയും വിവാദത്തെയും ഇശ്ചാശക്തിയോടെ നേരിട്ടത് തന്നെയാണ് സര്‍ക്കാരിന്റെ മുഖമുദ്ര.
രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി മൂന്നിലേക്ക് കുതിക്കുമ്പോള്‍ നേട്ടങ്ങളുടെ പട്ടികയും കുതിക്കുകയാണ്. ചുറ്റുപാടുമുള്ള സമാധാനം, കൃത്യമായി ലഭിക്കുന്ന റേഷന്‍, മിതമായ നിരക്കില്‍ സര്‍ക്കാര്‍ പൊതുവിതരണ സ്ഥാപനങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍, മരുന്നും ചികിത്സയും ഉറപ്പുവരുത്തുന്നു, നഴ്സറി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള മികച്ച നിലവാരം, മികച്ച റോഡുകളും പാലങ്ങളും, ഗതാഗത സൗകര്യം, തൊഴില്‍, വിനോദം ഇതാണ് രണ്ടു വര്‍ഷത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ചുരുക്കം.
കിടപ്പാടമില്ലാത്ത ജനലക്ഷങ്ങള്‍ക്ക് അടച്ചുറപ്പുള്ളവീട് നല്‍കുന്ന ലൈഫ് ഭവനപദ്ധതി, 62 ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനുകള്‍ കൃത്യമായി എത്തിക്കുന്ന രാജ്യത്തെ ഏകസംസ്ഥാനം ഇവയെല്ലാം കേരളത്തെ മികച്ചതാക്കുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയില്‍ പോലും ഒരു ഘട്ടത്തിലും ട്രഷറി പ്രതിസന്ധിയുണ്ടായില്ല. പവര്‍കട്ടിന്റെ കാര്യം കേരളം മറന്നു. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഉപഭോഗ മണിക്കൂറുകള്‍ ഈ വര്‍ഷമുണ്ടായിട്ടും വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചില്ല. വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കെഎസ്ആര്‍ടിസി പൊതുജന സേവനത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറി, പുതിയ ബസുകള്‍ നിരത്തിലിറങ്ങി.
കേന്ദ്രം വില്‍ക്കാന്‍ തീരുമാനിച്ച സ്ഥാപനങ്ങളടക്കം 23 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്ക് നയിച്ചത് ചരിത്രനേട്ടമാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലുറപ്പ് വേതനവും അധികം തൊഴില്‍ ദിനങ്ങളും സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെങ്കിലും 245 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചു.
ബൈപ്പാസുകളും ഫ്‌ലൈഓവറുകളും മേല്‍പ്പാലങ്ങളും വ്യാപകമായി തുറന്നതോടെ കേരളം അനുഭവിക്കുന്ന ഗതാഗതക്കുരുക്കുകള്‍ക്ക് വലിയതോതില്‍ പരിഹാരം കണ്ടെത്താനായി. ദേശീയപാത അടക്കം കേന്ദ്രസഹായമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ്. ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ പങ്ക് വഹിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. മലയോര ഹൈവേ – തീരദേശ ഹൈവേ എന്നിവ കേരള ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതാകും.
മാലിന്യമുക്ത കേരളത്തിലേക്കുള്ള ചുവടുവയ്പുകളും വന്‍ പ്രതീക്ഷ നല്‍കുന്നതാണ്. വിനോദ സഞ്ചാരമേഖലയിലേക്കുള്ള ഒഴുക്ക് കേരളം ഈ രംഗത്ത് നടത്തിയ ഇടപെടലിന്റെ കൂടി ഫലമായി. സാമ്പത്തികമായി കേന്ദ്രം ഞെരുക്കിയപ്പോഴും പ്രതിപക്ഷം വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ചപ്പോഴും സര്‍ക്കാര്‍ വസ്തുതകളെയും ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി പ്രവര്‍ത്തിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഈ ഇശ്ചാശക്തിയാണ് കേരളത്തെ ഇന്ന് മുന്നോട്ട് നയിക്കുന്നതും.