അപ്രതീക്ഷിതമായ ഒരു പുഞ്ചിരി മാത്രം മതി നിങ്ങളുടെ ദിവസം മാറ്റാൻ. അത്തരത്തിൽ ഒരു ചിരി സൂര്യനിൽ നിന്ന് ആയാലോ? ഈ ചോദ്യങ്ങൾ എന്തിനെന്ന് തോന്നാമെങ്കിലും നാസ പങ്കുവെച്ച സൂര്യന്റെ ചിരിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം.
സൂര്യ(sun)ന് രണ്ട് കണ്ണുകളും,ചിരിക്കുന്ന ചുണ്ടും ഉള്ളതായി തോന്നിക്കുന്ന ചിത്രമാണ് നാസ പുറത്തു വിട്ടത്. നാസ(NASA)യുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ചിരിക്കുന്ന സൂര്യനെന്ന് തോന്നിക്കുമെങ്കിലും യഥാർത്ഥത്തിൽ ഇത് അതല്ലെന്നും സംഘടന വിശദീകരിക്കുന്നുണ്ട്.
സൂര്യന്റെ കണ്ണൊക്കെ പോലെ തോന്നുന്ന ചിത്രം യഥാർത്ഥത്തിൽ കെറോണൽ ഹോളുകളാണ്.സൂര്യന്റെ താപമേറിയ കാറ്റ്, വലയത്തെ ഭേദിച്ചു പുറത്ത് പോകുന്നതാണ് കണ്ണും മൂക്കുമൊക്കെയായി തോന്നിക്കുന്നത്. സൂര്യന് ചുറ്റും അള്‍ട്രാവയലറ്റ് രശ്മികള്‍ പ്രകാശം പരത്തി നില്‍ക്കുന്നതും ചിത്രത്തിൽ കാണാം
സൂര്യന്റെ ചിരിക്കുന്ന മുഖം പുറത്തുവന്നതിനു പിന്നാലെ, വിവിധ വസ്തുക്കളുമായും കഥാപാത്രങ്ങളുമായും അതിനെ താരതമ്യപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും വന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ശാസ്ത്രലോകത്തു കൗതുകമാകുകയാണ് സൂര്യന്റെ ഈ ചിരിക്കുന്ന ഈ ചിത്രം.