മധു വധക്കേസ്, പ്രതികളുടെ ശിക്ഷാ വിധി ഇന്ന്.

Spread the love

അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന് മണ്ണാർക്കാട് കോടതി വിധിച്ചിരുന്നു. 2 പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.

മനഃപൂർവമല്ലാത്ത നരഹത്യയും ആദിവാസി അതിക്രമവുമാണ് പ്രതികൾക്കെതിരേയുള്ള കുറ്റങ്ങൾ. മധുവിനെ മർദിച്ച സംഘത്തോടൊപ്പമുണ്ടായിരുന്ന നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൽ കരീമിനെയുമാണ് വെറുതെ വിട്ടത്. ഇവരാണ് പിന്നീട് തെളിവായി മാറിയ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. മധുവിനെ വാക്കാൽ അധിക്ഷേപിച്ച 16-ാം പ്രതി മുനീറിന് പിഴയും പരമാവധി മൂന്നു മാസം ശിക്ഷയും ലഭിയ്ക്കാവുന്ന കുറ്റങ്ങളാണ് കോടതിയിൽ തെളിയിക്കാനായത്.

മറ്റുള്ളവർക്കെല്ലാം മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ കോടതിയിൽ തെളിയിക്കാനായി. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രോസിക്യൂഷനും മധുവിന്റെ കുടുംബവും വ്യക്തമാക്കിയിരുന്നു. വിധിയിൽ സന്തോഷമുണ്ടെന്നും വെറുതെ വിട്ടവർക്കെതിരേ അപ്പീൽ നൽകുമെന്നും മധുവിന്റെ അമ്മ മല്ലി പറഞ്ഞു. പരിമിതികൾക്കകത്തു നിന്നും പരമാവധി കുറ്റങ്ങൾ കോടതിയിൽ തെളിയിക്കാനായെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു. 2018 ഫെബ്രുവരി 22-നാണ് മധു കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published.