സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി, പ്രഖ്യാപനം വൈകിട്ട്

Spread the love

കര്‍ണാടക മുഖ്യമന്ത്രി പദത്തിലേക്കുള്ള വടംവലിയില്‍ സിദ്ധരാമയ്യക്ക് വിജയം. ഡികെ ശിവകുമാര്‍ ഹൈക്കമാന്‍ഡിന് വ‍ഴങ്ങിയതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. മെയ് 13 ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ സിദ്ധരാമയ്യയും ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകണമെന്ന ആ‍വശ്യം പാര്‍ട്ടിയെ അറിയിച്ചിരുന്നു.സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ നാളെയുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയാകുമെന്ന വിവരങ്ങള്‍ വന്നപ്പോള്‍ തന്നെ സിദ്ധരാമയ്യുടെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

സോണിയ ഗാന്ധി ഇടപെട്ടാണ് ഡികെ ശിവകുമാറിനെ അനുനയിപ്പിച്ചെതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടില്‍ ഡികെ ശിവകുമാര്‍ ഉറച്ച് നില്‍ക്കുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടി ശിവകുമാറിന് വാഗ്ദാനം നല്‍കിയിരുന്നു.

ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചരിക്കുന്നത്. എന്നാല്‍ സീറ്റ് വീതം വയ്ക്കുന്നതിനോട് ശിവകുമാറിന് അനുകൂല നിലപാടല്ലെന്നാണ് സൂചന. കർണാടക കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ശിവകുമാർ തുടരും.

കര്‍ണാടക സര്‍ക്കാരില്‍  മുന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വാര്‍ത്തകള്‍. ലിംഗായത്ത്, എസ്‌സി, മുസ്‌‍ലിം വിഭാഗങ്ങളെ പ്രതിനിധീകരിച്ചായിരിക്കും ഇവരെത്തുക. മുസ്‌ലിം വിഭാഗവും ഉപമുഖ്യമന്ത്രി പദം ചോദിച്ചിട്ടുണ്ട്. എം.ബി. പാട്ടീൽ (ലിംഗായത്ത്), ഡോ.ജി. പരമേശ്വര (എസ്‌സി), യു.ടി. ഖാദർ (മുസ്‌ലിം) എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാരാകുക. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു യു.ടി. ഖാദർ. അഞ്ചാം വട്ടവും മംഗളൂരു മണ്ഡലത്തിൽനിന്ന് അദ്ദേഹം ജയിച്ചിരുന്നു. ഖാദറിനെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു.

Leave a Reply

Your email address will not be published.