
സവര്‍ക്കറിന് പിന്തുണ അറിയിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരഗാന്ധിയുടെയും നിരീക്ഷണങ്ങളില്‍ നിന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാക്കള്‍ പഠിക്കണമെന്നാണ് അനിലിന്റെ അഭിപ്രായം.
ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒരു ആര്‍ട്ടിക്കിള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ട്വിറ്ററിലൂടെ സവര്‍ക്കറെ പിന്തുണച്ചത്.
‘സ്വാതന്ത്ര്യ സമര സേനാനിയായ സവര്‍ക്കറെ തീവ്രമായി അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ഫിറോസ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും പോലുള്ളവരുടെ നിരീക്ഷണങ്ങളില്‍ നിന്ന് പഠിക്കണം. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ കയ്പേറിയ പല അഭിപ്രായങ്ങളും ഒഴിവാക്കാമായിരുന്നു. ദേശീയവും പൊതുതാല്‍പ്പര്യവുമുള്ള പ്രസക്തമായ വിഷയങ്ങളില്‍ രാഷ്ട്രീയ വ്യവഹാരങ്ങള്‍ നടത്താമായിരുന്നു.’- അനില്‍ ആന്റണി കുറിച്ചു.

