ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

Spread the love

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പിന്റെ വ്യാപ്തി 207 കോടി കടന്നു. 1300ഓളം നിക്ഷേപകരെയാണ് ഇതിനകം തിരിച്ചറിഞ്ഞത്. സംഘം പ്രസിഡന്റ് എ.ആര്‍ ഗോപിനാഥനും തിരുവനന്തപുരത്തുള്ളത് കോടികളുടെ സമ്പാദ്യം. ഗോപിനാഥന്‍, സീനിയര്‍ ക്ലര്‍ക്ക് എ.ആര്‍ രാജീവ് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി സഹകരണ വകുപ്പ് ആരംഭിച്ചു.

ഇതിനകം സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 1300ഓളം നിക്ഷേപകരുടെ 207 കോടി രൂപയുടെ തട്ടിപ്പ് ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘത്തില്‍ നടന്നതായി കണ്ടെത്തി. തട്ടിപ്പില്‍ വഞ്ചിയൂര്‍ പൊലീസ് ആരംഭിച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംഘത്തിലെ സീനിയര്‍ ക്ലര്‍ക്കായ എ.ആര്‍ രാജീവിന്റെ തിരുവനന്തപുരം നഗരത്തിലെ കോടികളുടെ സമ്പാദ്യം സംബന്ധിച്ച് കൈരളി ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. സംഘം പ്രസിഡന്റ് എ.ആര്‍ ഗോപിനാഥനും ഇതേ പാതയില്‍ തന്നെയായിരുന്നു സഞ്ചാരം.

ഗോപിനാഥന് തിരുവനന്തപുരത്ത് മാത്രം സ്വന്തം പേരിലും ഭാര്യയുടെയും മകളുടെയും സഹോദരന്റെയും പേരിലായി ഉള്ളത് 60 ഓളം കെട്ടിടങ്ങളാണ്. കടകളും വീടും ഇതില്‍ ഉള്‍പ്പെടും. തലസ്ഥാനത്ത് മാത്രമല്ല ഈ അനധികൃത സ്വത്ത് സമ്പാദനം എന്നതാണ് വിവരം. നിലവില്‍ എ.ആര്‍ ഗോപിനാഥന്റെയും എ.ആര്‍ രാജീവിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി സഹകരണ വകുപ്പും ആരംഭിച്ചു.

Leave a Reply

Your email address will not be published.