നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു: കെ സുധാകരന്‍.

Spread the love

നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍. നോട്ടിസിന്റെ കാര്യങ്ങൾ സംസാരിച്ചുവെന്നും കത്ത് നൽകിയത് നല്ല ഉദ്ദേശത്തോടെയാണെന്നും കെ സി വേണുഗോപാലിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സുധാകരന്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസമുള്ള എല്ലാവരുമായി ചർച്ച നടത്തുമെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി. നേതാക്കള്‍ തമ്മില്‍ ചര്‍ച്ചക്കിടയിലും വാക്പോരുണ്ടായതായാണ് വിവരം.

സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി കനക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലുമായി ഹൈക്കമാൻഡ് രംഗത്തെത്തിയത്. ഹൈക്കമാൻഡ് നിർദേശപ്രകാരം കെ. സുധാകരനെയും എംപിമാരെയും കെ.സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചു. നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ എം.കെ രാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നല്‍കിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. മുരളീധരനെയും എം.കെ രാഘവനെയും പിന്തുണയ്ക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചതോടെ പ്രതിസന്ധി കനത്തു.

ക‍ഴിഞ്ഞ ദിവസം എംപിമാരുടെ ഏഴംഗ സംഘം കെ സി വേണുഗോപാലിനെ കണ്ട് കെ സുധാകരനെതിരെ പരാതി അറിയിച്ചിരുന്നു. അതേസമയം, താൻ ഇന്നലെ പറഞ്ഞതിൽ നിന്ന് മാറ്റമില്ലെന്നും ചർച്ചകൾ നടക്കട്ടെ എന്നും മുരളീധരൻ പറഞ്ഞു. എല്ലാം പാർട്ടിക്ക് വിട്ടുകൊടുക്കുന്നു എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.