അറുപതുലക്ഷം പേര്‍ക്ക് സര്‍ക്കാരിന്റെ വിഷു കൈനീട്ടം.

Spread the love

വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 1871 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളമുള്ള ആളുകള്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഏപ്രില്‍ മാസം പത്താം തീയതി മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഘട്ടത്തിലും വര്‍ഷാന്ത്യ ചെലവുകള്‍ക്കായി 22000 കോടി രൂപ മാര്‍ച്ച് മാസത്തില്‍ മാത്രം അനുവദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെന്‍ഷനും ക്ഷേമ പെന്‍ഷനുമുള്‍പ്പെടെ തുടങ്ങാന്‍ പോകുന്നു എന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തി കൊണ്ടാണ് ജനങ്ങളുടെ പിന്തുണയോടുകൂടി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തെ പലവിധത്തില്‍ ബുദ്ധിമുട്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ മികച്ച ധന മാനേജ്‌മെന്റിലൂടെയും തനത് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചും സംസ്ഥാനം അതിനെ നേരിടുകയാണ് എന്നും മന്ത്രി പറഞ്ഞു.

വര്‍ഷാന്ത്യ ചെലവുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനു തൊട്ടു പിന്നാലെയാണ് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ 60 ലക്ഷത്തോളം ജനങ്ങള്‍ക്ക് ഒന്നിച്ച് എത്തിക്കുന്നത്. ഇതുവഴി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് സര്‍ക്കാര്‍.

Leave a Reply

Your email address will not be published.