
ചരിത്രശേഷിപ്പുകളായ താജ്മഹലും കുത്തബ് മിനാറും പൊളിച്ച് ക്ഷേത്രം പണിയണമെന്ന വിവാദ ആവശ്യവുമായി ബിജെപി എംഎല്‍എ. അസമില്‍ നിന്നുള്ള ബിജെപി എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ഇന്തോ-ഇസ്ലാമിക് വാസ്തുശില്പവിദ്യയുടെ ഉദാഹരണമായ ഈ ലോകാത്ഭുതങ്ങള്‍ പൊളിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും കുര്‍മി ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജഹാന് തന്റെ നാലാമത്തെ ഭാര്യ മുംതാസ് മഹലിനോടുള്ള സ്‌നേഹത്തെയും കുര്‍മി ചോദ്യം ചെയ്തു. മുംതാസിനെ സ്‌നേഹിച്ചിരുന്നെങ്കില്‍ പിന്നെ എന്തിനാണ് അവരുടെ മരണശേഷവും ഷാജഹാന്‍ മൂന്ന് തവണ വിവാഹം കഴിച്ചതെന്നും എംഎല്‍എ ചോദിച്ചു.
‘താജ്മഹലും കുത്തബ്മിനാറും എത്രയും പെട്ടന്ന് പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെയും സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ പണിയണം. ലോകത്തുളള മറ്റ് സ്മാരകങ്ങളേക്കാള്‍ മനോഹരമായിരിക്കണം അവയുടെ വാസ്തുവിദ്യകള്‍’, ബിജെപി നേതാവ് പറഞ്ഞു. അമ്പലം പണിയാനായി തന്റെ ഒരുവര്‍ഷത്തെ ശമ്പളം സംഭാവനയായി നല്‍കാമെന്നും എംഎല്‍എ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം എന്‍സിഇആര്‍ടി പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയിരുന്നു.
