ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിനെ സ്വാഗതം ചെയ്ത് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍(കെജിഎംഒഎ). ഒരു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കുക, രണ്ട് മാസത്തിനുള്ളില്‍ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കുക, ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുക, വിചാരണയ്ക്കായി പ്രത്യേക കോടതികള്‍ ഏര്‍പ്പെടുത്തുക, തടവുശിക്ഷയും പിഴയും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആശുപത്രി ആക്രമണങ്ങള്‍ തടയാന്‍ കൂടുതല്‍ ഫലപ്രദമാകുമെന്നാണ് കരുതുന്നതെന്ന് കെജിഎംഒഎ പ്രസ്താവനയില്‍ അറിയിച്ചു.
നിലവിലെ ആശുപത്രി സംരക്ഷണനിയമത്തില്‍ നിന്ന് കാതലായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ഓര്‍ഡിനന്‍സ് രൂപീകരിക്കുന്നതില്‍ സംഘടന മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങളും സ്വാംശീകരിക്കപ്പെട്ടു എന്നതില്‍ സന്തോഷമുണ്ടെന്ന് കെജിഎംഒഎ പറയുന്നു. കൂടുതല്‍ സുരക്ഷിതത്വബോധത്തോടെ, ആത്മവിശ്വാസത്തോടെ സേവനം നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രാപ്തരാക്കാന്‍ പുതിയ ഓര്‍ഡിനന്‍സിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു. നിയമങ്ങളുടെ അഭാവമല്ല മറിച്ചു കാര്യക്ഷമമായ നടപ്പിലാക്കലാണ് സര്‍വ പ്രധാനം. പ്രസ്തുത ഓര്‍ഡിനന്‍സ് കാര്യക്ഷമമായി നടപ്പാക്കുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും കെജിഎംഒഎ അഭിപ്രായപ്പെട്ടു.
ആശുപത്രികളില്‍ രോഗീ അനുപാദത്തിന് അനുസൃതമായ മാനവ വിഭവ ശേഷി ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത് കൂടാതെ അത്യാഹിത വിഭാഗങ്ങളില്‍ ട്രയാജ് സംവിധാനം ഏര്‍പ്പെടുത്തണം. സെക്യൂരിറ്റി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ മെഡിക്കല്‍ പരിശോധനയ്ക്ക് ജയിലുകളില്‍ തന്നെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നടപടിയുണ്ടാകണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമര്‍പ്പിച്ച ക്രിയാത്മക നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കെ.ജി.എം.ഒ എ ആവശ്യപ്പെട്ടു.