വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; ഒരു വീട് തകര്‍ത്തു.

Spread the love

ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയില്‍ കൊമ്പന്‍ ഒരു വീട് തകര്‍ത്തു. കുട്ടായുടെ വീടാണ് കൊമ്പന്‍ ഇടിച്ചു തകര്‍ത്തത്. വീട്ടില്‍ ആള്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. വീടിന്റെ അടുക്കളയും വീടിനോട് ചേര്‍ന്ന ചായ്പ്പും കൊമ്പന്‍ തകര്‍ത്തു. കൊമ്പനൊപ്പം പിടിയും രണ്ടു കുട്ടിയാനകളും ഉണ്ടായിരുന്നു

അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സിപിഎമ്മിന്റ നേതൃത്വത്തില്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിലേക്ക് മാര്‍ച്ച് നടത്തി.

തുടര്‍ സമരങ്ങള്‍ തീരുമാനിക്കാന്‍ നാളെ മുതലമടയില്‍ സര്‍വകക്ഷിയോഗം ചേരുമെന്ന് എംഎല്‍എ കെ ബാബു പറഞ്ഞു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പതിനൊന്ന് കോളനികളിലായി രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. ആനയെ എത്തിക്കുന്ന ഒരുകൊമ്പന്‍ റേഞ്ചിനു അടുത്തുതന്നെയാണ് കുരിയാര്‍ കുറ്റി ആദിവാസി കോളനി.

പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് നെന്‍മാറ എംഎല്‍എ കെ ബാബു മുഖ്യമന്ത്രി, വനം മന്ത്രി, വനം വകുപ്പ് സെക്രട്ടറി, പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് കത്തു നല്‍കി. കോടതിയെ സമീപിയ്ക്കുന്നതും ആലോചിക്കുമെന്നും എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published.