ആകെയുള്ള 13 സെന്റ് വസ്തുവിൽ 10 സെന്റ് മൂന്നു കുടുംബങ്ങൾക്ക് വീട് വെക്കാൻ സൗജന്യമായി വിട്ടുനൽകിയ സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറി പാവുമ്പ പൊയ്കത്തറയിൽ (പ്രൈസ് വില്ലയിൽ) ബിനോയിക്ക് (45) നാടിന്റെ നാനാതുറകളിൽനിന്ന് അഭിനന്ദന പ്രവാഹം .
ബിനോയിയുടെ നന്മ മനസ്സിനെ കുറിച്ച് ഞായറാഴ്ച ദേശാഭിമാനിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ബിനോയ് പഠിച്ച പാവുമ്പ എച്ച് എസിലെ 93 ബാച്ചിലെ പഴയ സഹപാഠികൾ അഭിനന്ദനം അറിയിക്കാൻ വിളിച്ചത് അപ്രതീക്ഷിതമായി. വൈകാതെ ഒത്തുചേരുന്ന പഴയ സൗഹൃദക്കൂട്ടം ബിനോയിയെയും കുടുംബത്തെയും അനുമോദിക്കാൻ ഒരുങ്ങുകയാണ്.
മണപ്പള്ളി സെന്റ് മേരീസ് ഇടവക വികാരിയും അംഗങ്ങളും വിവിധ പാർടി പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും നാട്ടുകാരും അടക്കം നിരവധി പേരാണ് ബിനോയിയുടെയും കുടുംബത്തിന്റെയും നന്മ മനസ്സിനെ അഭിനന്ദിച്ചത്. നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെയും അഭിനന്ദനമറിയിച്ചു .
പാവുമ്പ ലോക്കലിലെ മനപ്പള്ളി തെക്ക് ബ്രാഞ്ച് സെക്രട്ടറിയായ ബിനോയ് നാടിന്റെ ആവശ്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. ഇതിനിടെ പഞ്ചായത്ത് അംഗം ശ്രീകുമാർ വാർഡിലെ ഒരു നിർധന കുടുംബത്തിന് വീട്‌വയ്‌ക്കാൻ സ്ഥലം ഇല്ലാതെ ബുദ്ധിമുട്ടുന്നത് ബിനോയിയുമായി സംസാരിച്ചു. ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ധനംസമാഹരിച്ച് ഇവർക്ക് വസ്തുവാങ്ങി നൽകാനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാൽ, ഇവർക്ക് സ്വന്തം വസ്തു വിട്ടുനൽകാൻ ബിനോയി തയ്യാറാകുകയായിരുന്നു .
പാവുമ്പ മണപ്പള്ളി ജങ്‌ഷന് സമീപത്താണ് ബിനോയിയും കുടുംബവും താമസിക്കുന്ന വസ്തുവും വീടും നിലനിൽക്കുന്നത്. ടൂവീലർ വർക്‌ഷോപ്പ് നടത്തി മിച്ചം പിടിച്ച തുകകൊണ്ട് 2002ൽ ബിനോയി ഈ വസ്തു വാങ്ങിയത്. വസ്തു നൽകുന്നതിനെ കുറിച്ച് കുടുംബാംഗങ്ങളോട് ആലോചിച്ചപ്പോൾ എല്ലാവരും പൂർണ പിന്തുണ നൽകി. ബുധനാഴ്ച ഓച്ചിറ സബ് രജിസ്‌ട്രാർ ഓഫീസിൽ ആധാരം രജിസ്റ്റർചെയ്യും .
