കൊച്ചിയിൽ ട്രാവല്‍സ് ജീവനക്കാരിയുടെ കഴുത്തറുത്ത സംഭവം; ആസൂത്രിതമെന്ന് പൊലീസ്

Spread the love

കൊച്ചിയിലെ ട്രാവൽ ഏജൻസിയിലെ ജീവനക്കാരിയായ യുവതിക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് പൊലീസ്. റേയ്സ് ട്രാവൽസ് ബ്യൂറോയിലേക്ക് പ്രതി ജോളി ജെയിംസ് എത്തിയത് സ്ഥാപന ഉടമയെ ആക്രമിക്കാനായിരുന്നുവെന്ന് പ്രതി പൊലീസിന് നൽകിയ മൊഴിയിലുള്ളത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൊടുപുഴ സ്വദേശി സൂര്യ ഇത് വരെ അപകടനില തരണം ചെയ്തിട്ടില്ല.

കൊച്ചി രവിപുരത്തെ റേയ്സ് ട്രാവൽ ബ്യൂറോയിലെ ജീവനക്കാരിക്ക് നേരെ ഇന്നലെ ഉച്ചയ്ക്കാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ അറസ്റ്റിലായ പള്ളുരുത്തി സ്വദേശി ജോളി ജെയിംസിനെ ചോദ്യം ചെയ്തപ്പോഴാണ് അക്രമം നടത്താൻ മുൻകൂട്ടി തീരുമാനിച്ചു തന്നെയാണ് എത്തിയതെന്ന് പൊലീസ് പറയുന്നു.സ്ഥാപന ഉടമയെ ആക്രമിക്കാനാണ് ലക്ഷ്യം വച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് . കൊച്ചിയിൽ പ്രവർത്തിക്കുന്ന എല്ലാ ട്രാവൽ ഏജൻസികളെ കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിസിപി എസ് ശശിധരൻ പറഞ്ഞു.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂര്യയുടെ ആരോഗ്യനിലയെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. പ്രതി ജോളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published.