
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ ബിജെപിയില്‍ നിന്ന് രാജിവെച്ച ലക്ഷ്മൺ സാവഡി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ മഹേഷ് കുമത്തള്ളിക്കെതിരെ അതാനി മണ്ഡലത്തിലാണ് ലക്ഷ്മൺ സാവഡി അങ്കത്തിനിറങ്ങുന്നത്. നാലാം യെദിയൂരപ്പ മന്ത്രിസഭയിൽ 2019 മുതൽ 2021 വരെ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായിരുന്നു സാവഡി. അതാനിയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു ലക്ഷമാണ് സാവഡി ബിജെപി വിട്ടത്.
യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവിയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്. ഗനിഗ ലിംഗായത്ത് വിഭാഗത്തിലെ ശക്തനായ നേതാവുമാണ്. 2004 മുതൽ 2018 വരെ ബെലഗാവി ഉത്തർ എംഎൽഎയായിരുന്നു. 2018-ൽ അന്ന് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മഹേഷ് കുമത്തള്ളിയോട് തോറ്റു. 2019-ൽ കുമത്തള്ളി കൂറ് മാറി ബിജെപിയിലെത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം.
അന്ന് കുമത്തള്ളിക്ക് സീറ്റ് നൽകിയപ്പോൾ 2023-ൽ തനിക്ക് സീറ്റ് നൽകുമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നൽകിയതാണെന്ന് സാവഡി പറയുന്നു. കുമത്തള്ളിക്ക് 2019-ൽ സീറ്റ് നൽകിയപ്പോൾ സാവഡിക്ക് എംഎൽസി സ്ഥാനം ബിജെപി നൽകിയിരുന്നു. എന്നാൽ രമേശ് ജർക്കിഹോളി കുമത്തള്ളിക്ക് ഇത്തവണയും സീറ്റ് നൽകിയേ തീരൂ എന്ന് വാശി പിടിച്ചു. ബിജെപി കേന്ദ്രനേതൃത്വം കൂറ് മാറിയെത്തിയവരുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
